Thursday, 31 October 2013

കൈതവന ദേവീസ്തുതി

കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുൽകുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി  ....
ശംഖ് ചക്ര ഹസ്തയായി അഭയ വരദഭാവമായി
പ്രക്കാനദേശമതിൽ അധിവസിക്കുമംബികേ
കരുണാർദ്ര തിരമാലകളലയടിക്കുമമ്മതൻ
തിരുനടയിലിന്നു ഞങ്ങൾ കാർത്തിക വിളക്കുകൾ
നെയ്ത്തിരിയുടെശോഭയിൽ നിരനിരയായി നൽകിടാം
ആനന്ദവർഷിണി സർവാർത്ഥദായിനി
സകലകലാ വല്ലഭേ സനാതനേ സമ്പൂർണ്ണേ
മഹിഷാസുരമർദ്ദിനി സകലലോക സംരക്ഷക
ശാന്തരൂപം കൈക്കൊണ്ട് അധിവസിച്ചു കൈതവനയിൽ
അഴലാഴിയിലുഴറിവലയും ഭക്തജനവൃന്ദത്തെ
കരവലയപത്മത്തിൽ കാത്തരുളും ഭഗവതി
അജ്ഞാനതിമിരത്താൽ ഞങ്ങൾ ചെയ്ത പാപങ്ങൾ
പുത്രവാത്സല്യ നദിയിൽ ഒഴുക്കി  ഞങ്ങളേവരെയും
മോക്ഷദീപ പന്ഥാവിൽ നേർവഴി നടത്തണേ
അഷ്ടദിക്കൊന്നൊഴിയാതവിടുത്തെ ചൈതന്യം
പകൽപോലെ  തെളിയേണം ശിഷ്ടജന നേത്രത്തിൽ
കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുല്കുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി ..




(പ്രക്കാനം കൈതവന ശ്രീദുർഗ്ഗാ ഭഗവതിയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന പ്രാർഥനാ പുഷ്പം)


Saturday, 19 October 2013

വിരഹം

പെയ്തൊഴിഞ്ഞകന്ന മഴയുടെ കുളിരിൽ 
അരികത്തണയുന്ന മൃദു മന്ദഹാസം 
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന് 
ഹൃദയക്കയത്തിൽ  ഇരയെത്തിരഞ്ഞ് 
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ 
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ 
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു 
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും 
കോതിയുണക്കുന്ന കേശസമൃദ്ധിയും 
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും 
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം 
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും 
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..




 (ചിത്രം ഗൂഗിളില്‍ നിന്ന്)

Tuesday, 1 October 2013

പുലർകാലം

പുലർവേളയിൽ പെയ്ത പുതുമഴത്തുള്ളി
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ   അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ  സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ  സമ്പൂർണ്ണ ചിത്രം..!!