Sunday 30 December 2012

മരണം



ഇരുതീരങ്ങളും  അണയും  മുന്‍പ് 
ഒരു നേര്‍ രേഖയായി നിഴലായി 
കനിവിന്‍ നിറകുടമായി  ശാന്തി 
പകരുവാന്‍  വാളേന്തി നിന്നൂ.
സന്ധ്യയില്‍  പകലിന്‍റെ  ഗന്ധത്തി-
നായി  അലഞ്ഞു  മടുത്തപോള്‍ 
സ്മരണകള്‍  കുരിശില്‍  തറഞ്ഞു.
യാമങ്ങള്‍  കുതിരകളായി  പാഞ്ഞടുത്തു.
 നൂല്‍പൊട്ടിയ  പട്ടം ആകാന്‍  മോഹിച്ചവന്‍ 
ചര്‍ക്കയായി   മാറിയ കഥയോര്‍ത്തു .
നൊമ്പരങ്ങള്‍ വളമാക്കി  മാറ്റിയ 
വടവൃക്ഷം  കടപുഴകി  വീഴാന്‍ 
കാരണമൊന്നു മാത്രം മരണം !

Friday 28 December 2012

പുലരി വിദൂരമല്ല..

ഒരുനാള്‍ നീ വരും 
നിദാന്തമാം ധന്യത നിറവേറ്റാന്‍ 
തയ്യാറെഴും നാമപ്പോള്‍ 
വെഞ്ചാമരങ്ങള്‍ കൊഴുപ്പേകും 
ദൃശ്യമനോഹാരിത തീര്‍ക്കും നീ 
മിഴിനീരൊപ്പാന്‍ കൈലേസു നല്‍കിടും 
ആ രാവിന്‍ തിരശീലകള്‍ തിരയാന്‍ 
കാറ്റെത്തിടും പുതുനിലാവിന്‍ തേരേറി ..
പുതുമഴയാല്‍ നനഞ്ഞ ചെങ്കല്‍പാതകള്‍ 
തേര്‍ചക്രങ്ങള്‍ കുതിര്‍ത്തിടും 
സഹസ്രദളപത്മം വിരിഞ്ഞിടും 
പുലരി വിദൂരമല്ല ..

Thursday 20 December 2012

ആവധൂതന്‍

അര്‍ത്ഥവത്തായ സഞ്ചാരി 
അലച്ചിലാണവന്‍റെ  ദൗത്യം 
കണ്ണുകളില്‍ കരിമ്പടമില്ല 
മൗനമാണ് മൊഴികള്‍ 
കാന്തദ്രിഷ്ടിയൊഴികെ  
സര്‍വം പരിചിതം 
ശ്വാസമാണ്  സമ്പത്ത് 
അറിവ് സൗന്ദര്യവും 

സൗഹൃദം

ഒരിക്കലും കൊതിച്ചിട്ടില്ല 
പുഴപോലെ ഒഴുകിയോ,
കിളിപോലെ പറന്നോ ,
വന്ന സ്വപ്‌നങ്ങള്‍.
അതിനാല്‍.
വേനലില്‍ വറ്റിയതായും 
ക്ഷാമത്തില്‍ പറന്നകന്നതായും 
തോന്നുന്നു .

Wednesday 19 December 2012

വിദ്യാഭ്യാസത്തില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യം

ഞാന്‍ ഒരു പുസ്തകം വായിക്കാന്‍ കൊതിച്ചു. എന്നാല്‍ നാളെ പരീക്ഷയാണ്.ഈ പുസ്തകം സിലബസ്സില്‍ ഇല്ല എന്ത് ചെയ്യും. എന്നെ എല്ലാവരും ബന്ധനസ്ഥനാക്കുന്നു. എനിക്ക് ഒരു പുസ്തകം വായിക്കാനുള്ള സ്വാതന്ത്ര്യം തത്വത്തില്‍ ഇല്ല . ഇഷ്ടമില്ലാത്തവ അടിച്ചേല്‍പ്പിക്കപ്പെടുന്നു. വീട്ടുകാരും നാട്ടുകാരും സര്‍വകലാശാലയും ചേര്‍ന്ന്‍ നാട്ടുനടപ്പുകള്‍ ചിട്ടപ്പെടുത്തി. ആരും എന്നോട് അഭിപ്രായം ചോദിച്ചില്ല. ബില്ല് നിയമമായപ്പോള്‍ അനുസരിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ വിലങ്ങുകള്‍ കൈകളില്‍ ആഭരണമാകും. വോട്ടവകാശം എന്നൊന്ന് എനിക്ക് കല്പിച്ചു നല്‍കിയിരിക്കുന്നു. അതിലും എനിക്ക് റോളില്ല എന്‍റെ  കണ്ണില്‍ മണ്ണുവാരിനിറച്ച് എന്നെ വോട്ടുചെയ്യിക്കുന്നു. ആര്‍ക്കെങ്കിലും സമ്മതിദാനം നല്‌കിയെതീരു അല്ലെങ്കില്‍ ഞാന്‍ ഒരു നിഷ്ക്രിയ പൌരനായി മാറിപ്പോകും. അത് മാനക്കേടാണ് എനിക്ക് മാത്രമല്ല ഈ ജനാധിപത്യ രാജ്യത്തിനൊട്ടകെ. അങ്ങനെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ വോട്ടു ചെയ്യിക്കുന്നു.

ഒരാള്‍ ഒരു തെങ്ങില്‍ കയറി വീട്ടുകാര്‍  നോക്കി നില്‍ക്കെ അതിന്‍റെ മുകളില്‍ തൂങ്ങിമരിച്ചു. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്തത്? എന്തിനാണ് ഈ ഒറ്റത്തടി വൃക്ഷം തന്നെ തിരഞ്ഞെടുത്തു? ബുദ്ധിജീവികള്‍ ഒന്നാകെ പറഞ്ഞു അയാള്‍ വിപ്ലവം അല്ലെ നടത്തിയത്. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ശൈലിയില്‍ നിന്നും അയാള്‍ വ്യതിചലിച്ചു.അങ്ങനെ അയാള്‍ ഒരു സഖാവ് ആയി. എന്നാല്‍ യാഥാസ്ഥിതികര്‍ക്ക് ഇതൊരു പൊറുക്കാനാവാത്ത തെറ്റ്. എന്തായാലും താഴെ നിന്ന് മുകളിലേക്ക് നോക്കി ആക്രോശിക്കാനേ ഇരു കൂട്ടര്‍ക്കും കഴിഞ്ഞുള്ളൂ.അയാള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അനിര്‍വചനീയമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തികഴിഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത എന്നെ ഇരുത്തി ചിന്തിപ്പിച്ചു. എന്തിനു ഞാന്‍ സര്‍വകലാശാലയുടെ താളത്തിനൊത്ത് തുള്ളണം. നിക്ഷിപ്തതാല്പര്യം സംരക്ഷിക്കാന്‍  ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങളും അരാജകവാദികളും വട്ടത്തിലിരുന്നു ചിട്ടപ്പെടുത്തിയ സിലബസിന് എന്ത് വില? അവരുടെ ഔദാര്യമായ സര്‍ട്ടിഫിക്കറ്റിന്‍റെ വിലയും അത്രത്തോളം മാത്രം. അറിവ് നേടുന്നതിന് സിലബസ് എന്തിന്? പഞ്ചേന്ദ്രിയങ്ങള്‍ പ്രകൃതി നല്‍കിയിരിക്കുന്നത് സിലബസ് അനുസരിച്ച് അറിവ് നേടാനാണോ. ഏത് സിലബസാണ്‌ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് കരയാന്‍ പഠിപ്പിച്ചത്.
അവ എന്‍റെ  ചിരിയിലും കരച്ചിലിലും മായം ചേര്‍ക്കുക മാത്രമല്ലെ ചെയ്തുള്ളൂ. അവയുടെ താളത്തിനൊത്ത് കണ്ണീരും പുഞ്ചിരിയും പൊഴിക്കുന്ന ഒരു യന്ത്രമാക്കി മാറ്റി. 

ഓരോ പ്രവര്‍ത്തിയും മൂല്യനിര്‍ണയത്തിന് വിധേയമാകുന്നു. ഒരിക്കല്‍ ചെയ്ത തെറ്റ് നെറ്റിയില്‍ പച്ചകുത്തുന്നു. ആയിരം നന്മകളെ വെള്ളത്തില്‍ വരയ്ക്കുന്നു ഭാഷ കണ്ടെത്തിയത് തന്നെ പരദൂഷണം പറയാനാണെന്ന് ആരോ പറഞ്ഞത് എത്ര സത്യമാണ്. സ്വാര്‍ഥത പാരമ്പര്യമായി കൈമാറി വരുന്നു. ഈ സ്വാര്‍ഥത മാത്രമാണ് ഇന്ന് വിദ്യാഭ്യാസം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ധനസമ്പാദനം മാത്രമാണ് ഇന്ന് വിദ്യാഭ്യസത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. നഴ്സറി മുതല്‍ ഇന്‍റര്‍വ്യൂവിനുള്ള പരിശീലനം നല്‍കുന്ന വിദ്യാഭ്യാസം ഉദ്യോഗം എന്നതിനല്ലാതെ മറ്റൊന്നിനും പ്രാധാന്യം നല്‍കുന്നില്ല. 

സ്വതന്ത്രചിന്ത എന്നാല്‍ എന്തെന്ന് ഇന്ന് നമുക്കറിയില്ല. അതിനാല്‍ ആശയങ്ങള്‍ കാണാതെപഠിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യം നമുക്ക് അന്യമായി. സര്‍ഗാത്മക മുന്നേറ്റം എന്നത് മന്ദഗതിയില്‍ നടക്കുന്ന ഒന്നായി മാറി ചില മേഖലകളില്‍ നിലച്ചു എന്ന് തന്നെ  പറയേണ്ടിയിരിക്കുന്നു.വൈദേശിക ആശയങ്ങള്‍ പഠിക്കുവാന്‍ നാം സമര്‍ത്ഥരാണ് എന്നാല്‍ എന്തുകൊണ്ട് നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ ആശയങ്ങള്‍ രൂപികരിക്കാന്‍. കഴിയുന്നില്ല? അല്ലെങ്കില്‍ നാം തുടര്‍ന്നുപോകുന്ന ചിന്താപദ്ധതികള്‍ക്ക് കാലഘട്ടത്തിന്‌ ആവശ്യമായ ദിശാബോധം നല്‍കാന്‍ സാധിക്കുന്നില്ല? ജപ്പാന്‍റെ  മുന്നേറ്റവും മയ്ജി യുഗവും പാരമ്പര്യത്തിന്‍റെ  ഒഴുക്കിന് തടയിടാതെ അതിലേക്ക് കൂടുതല്‍ സംഭാവനകള്‍ ലയിപ്പിച്ചാണ് സാധ്യമായത് എന്നത് ചിന്തനീയമാണ്. ആശയങ്ങള്‍ക്ക് അടിമപ്പെടുന്നു എന്നതാണ് നമ്മുടെ പ്രധാന പ്രശ്നം. നാം തോല്പ്പവകള്‍ പോലെ ആടുവാന്‍ മാത്രം പ്രാപ്തരാണ് എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ട സ്ഥിതി വരുന്നു. ഈ അടിമത്തം തന്നെയാണ് വിദ്യാഭ്യാസ രംഗത്തും കാണുന്നത്. കൊളോണിയല്‍ കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിമത്തത്തിന്‍റെ ഗന്ധമുണ്ട് .ആ ദുര്‍ഗന്ധം ഇപ്പോഴും കഴുകികളഞ്ഞിട്ടില്ല.അധികൃതരായി ചമയുന്നവര്‍ ആ പഴഞ്ചന്‍ സമ്പ്രദായത്തെ ആശ്രയിക്കുന്നത്ര  കാലം അടിമത്തത്തിന്‍റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ദുര്‍ഗന്ധം  വമിച്ചു കൊണ്ടേയിരിക്കും .

Monday 17 December 2012

മൂന്ന് അവസ്ഥകള്‍

                     ഒന്ന് 

ഒരു തുള്ളി വെള്ളത്തിലുള്ള ലോകം
ചുറ്റിവരുവാനൊരു റെയില്‍ വണ്ടി
അതിലൊരു സീറ്റിലിരുന്നു ഞാന്‍
ഒരു കവിത കുറിച്ചു 
  
                     രണ്ട് 

വിദൂരതയുടെ അകത്തളങ്ങള്‍
മനസ്സിന്‍റെ  വിളനിലങ്ങള്‍
നിമിഷങ്ങള്‍ ഉഴവുചാല്‍
സമൂഹം കതിരുകള്‍
ഞാനൊരു ചുമടുതാങ്ങി

                      മൂന്ന് 


ഒരു ഘടികാര സൂചിമേല്‍ തൂങ്ങി
മര്‍ത്യന്‍ പരിവാരമേതുമില്ലാതെ  നിത്യം
മരണച്ചുഴിയുടെ ചുറ്റും വലംവെച്ചു
ഓരോ നിമിഷവും പങ്കിട്ടുനല്‍കി
സ്വാര്‍ത്ഥതകള്‍ എന്നും അന്യര്‍ക്കായി

Monday 3 December 2012

പ്രകാശം എന്‍റെ വിരുന്നുകാരി


മലര്‍വാടിയിലൊരു  കാലം നിശയുടെ ഗാനം
കരളലിയും  കാതുകളിലവയുടെ നാദം
ഒഴുകിവരും പുഴപോലൊരു തരളിത ഗന്ധം
അവ നല്‍കും ഗാനമതിലൊരോമന രൂപം
തിരിതെളിയും നിശയതില്‍ ചെറിയൊരു പൊട്ടായി
അതുപകരും മനതാരില്‍ ഒരു മധുമാരി 
അതുവളര്‍ന്നു പന്തലിച്ചു മനമതു നിറയെ 
കിളിപാടും പാട്ടുകളത് പിന്നണിയായി 
മാനപേടകള്‍ നൃത്തമാടി കുറുനിരതന്നില്‍ 
ആ പൊന്‍ തിരിനാളമതു  മാത്രമെന്‍ 
പാതയതില്‍ പുഷ്പവിരികള്‍ പാകിമറഞ്ഞു 
ശബ്ദ ഗന്ധ നിറ സമ്മേളിത ദീപം 
മഴവില്ലിന്‍ ഉടയാടയിലസൂയ നിറയ്ക്കും 
ശോഭയെഴും വര്‍ണമുള്ള ദിവ്യ പ്രകാശം 
വരിവരിയായി നൃത്തമാടി നീങ്ങി മറഞ്ഞു 
കാലങ്ങള്‍ തോല്‍ക്കുന്ന ഭാവചിത്രമായി 
അവളെന്നും എനിക്കൊരു അതിഥി മാത്രമോ!
ഇന്നലെയും ഇന്നും അങ്ങനെ തന്നെ 
നാളെയൊരു ഭദ്രദീപ പ്രതിഷ്ടയാകണം....