Friday 31 May 2013

കർമ്മയോഗി

യുഗാബ്ദങ്ങളുടെ തിരുശേഷിപ്പുകൾ 
തൃണതുല്യം അവഗണിച്ച് , പ്രശാന്തമായി 
തൻറെ ആലയിൽ പച്ചിരുമ്പ് തല്ലുന്നു 
കയ്യിലുള്ളതിനെ വിസ്മരിച്ച്
വരാനുള്ളതിനെ വിസ്മരിച്ച്
ഉത്തരായന ദക്ഷിണായനങ്ങൾ കാണാതെ 
കാലവർഷം മുത്തുമണികളെറിഞ്ഞിട്ടും
ഓളങ്ങൾ തല്ലാത്ത ശാന്തസമുദ്രമായും
സൂര്യൻ തൻറെ ആഗ്നെയാസ്ത്രങ്ങൾ 
നിഷ്ക്കരുണം എയ്തിട്ടും 
വിണ്ടുകീറാത്ത ഭൂതലമായും 
വേഷപ്പകർച്ചകൾ പലതായിട്ടും 
ഇനിയും വരാനുള്ള,
വാരിക്കുന്തങ്ങളും മലർമാരികളും
ഒന്നായി പുൽകാൻ മടിയില്ലാതെ 
ബന്ധുവായും ശത്രുവായും വരുന്നവർക്ക് 
അയാൾ പന്തിഭോജനം നടത്തുന്നു..






 (ചിത്രം ഗൂഗിളില്‍ നിന്ന്)






Tuesday 28 May 2013

സുന്ദരമീ മലനാട്


തേനൊലി ചിന്നും കിളിനാദം,
തുരുതുരെയൊഴുകും കാവുകളും 
പൂച്ചെടി തന്നുടെ ചുവടുകളിൽ 
ചിലങ്കകൾ കെട്ടും പവമാനൻ 
വേനലുവിതറിയ വറുതിയിലും 
ഉറവകൾ തീർക്കും മലനിരകൾ 
നിദ്രയൊഴിഞ്ഞീ രാവുകളിൽ 
രാഗമുതിർക്കും ചീവീടും 
എഴുതിരിയിട്ട വിളക്കുകളിൽ 
ദീപമുണർത്തും തരുണികളും 
സ്വർഗ്ഗത്തെക്കാൾ പ്രിയതരമീ 
കതിരുകൾ വിരിയും മലനാട് 
കരുതിയിരിക്കുക എപ്പോഴും 
കളങ്കമൊഴിച്ചതു കാത്തിടുവാൻ 
കൈകൾകോർത്ത് നമുക്കരുളാം 
ദീർഘയുസ്സിൻ മന്ത്രങ്ങൾ .......

Wednesday 15 May 2013

അതിഥികൾ

ചില നഷ്ടപ്പെടലുകൾ 
കൃത്യമായ ഇടവേളകളിൽ 
കണ്ണീർ തുള്ളിയായി 
മടങ്ങിയെത്തി
എന്റെ കവിളുകളിൽ 
ചിത്രമെഴുതി കടന്നുപോകുന്നു .
ഇനിയും വരണമെന്നോ 
വരരുതെന്നോ പറയാതെ 
ഞാൻ അവയെ യാത്രയാക്കുന്നു..








 (ചിത്രം ഗൂഗിളില്‍ നിന്ന്)

Saturday 4 May 2013

ചിരിക്കാത്ത ചിത്രം..

കാലം താഴിട്ടുപൂട്ടിയ 
പെട്ടിതന്നുള്ളിൽ 
വായു കിട്ടാതുറങ്ങും 
പൂവിതൾ ,
ലോകം പുകഴ്ത്തിയ 
പൊൻവിരൽ തുമ്പുകൾ 
തെളിനീരിൽ മുക്കി 
വരച്ചൊരു ചിത്രം 
ചുണ്ടു വിടർത്തി 
ചിരിച്ചില്ല പോലും..




  (ചിത്രം ഗൂഗിളില്‍ നിന്ന്)