Tuesday 7 October 2014

മന്ത്രവാദം

മന്ത്രവാദത്തിന്റെ ചായക്കൂട്ടുകൾ എത്ര മനോഹരമാണ്. വീരാളിപ്പട്ടും കടുത്ത നിറങ്ങളും ദീപ പ്രകാശവും ത്രിസന്ധ്യയുടെ നിശബ്ദതയും അഥർവ്വത്തിന്റെ മാറ്റൊലിയും ആഹാ..മന്ത്രവാദത്തെ കാടടച്ച് വെടിവെക്കുന്ന വേട്ടക്കാരെ എനിക്ക് ഭ്രാന്താണോ എന്ന് നിങ്ങൾ സംശയിക്കും തീർച്ച...ആണോ ..അല്ലെന്നാണ് എനിക്ക് തോന്നുന്നത്..നിങ്ങൾക്ക് സംശയിക്കാനുള്ള ജനാധിപത്യ അവകാശം  നിഷേധിക്കുന്നില്ല..പണത്തിനുവേണ്ടി വേഷം കെട്ടിയാടുന്ന ന്യൂജനറേഷൻ മന്ത്രവാദികളെ വേട്ടയാടാൻ ഞാനും കൂടാം . അതിനുമുമ്പ് മന്ത്രവാദം വൈദിക ധർമ്മത്തിൽ എന്തിന് ഉപയോഗിച്ചു എന്ന് മനസിലാക്കുക. മാനസിക രോഗ ചികിത്സയുടെയും അല്ലാത്ത ചികിത്സയുടെയും ഭാഗമായി മന്ത്രവാദം ഉപയോഗിച്ചു. ജീവ ഹോർമോണുകളെ  ഉത്തേജിപ്പിക്കാൻ ചുറ്റുപാടിന്റെ ക്രമീകരണം കൊണ്ട് സാധ്യമാകും എന്ന്ആധുനിക  ശാസ്ത്രലോകം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മാരക രോഗങ്ങൾ മനസ്സിനെ തളർത്തിയ രോഗിയിൽ പ്രത്യാശയുടെ കിരണങ്ങൾ നൽകാൻ സാധിച്ചാൽ രോഗാവസ്ഥയിൽ നിന്നും പൂർവ്വാവസ്ഥയിലേക്ക് ആ വ്യക്തിയെ എത്തിക്കുന്ന പ്രക്രിയ അതായത് ചികിത്സയെ ത്വരിതപ്പെടുത്തും ..മിറക്കിൾ എന്ന് ഓമനപ്പേരിട്ട് വൈദ്യലോകം വിളിച്ചിട്ടുള്ള മിക്കവാറും ചികിത്സാപുരോഗതികൾ രോഗിയിലുള്ള ആത്മബലത്തിന്റെ ചോദനയാൽ സാധ്യമായവയാണ്..ഭാരതത്തിൽ മന്ത്രവാദത്തിനു  അതിന്റെ ദൃഷ്ടാക്കൾ കൽപ്പിച്ചു നൽകിയ ലക്ഷ്യം ഈ ആത്മബലത്തെ ദൃഡമാക്കുക എന്നതാണ്.മൃത്യുംജയ മന്ത്രം മുതലയാവ പ്രധാനം  ചെയ്യുന്ന മാനസ്സിക ഊർജ്ജം അവഗണിക്കാൻ കഴിയില്ല.. എന്നാൽ അജ്ഞതയും പണക്കൊതിയും ഏതു മേഖലയെയും നശിപ്പിക്കുന്ന പോലെ ഇതിനെയും നശിപ്പിച്ചു..നിർഭാഗ്യവശാൽ ഇന്ന് ഇത്തരത്തിലുള്ള ദുർമന്ത്രവാദം മാത്രമേ കാണാൻ കഴിയുന്നുള്ളൂ...എന്നാൽ പടിഞ്ഞാറൻ ലോകം മന്ത്രവാദത്തിന്റെ സാധ്യതകളെ ക്കുറിച്ച് ഗവേഷണം നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..Psychiatry and Logotherapy എന്ന ഗ്രന്ഥത്തിൽ മന്ത്രവാദം മാനസികരോഗ ചികിത്സയെ ഏതു വിധത്തിൽ സ്വാധീനിക്കുന്നു എന്ന്Viktor Frankl എന്ന പ്രശസ്ത മനോരോഗ വിദഗ്ദൻ   ശാസ്ത്രീയമായി വിശദീകരിക്കുന്നു ..നമ്മുടെ വളർച്ച മുരടിച്ച് പല ശാസ്ത്രശാഖയും പോലെ ഇതും പടിഞ്ഞാറൻ ലോകം ഏറ്റെടുത്ത് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ....

Saturday 9 August 2014

യാത്ര

ആ യാത്രയുടെ അന്ത്യം യാദൃശ്ചികം 
പാതയും സഞ്ചാരിയും ഇഴപിരിയാതെ 
പണിതീരാത്ത ആ വീട്ടിലേക്കുള്ള യാത്ര 
മനോമുകുളങ്ങളിൽ വിരിഞ്ഞ 
കേവല സ്വപ്നം മാത്രമായിരുന്നില്ല
അവരുടെ വഴിവിളക്ക്,നിശയും
പകലും നിദ്രയും ആലസ്യവും
ഒന്നും ആ യാത്രയുടെ
ഉപോത്പന്നങ്ങളായിരുന്നില്ല  ...
ആരുടേയും ജൽപനങ്ങളല്ല ,ഇച്ഛാശക്തി 
അതായിരുന്നില്ലേ അവരെ നയിച്ചത് ?
എന്നാൽ യാത്രതന്നന്ത്യത്തിൽ 
ഒന്നും ഇഴപിരിയുന്നില്ല... 
ആലസ്യവും ഇച്ഛാശക്തിയും വാരിപ്പുണരുന്നു 
പിന്നെ ഒന്നായി ഒഴുകുന്നു .......

Saturday 2 August 2014

മധുമുരളീരവം

വിദൂരനൊമ്പര നിഴല്‍ക്കൂത്തില്‍
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ 
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ 
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി 
കഥയേതിനുമൊത്ത കഥാപാത്രമായി 
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും 
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു 
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല 
പരിധികൾ തീർത്തകോട്ടയിൽ  വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി 
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും 
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......

  

Saturday 5 July 2014

മായാമാനസ്സം

ഇതളടർന്നെഴുതിയ പ്രണയകഥ മഴയുടെ
മണിമഞ്ചലേറി വിഹയസ്സ് പുൽകി
ഉമിത്തീയിൽ നീറുന്ന വരളിയിൽ നിന്നും
ചുടുഭസ്മമുയരുന്ന സന്ധ്യയുടെ മാറിൽ
തലചായ്ച്ചുറങ്ങുന്ന നൊമ്പരഹൃത്തിൽ
പലകുറികേട്ടു തഴമ്പിച്ച പാണൻപാട്ടിലെ
വിരഹാർദ്രവീരകഥ തഴുകുവാനെത്തി
മുട്ടിവിളിപ്പിലും താഴിട്ടുപൂട്ടിയ വാതിൽ
പ്പടിയിലെ കോലായിലിന്നേകനായി നിന്നു
ആരാലുമറിയാതെയെഴുതുന്ന കഥകളിൽ
വീരനായി വാഴുന്ന നായകമാനസ്സം
തുടലൂരിയോടുന്ന ചിത്തഭ്രമത്തിന്റെ
സ്വാതന്ത്ര്യചിന്തയുടെ പാരമ്യമെത്തി
ലഹരിയിൽ മയങ്ങുന്ന യൗവ്വനമെന്നും
അരുണോദയത്തിന്റെ വിപരീതമത്രേ...

Monday 21 April 2014

ചിതലരിച്ച ഓർമ്മ ..


വിഷുത്തലേന്നു
പെയ്ത മഴയിൽ 
തച്ചുടച്ച കാഞ്ചനമാല
ചിതറിക്കിടന്ന 
കൊന്നച്ചുവട്ടിൽ
മന്ദഗതിയിൽ 
നിശ്വാസമുതിർത്തു
കുളിർമാരുതൻ.
മഴയെത്തും മുമ്പ് 
മന്ദഹസിക്കും 
ഇരുണ്ടപകലിൽ 
ഓടിയകലുന്ന 
കരിയിലകൾ, 
തലതല്ലിക്കരയുന്ന 
പുൽനാമ്പുകൾ,
വഴിയറിയാതകലുന്ന   
അപ്പൂപ്പൻതാടിയും 
ഓർമയുടെ മേടുകളിൽ 
അയവിറക്കി 
വിശ്രമിക്കും പൈക്കളും 
എല്ലാം ഒരു നിശ്ചല 
ചിത്രത്തിലെ
 ചായക്കൂട്ടുകൾ ....

Thursday 10 April 2014

നീ എവിടെ ?

ഒഴുകിയൊഴുകിയൊരിലയി-
ലൊഴുകി കനവിലൊരുനാൾ ഞാൻ
കരയിലെവിടോ കവിത ചൊല്ലും
കുയിലിനെ തേടി .....
പുലരിമുതലൊരു തംബുരുവിൽ
രാഗമൊഴുകുമ്പോൾ, ഹൃദയമൊരു
വേദിതീർത്തതിൽ ചുവടുവെയ്ക്കുന്നു
ബാഷ്പമുത്തുകൾ കോർത്തു-
വെച്ചൊരു മാലയുണ്ട് കയ്യിൽ
കണ്ടുമുട്ടുകിൽ അലിഞ്ഞുപോ-
കുമൊരു മാലയുണ്ട് കയ്യിൽ ..........

Wednesday 1 January 2014

അനുഗ്രഹം

വിദൂര സഞ്ചാരികളായ പക്ഷികളുടെ
ചിറകിനെ തളർത്തുന്നത്
മാർഗ്ഗമധ്യേയുള്ള നിറക്കൂട്ടുകളാണ്
പൂവുകളിലെ തേൻകിനിയുന്ന ഗന്ധമാണ്
അരണിയിൽ കടഞ്ഞെടുക്കുന്ന അഗ്നിയാണ്
ഇവയെല്ലാം സൗന്ദര്യമാണ്
ആരുടേയും വഴിതടയാൻ ഇഷ്ടമില്ലാത്ത
എനിക്ക് വൈരൂപ്യം ഒരനുഗ്രഹമാണ്‌..