Monday 1 July 2013

യാത്രാമൊഴി

കെട്ടുപൊട്ടിപ്പറക്കും ഓർമ്മതൻ
നൂലുകൾ വഴിപിരിയും വിഹായസ്സിൽ
ഉച്ചമാം സന്ധ്യയുടെ മടിത്തട്ടിൽ
നീണ്ടു നിവർന്നു കിടന്നു ജീവൻ
കേഴു
ന്ന  തിങ്കളും ആത്മശാന്തിക്കായി
വെമ്പു
ന്ന  ആത്മാവും നിന്നൂ ധ്രുവങ്ങളിൽ
ചൂണ്ടുപലകയായി മാറുവാൻ കാലമൊരു
നെയ്ത്തിരി ചിരാത് പണിതുവെച്ചു
ഇതുവഴി ഓടുകെന്നാർത്തു വിളിച്ചു -
കൊണ്ടൊരു പറ്റമാളുകൾ കാത്തുനിന്നു
പലവഴിയില്ലാത്ത യാത്രതന്നാരംഭം
ആർപ്പുവിളികളിൽ അലിഞ്ഞുപോയി
ഊർദ്ധശ്വാസം തളം കെട്ടിനിൽക്കുന്ന
അറയുടെ പൂമുഖത്തൊരു നീളൻ വാഴ -
യില തെക്കുനോക്കിയെന്തോ പിറുപിറുത്തു
വഴിത്താരയിൽ  പൂത്തുപടർന്നൊരു
പിച്ചകം വെട്ടിയൊതുക്കി നിർത്തി
മാമ്പഴതേൻമണം പൂവിട്ടകൊമ്പുകൾ
വന്നു പതിച്ചതൊരിളം മനസ്സിൽ
ഇടവിട്ടു പൊഴിയുന്ന മഴയുടെ
ആരവം ദായനും ബായനും പോലെനിന്നു
ഇതിനിടെയാരോ പറഞ്ഞുവത്രേ
നേരമായി നേരമായി എടുക്കവേഗം
തെക്കെതൊടിയിലെ രാമച്ചമെത്തയിൽ
പന്തം പടർത്തി യാത്രചൊല്ലാൻ
ഒരുകൂട്ടമാളുകൾ അക്ഷമരായി കാത്തുനിന്നു
അവരുടെ കൈകളിൽ ഇനിയുള്ള
യാത്രയുടെ രേഖകൾ തെളിഞ്ഞുനിന്നു
അവർ അകന്നുനിന്നു, യാത്രചൊല്ലിനിന്നു ..

10 comments:

  1. നന്നായി പറഞ്ഞു ഒരു യാത്ര വിവരണം അതൊരു അന്ത്യയാത്ര ആയിപോയതിൽ മാത്രമേ വിഷമം തോന്നിയുള്ളൂ

    ReplyDelete
    Replies
    1. അതല്ലേ ഒരേയൊരു യാത്ര ..

      Delete
  2. ഊഴമിട്ടോരോരുത്തരും....

    ReplyDelete
    Replies
    1. അതെ ....എല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്നു ..

      Delete
  3. എല്ലാവർക്കുമൊരോർമ്മപ്പെടുത്തൽ കൂടിയായി ഈ കവിത. സന്ദർഭത്തിന്റെ, അന്തരീക്ഷം കവിതയിൽ അനുഭവവേദ്യമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.

    അഭിനന്ദനങ്ങൾ..

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നിരീക്ഷണത്തിനും അഭിപ്രായത്തിനും നന്ദി ..

      Delete
  4. ഒരു സന്ദര്‍ഭം കവിതയില്‍ അനുഭവിപ്പിക്കാനാവുന്നത് കവിയുടെ മിടുക്കു തന്നെ.....

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..

      Delete