Friday, 13 December 2013

നിറം മങ്ങിയ ജ്വാല ..

ഓർമ്മുടെ താളിലെ കാഴ്ചകളൊന്നും 
മറവിയുടെ ചിറകേറി അകലുകയില്ല 
എരിയാതെ നീറുന്ന കനലിൽ ,
കവിത നദിയായി ഒഴുകുന്നതറിയൂ 
നനവിന്റെ കുളിരിൽ വിറകൊണ്ട കവിളിൽ 
നന്മയുടെ ശോണിമ തിരിയിട്ടുണർത്തൂ
ആരാലുമറിയാതെ അലയുന്ന ചിന്തകൾ 
ചന്ദനഗന്ധിയാം വിപിനാന്തരങ്ങളിൽ 
വിശ്വാസദീപ്തിയിൽ വിശ്രമിച്ചിന്നലെ 
ആരവമില്ലാതെ ആഘോഷമില്ലാതെ 
കാഴ്ച്ചയുടെ കേൾവിയുടെ മധുരിമ നുകരുവാൻ
ഏകാന്ത പഥികനായി എലികകൾ ഭേദിച്ചു 
അനുവാദമില്ലാതെ പടികടന്നെത്തുന്ന 
വഴിപോക്കർ പരിഭവം പറയില്ലയോർക്കുക 
വാക്കുകൾക്കുള്ളിൽ ചാലിച്ചുചേർത്ത 
കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലിൽ 
ആത്മാർത്ഥതയുടെ ജ്വാലാമുഖത്തെ 
അറിയാതെ അകലുവാൻ അനുവദിക്കരുതെ ...

.

Tuesday, 3 December 2013

മനുസ്മൃതിയിലെ സ്ത്രീ

മനുസ്മൃതിയിലെ രണ്ടു പ്രസ്താവനകളെക്കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ..

ഒന്ന്  ..
      
"യത്ര നാരിസ്തു പൂജ്യതേ 
രമന്തേ തത്ര ദേവതാ "

രണ്ട് ..

"പിതാ രക്ഷതി കൗമാരേ 
ഭർതോ രക്ഷതി യൗവ്വനേ 
പുത്രോ രക്ഷതി വാർദ്ധക്യേ 
ന സ്ത്രീ സ്വാതന്ത്യമർഹതി "

   ഇവ രണ്ടും അഭിനവ 'ബുദ്ധിജീവികൾ' സന്ദർഭാനുസരണം എടുത്ത് അമ്മാനമാടുന്നവയാണ്. ആദ്യത്തേതിൽ സ്ത്രീകൾ പൂജ്യരാണെന്നും എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നുവെന്നും പറയുന്നു.ഈ അഭിപ്രായം സാർവത്രികമായി അംഗീകരിച്ചിരിക്കുന്നു. പക്ഷെ രണ്ടാമത്തെ ശ്ലോകം മനുവിനെ ഒരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിക്കാനാണ് 'ബുദ്ധിജീവികൾ' ഉപയോഗിച്ച് കാണുന്നത്.
കൗമാരത്തിൽ പിതാവിനാലും, യൗവ്വനത്തിൽ ഭാർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രന്മാരാലും രക്ഷിക്കപ്പെടേണ്ടവളാണ്( ഭരിക്കപ്പെടേണ്ട) സ്ത്രീ എന്ന് അവർ പൊതുവെ അർത്ഥം നൽകുന്നു ..

  പക്ഷെ സംസ്കൃതഭാഷാ രചനകളെ അതിന്റെ സാമ്പ്രദായിക ചിട്ടകളോടെ മനസ്സിലാക്കാൻ കഴിയാത്തതാണ് 'ബുദ്ധിജീവികളെ' ഇങ്ങനെ ഒരു അഭിപ്രായത്തിൽ കൊണ്ടെത്തിക്കുന്നത് എന്നാണു പ്രൊഫ.തുറവൂർ വിശ്വംഭരന്റെ അഭിപ്രായം. സ്ത്രീകൾ സംരക്ഷണം അർഹിക്കുന്നുവെന്ന് സമകാലീന സമൂഹത്തെ മുൻനിർത്തി മറ്റൊരു തെളിവുകളുടെയും ആവശ്യമില്ലാതെ നമുക്ക് ബോദ്ധ്യമാകും. അതിനാൽ പിതാവും, ഭർത്താവും,പുത്രനും സ്ത്രീയെ സംരക്ഷിക്കുന്നതിനോട് ഫെമിനിസ്റ്റുകൾ എന്ന ജനുസ്സിൽപ്പെടുന്നവരുൾപ്പടെയുള്ളവർക്ക് എതിർപ്പുണ്ടാകാൻ വഴിയില്ല ..
എവിടെയാണ് ഇവരുടെ എതിർപ്പ് എന്ന് നമുക്ക് നോക്കാം. അവസാന വരിയിൽ പറയുന്ന "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്ന അഭിപ്രായമാണ് ഇവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം എന്നാണ് ധാരണ. എന്നാൽ പ്രൊഫ.തുറവൂർ വിശ്വംഭരൻ പറയുന്നത് "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്നാൽ സ്വന്തമായി തന്ത്രം( തൊഴിൽ, കഷ്ടപ്പാട് എന്നർത്ഥം ) പ്രയോഗിച്ച് ജീവിക്കേണ്ട ഗതികേട് സ്ത്രീക്ക് ഉണ്ടാകാതിരിക്കാൻ സമൂഹവും, രാഷ്ട്രവും സദാ ജാഗരൂഗരായിരിക്കണം എന്നാണ് മനു അനുശാസിക്കുന്നത് .സംസ്കൃതത്തിലെ അൽപജ്ഞാനികൾ ഇത് വളച്ചൊടിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്..

 എനിക്ക് തോന്നുന്നത് ഈ പറഞ്ഞ അഭിപ്രായമാണ് ശരിയെന്നാണ്. സംസ്കൃതത്തിൽ വലിയ അറിവില്ലെങ്കിലും സാമാന്യ യുക്തി എന്നെ ഈ നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു. കാരണം ഒരേ പുസ്തകത്തിൽ ഒരേ വിഷയത്തിൽ (ഇവിടെ സ്ത്രീ) പരസ്പര പൂരകങ്ങളല്ലാത്ത രണ്ടഭിപ്രായമുണ്ടാകുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല ആദ്യം പറഞ്ഞ ശ്ലോകം സാർവത്രിക അംഗീകാരം ലഭിച്ച തർക്കമറ്റ ഒന്നാണ്. ഈ ആധികാരികതയുടെ അടിസ്ഥാനത്തിൽ മാത്രമേ അതേവിഷയത്തെ സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ പരിഹാരം കണ്ടെത്താൻ കഴിയൂ. അങ്ങനെ നോക്കുമ്പോൾ മനു സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടില്ല..