Monday, 21 April 2014

ചിതലരിച്ച ഓർമ്മ ..


വിഷുത്തലേന്നു
പെയ്ത മഴയിൽ 
തച്ചുടച്ച കാഞ്ചനമാല
ചിതറിക്കിടന്ന 
കൊന്നച്ചുവട്ടിൽ
മന്ദഗതിയിൽ 
നിശ്വാസമുതിർത്തു
കുളിർമാരുതൻ.
മഴയെത്തും മുമ്പ് 
മന്ദഹസിക്കും 
ഇരുണ്ടപകലിൽ 
ഓടിയകലുന്ന 
കരിയിലകൾ, 
തലതല്ലിക്കരയുന്ന 
പുൽനാമ്പുകൾ,
വഴിയറിയാതകലുന്ന   
അപ്പൂപ്പൻതാടിയും 
ഓർമയുടെ മേടുകളിൽ 
അയവിറക്കി 
വിശ്രമിക്കും പൈക്കളും 
എല്ലാം ഒരു നിശ്ചല 
ചിത്രത്തിലെ
 ചായക്കൂട്ടുകൾ ....

Thursday, 10 April 2014

നീ എവിടെ ?

ഒഴുകിയൊഴുകിയൊരിലയി-
ലൊഴുകി കനവിലൊരുനാൾ ഞാൻ
കരയിലെവിടോ കവിത ചൊല്ലും
കുയിലിനെ തേടി .....
പുലരിമുതലൊരു തംബുരുവിൽ
രാഗമൊഴുകുമ്പോൾ, ഹൃദയമൊരു
വേദിതീർത്തതിൽ ചുവടുവെയ്ക്കുന്നു
ബാഷ്പമുത്തുകൾ കോർത്തു-
വെച്ചൊരു മാലയുണ്ട് കയ്യിൽ
കണ്ടുമുട്ടുകിൽ അലിഞ്ഞുപോ-
കുമൊരു മാലയുണ്ട് കയ്യിൽ ..........