Sunday, 24 February 2013

പ്രണയവും ജീവിതവും

പ്രണയം,

വികൃതമായ പുഞ്ചിരിയാണ്

പരിഭവങ്ങള്‍ പൊതിയുന്ന കടലാസ് 

ആദ്യന്തം പ്രീണനത്തിന്‍റെ  പരിമളം. 

 

ജീവിതം,

യാഥാര്‍ത്ഥ്യത്തിന്‍റെ  ഗൗരവമാണ്

പൊതിഞ്ഞുവെച്ച പരിഭവങ്ങള്‍ അഴിയുന്നു 

ആദ്യന്തം സഹനത്തിന്‍റെ  കുടമാറ്റം . 

Wednesday, 20 February 2013

സൗഗന്ധികം

ഒരു  സുന്ദരസൗഗന്ധികം  പരത്തും 
പരിമള  ഗന്ധോത്സവത്തിന്‍ ആഴപ്പരപ്പുകള്‍ 
വര്‍ണ്ണിക്കുവാന്‍ എളുതല്ല നിര്‍ണയം 
അത് ചെന്നിടും ഇടമെല്ലാം നിശ്ചലം, തൃപ്തം . 
ബന്ധിക്കുവാനാവില്ല  ഒരു മുറിയിലോ അതിലെ 
ചെപ്പിലോ ,കുന്നിന്‍ചരുവില്‍ അലഞ്ഞിടും ആട്ടിന്‍പറ്റം 
ഒരുനിമിഷം തിരിഞ്ഞൊന്നു നില്‍ക്കും, പരതും 
മന്ദസമീരന്‍ ആ വഴി കടന്നുപോകും നേരം . 
ചിറകിട്ടടിച്ച് കലപില കൂട്ടും നരിച്ചീര്‍ 
നിരനിരയായി തൂങ്ങുമൊരു കൊമ്പില്‍ 
പൗര്‍ണമി ചന്ദ്രന്‍റെ സൂചിമുനകള്‍ പ്രകാശം 
വരയ്ക്കുമാ മനോഹരദലങ്ങളില്‍ നിശ്ചയം !
പിന്നെ ലജ്ജയാല്‍ കാര്‍മുകില്‍ കോട്ടതന്‍ പിന്നില്‍ 
പോയിമറയും തന്‍ പ്രകാശം നിഷ്പ്രഭമാകുംവേളയില്‍ രാവേറെക്കഴിഞ്ഞാ ഏകാന്ത യാമത്തില്‍ 
കുടിലിന്‍ കിളിവാതില്‍ തുറന്ന്‍ 
ഞെട്ടറ്റുവീഴുന്ന പുഷ്പ്പത്തെ താങ്ങിയെടുത്ത് 
എന്‍റെ  മാറോടടുപ്പിക്കും മടിയാതെ .. 

യാത്രാമൊഴി

ഞാന്‍ എന്നെ വരിഞ്ഞൊരു ചങ്ങല-

ക്കണ്ണികള്‍ ഉരുകിയൊലിച്ചവ ,

ഒഴുകിപ്പരന്നവ, മണ്ണില്‍ ലയിച്ചവമേല്‍ 

കിളിര്‍ത്ത  നവധാന്യക്കതിര്‍ 

കൊത്തിയെടുത്തു പറന്നകന്നൊരു 

കഴുകന്‍ ചിറകുകളില്‍ ദൃഷ്ടി എറിഞ്ഞൊരു 

മൂഡസമൂഹം മംഗള ശ്ലോകം ചൊല്ലി .. 

Saturday, 16 February 2013

വാര്‍ദ്ധക്യം


അനുഭവങ്ങള്‍ വിയര്‍പ്പൊഴുക്കി വരച്ച 
മുഖചിത്രങ്ങള്‍ വൈരൂപ്യമല്ല 
കൊഴിഞ്ഞ ദന്തങ്ങള്‍ ഉതിര്‍ക്കുന്നത് 
പരിഹാസച്ചിരിയുമല്ല 
യാഥാര്‍ത്ഥ്യം  ചുമന്നതിനാലാണ് 
ആ നട്ടെല്ല് വളഞ്ഞിരിക്കുന്നത് 
മറിച്ച് നിങ്ങളുടെ കാരുണ്യം തേടിയല്ല 
കയ്യിലെ വടി കാലത്തിന്‍റെ  സമ്മാനം 
അത് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ..

അന്വേഷണം

മിഴിനീര്‍ത്തുള്ളികള്‍ നിര്‍ലജ്ജമൊഴുകുമെന്‍ 

കവിളിണ തഴുകുവാന്‍ എത്തുമോ കാറ്റെ 

വള്ളിപ്പടര്‍പ്പുകള്‍ വരിഞ്ഞുമുറുക്കിയ 

കൈകളില്‍ മഴുവൊന്നു  നല്‍കുന്ന 

നിമിഷമതേതെന്ന്  ചൊല്ലുമോ നീ.!

ആത്മപീഡക്കൊരറുതി  വരുത്തുവാന്‍ 

മാന്ത്രിക മണിമേട തച്ചുടക്കൂ .

അമൃത്  തേടുന്നോരരയാലിന്‍ വേരൊരു 

നേര്‍രേഖ സൂര്യകിരണമായെന്‍ -

പാദങ്ങളവയെ നയിക്കുവാന്‍, അമരത്വ-

മൊന്നിനെ പുല്‍കുവാനേകിയാലും ..