Sunday, 30 December 2012

മരണംഇരുതീരങ്ങളും  അണയും  മുന്‍പ് 
ഒരു നേര്‍ രേഖയായി നിഴലായി 
കനിവിന്‍ നിറകുടമായി  ശാന്തി 
പകരുവാന്‍  വാളേന്തി നിന്നൂ.
സന്ധ്യയില്‍  പകലിന്‍റെ  ഗന്ധത്തി-
നായി  അലഞ്ഞു  മടുത്തപോള്‍ 
സ്മരണകള്‍  കുരിശില്‍  തറഞ്ഞു.
യാമങ്ങള്‍  കുതിരകളായി  പാഞ്ഞടുത്തു.
 നൂല്‍പൊട്ടിയ  പട്ടം ആകാന്‍  മോഹിച്ചവന്‍ 
ചര്‍ക്കയായി   മാറിയ കഥയോര്‍ത്തു .
നൊമ്പരങ്ങള്‍ വളമാക്കി  മാറ്റിയ 
വടവൃക്ഷം  കടപുഴകി  വീഴാന്‍ 
കാരണമൊന്നു മാത്രം മരണം !

Friday, 28 December 2012

പുലരി വിദൂരമല്ല..

ഒരുനാള്‍ നീ വരും 
നിദാന്തമാം ധന്യത നിറവേറ്റാന്‍ 
തയ്യാറെഴും നാമപ്പോള്‍ 
വെഞ്ചാമരങ്ങള്‍ കൊഴുപ്പേകും 
ദൃശ്യമനോഹാരിത തീര്‍ക്കും നീ 
മിഴിനീരൊപ്പാന്‍ കൈലേസു നല്‍കിടും 
ആ രാവിന്‍ തിരശീലകള്‍ തിരയാന്‍ 
കാറ്റെത്തിടും പുതുനിലാവിന്‍ തേരേറി ..
പുതുമഴയാല്‍ നനഞ്ഞ ചെങ്കല്‍പാതകള്‍ 
തേര്‍ചക്രങ്ങള്‍ കുതിര്‍ത്തിടും 
സഹസ്രദളപത്മം വിരിഞ്ഞിടും 
പുലരി വിദൂരമല്ല ..

Thursday, 20 December 2012

ആവധൂതന്‍

അര്‍ത്ഥവത്തായ സഞ്ചാരി 
അലച്ചിലാണവന്‍റെ  ദൗത്യം 
കണ്ണുകളില്‍ കരിമ്പടമില്ല 
മൗനമാണ് മൊഴികള്‍ 
കാന്തദ്രിഷ്ടിയൊഴികെ  
സര്‍വം പരിചിതം 
ശ്വാസമാണ്  സമ്പത്ത് 
അറിവ് സൗന്ദര്യവും 

സൗഹൃദം

ഒരിക്കലും കൊതിച്ചിട്ടില്ല 
പുഴപോലെ ഒഴുകിയോ,
കിളിപോലെ പറന്നോ ,
വന്ന സ്വപ്‌നങ്ങള്‍.
അതിനാല്‍.
വേനലില്‍ വറ്റിയതായും 
ക്ഷാമത്തില്‍ പറന്നകന്നതായും 
തോന്നുന്നു .

Wednesday, 19 December 2012

വിദ്യാഭ്യാസത്തില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യം

ഞാന്‍ ഒരു പുസ്തകം വായിക്കാന്‍ കൊതിച്ചു. എന്നാല്‍ നാളെ പരീക്ഷയാണ്.ഈ പുസ്തകം സിലബസ്സില്‍ ഇല്ല എന്ത് ചെയ്യും. എന്നെ എല്ലാവരും ബന്ധനസ്ഥനാക്കുന്നു. എനിക്ക് ഒരു പുസ്തകം വായിക്കാനുള്ള സ്വാതന്ത്ര്യം തത്വത്തില്‍ ഇല്ല . ഇഷ്ടമില്ലാത്തവ അടിച്ചേല്‍പ്പിക്കപ്പെടുന്നു. വീട്ടുകാരും നാട്ടുകാരും സര്‍വകലാശാലയും ചേര്‍ന്ന്‍ നാട്ടുനടപ്പുകള്‍ ചിട്ടപ്പെടുത്തി. ആരും എന്നോട് അഭിപ്രായം ചോദിച്ചില്ല. ബില്ല് നിയമമായപ്പോള്‍ അനുസരിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ വിലങ്ങുകള്‍ കൈകളില്‍ ആഭരണമാകും. വോട്ടവകാശം എന്നൊന്ന് എനിക്ക് കല്പിച്ചു നല്‍കിയിരിക്കുന്നു. അതിലും എനിക്ക് റോളില്ല എന്‍റെ  കണ്ണില്‍ മണ്ണുവാരിനിറച്ച് എന്നെ വോട്ടുചെയ്യിക്കുന്നു. ആര്‍ക്കെങ്കിലും സമ്മതിദാനം നല്‌കിയെതീരു അല്ലെങ്കില്‍ ഞാന്‍ ഒരു നിഷ്ക്രിയ പൌരനായി മാറിപ്പോകും. അത് മാനക്കേടാണ് എനിക്ക് മാത്രമല്ല ഈ ജനാധിപത്യ രാജ്യത്തിനൊട്ടകെ. അങ്ങനെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ വോട്ടു ചെയ്യിക്കുന്നു.

ഒരാള്‍ ഒരു തെങ്ങില്‍ കയറി വീട്ടുകാര്‍  നോക്കി നില്‍ക്കെ അതിന്‍റെ മുകളില്‍ തൂങ്ങിമരിച്ചു. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്തത്? എന്തിനാണ് ഈ ഒറ്റത്തടി വൃക്ഷം തന്നെ തിരഞ്ഞെടുത്തു? ബുദ്ധിജീവികള്‍ ഒന്നാകെ പറഞ്ഞു അയാള്‍ വിപ്ലവം അല്ലെ നടത്തിയത്. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ശൈലിയില്‍ നിന്നും അയാള്‍ വ്യതിചലിച്ചു.അങ്ങനെ അയാള്‍ ഒരു സഖാവ് ആയി. എന്നാല്‍ യാഥാസ്ഥിതികര്‍ക്ക് ഇതൊരു പൊറുക്കാനാവാത്ത തെറ്റ്. എന്തായാലും താഴെ നിന്ന് മുകളിലേക്ക് നോക്കി ആക്രോശിക്കാനേ ഇരു കൂട്ടര്‍ക്കും കഴിഞ്ഞുള്ളൂ.അയാള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അനിര്‍വചനീയമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തികഴിഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത എന്നെ ഇരുത്തി ചിന്തിപ്പിച്ചു. എന്തിനു ഞാന്‍ സര്‍വകലാശാലയുടെ താളത്തിനൊത്ത് തുള്ളണം. നിക്ഷിപ്തതാല്പര്യം സംരക്ഷിക്കാന്‍  ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങളും അരാജകവാദികളും വട്ടത്തിലിരുന്നു ചിട്ടപ്പെടുത്തിയ സിലബസിന് എന്ത് വില? അവരുടെ ഔദാര്യമായ സര്‍ട്ടിഫിക്കറ്റിന്‍റെ വിലയും അത്രത്തോളം മാത്രം. അറിവ് നേടുന്നതിന് സിലബസ് എന്തിന്? പഞ്ചേന്ദ്രിയങ്ങള്‍ പ്രകൃതി നല്‍കിയിരിക്കുന്നത് സിലബസ് അനുസരിച്ച് അറിവ് നേടാനാണോ. ഏത് സിലബസാണ്‌ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് കരയാന്‍ പഠിപ്പിച്ചത്.
അവ എന്‍റെ  ചിരിയിലും കരച്ചിലിലും മായം ചേര്‍ക്കുക മാത്രമല്ലെ ചെയ്തുള്ളൂ. അവയുടെ താളത്തിനൊത്ത് കണ്ണീരും പുഞ്ചിരിയും പൊഴിക്കുന്ന ഒരു യന്ത്രമാക്കി മാറ്റി. 

ഓരോ പ്രവര്‍ത്തിയും മൂല്യനിര്‍ണയത്തിന് വിധേയമാകുന്നു. ഒരിക്കല്‍ ചെയ്ത തെറ്റ് നെറ്റിയില്‍ പച്ചകുത്തുന്നു. ആയിരം നന്മകളെ വെള്ളത്തില്‍ വരയ്ക്കുന്നു ഭാഷ കണ്ടെത്തിയത് തന്നെ പരദൂഷണം പറയാനാണെന്ന് ആരോ പറഞ്ഞത് എത്ര സത്യമാണ്. സ്വാര്‍ഥത പാരമ്പര്യമായി കൈമാറി വരുന്നു. ഈ സ്വാര്‍ഥത മാത്രമാണ് ഇന്ന് വിദ്യാഭ്യാസം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ധനസമ്പാദനം മാത്രമാണ് ഇന്ന് വിദ്യാഭ്യസത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. നഴ്സറി മുതല്‍ ഇന്‍റര്‍വ്യൂവിനുള്ള പരിശീലനം നല്‍കുന്ന വിദ്യാഭ്യാസം ഉദ്യോഗം എന്നതിനല്ലാതെ മറ്റൊന്നിനും പ്രാധാന്യം നല്‍കുന്നില്ല. 

സ്വതന്ത്രചിന്ത എന്നാല്‍ എന്തെന്ന് ഇന്ന് നമുക്കറിയില്ല. അതിനാല്‍ ആശയങ്ങള്‍ കാണാതെപഠിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യം നമുക്ക് അന്യമായി. സര്‍ഗാത്മക മുന്നേറ്റം എന്നത് മന്ദഗതിയില്‍ നടക്കുന്ന ഒന്നായി മാറി ചില മേഖലകളില്‍ നിലച്ചു എന്ന് തന്നെ  പറയേണ്ടിയിരിക്കുന്നു.വൈദേശിക ആശയങ്ങള്‍ പഠിക്കുവാന്‍ നാം സമര്‍ത്ഥരാണ് എന്നാല്‍ എന്തുകൊണ്ട് നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ ആശയങ്ങള്‍ രൂപികരിക്കാന്‍. കഴിയുന്നില്ല? അല്ലെങ്കില്‍ നാം തുടര്‍ന്നുപോകുന്ന ചിന്താപദ്ധതികള്‍ക്ക് കാലഘട്ടത്തിന്‌ ആവശ്യമായ ദിശാബോധം നല്‍കാന്‍ സാധിക്കുന്നില്ല? ജപ്പാന്‍റെ  മുന്നേറ്റവും മയ്ജി യുഗവും പാരമ്പര്യത്തിന്‍റെ  ഒഴുക്കിന് തടയിടാതെ അതിലേക്ക് കൂടുതല്‍ സംഭാവനകള്‍ ലയിപ്പിച്ചാണ് സാധ്യമായത് എന്നത് ചിന്തനീയമാണ്. ആശയങ്ങള്‍ക്ക് അടിമപ്പെടുന്നു എന്നതാണ് നമ്മുടെ പ്രധാന പ്രശ്നം. നാം തോല്പ്പവകള്‍ പോലെ ആടുവാന്‍ മാത്രം പ്രാപ്തരാണ് എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ട സ്ഥിതി വരുന്നു. ഈ അടിമത്തം തന്നെയാണ് വിദ്യാഭ്യാസ രംഗത്തും കാണുന്നത്. കൊളോണിയല്‍ കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിമത്തത്തിന്‍റെ ഗന്ധമുണ്ട് .ആ ദുര്‍ഗന്ധം ഇപ്പോഴും കഴുകികളഞ്ഞിട്ടില്ല.അധികൃതരായി ചമയുന്നവര്‍ ആ പഴഞ്ചന്‍ സമ്പ്രദായത്തെ ആശ്രയിക്കുന്നത്ര  കാലം അടിമത്തത്തിന്‍റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ദുര്‍ഗന്ധം  വമിച്ചു കൊണ്ടേയിരിക്കും .

Monday, 17 December 2012

മൂന്ന് അവസ്ഥകള്‍

                     ഒന്ന് 

ഒരു തുള്ളി വെള്ളത്തിലുള്ള ലോകം
ചുറ്റിവരുവാനൊരു റെയില്‍ വണ്ടി
അതിലൊരു സീറ്റിലിരുന്നു ഞാന്‍
ഒരു കവിത കുറിച്ചു 
  
                     രണ്ട് 

വിദൂരതയുടെ അകത്തളങ്ങള്‍
മനസ്സിന്‍റെ  വിളനിലങ്ങള്‍
നിമിഷങ്ങള്‍ ഉഴവുചാല്‍
സമൂഹം കതിരുകള്‍
ഞാനൊരു ചുമടുതാങ്ങി

                      മൂന്ന് 


ഒരു ഘടികാര സൂചിമേല്‍ തൂങ്ങി
മര്‍ത്യന്‍ പരിവാരമേതുമില്ലാതെ  നിത്യം
മരണച്ചുഴിയുടെ ചുറ്റും വലംവെച്ചു
ഓരോ നിമിഷവും പങ്കിട്ടുനല്‍കി
സ്വാര്‍ത്ഥതകള്‍ എന്നും അന്യര്‍ക്കായി

Monday, 3 December 2012

പ്രകാശം എന്‍റെ വിരുന്നുകാരി


മലര്‍വാടിയിലൊരു  കാലം നിശയുടെ ഗാനം
കരളലിയും  കാതുകളിലവയുടെ നാദം
ഒഴുകിവരും പുഴപോലൊരു തരളിത ഗന്ധം
അവ നല്‍കും ഗാനമതിലൊരോമന രൂപം
തിരിതെളിയും നിശയതില്‍ ചെറിയൊരു പൊട്ടായി
അതുപകരും മനതാരില്‍ ഒരു മധുമാരി 
അതുവളര്‍ന്നു പന്തലിച്ചു മനമതു നിറയെ 
കിളിപാടും പാട്ടുകളത് പിന്നണിയായി 
മാനപേടകള്‍ നൃത്തമാടി കുറുനിരതന്നില്‍ 
ആ പൊന്‍ തിരിനാളമതു  മാത്രമെന്‍ 
പാതയതില്‍ പുഷ്പവിരികള്‍ പാകിമറഞ്ഞു 
ശബ്ദ ഗന്ധ നിറ സമ്മേളിത ദീപം 
മഴവില്ലിന്‍ ഉടയാടയിലസൂയ നിറയ്ക്കും 
ശോഭയെഴും വര്‍ണമുള്ള ദിവ്യ പ്രകാശം 
വരിവരിയായി നൃത്തമാടി നീങ്ങി മറഞ്ഞു 
കാലങ്ങള്‍ തോല്‍ക്കുന്ന ഭാവചിത്രമായി 
അവളെന്നും എനിക്കൊരു അതിഥി മാത്രമോ!
ഇന്നലെയും ഇന്നും അങ്ങനെ തന്നെ 
നാളെയൊരു ഭദ്രദീപ പ്രതിഷ്ടയാകണം....

Thursday, 20 September 2012

നിനക്കായ്‌

ശലഭങ്ങള്‍ വിണ്ണില്‍ വരഞ്ഞൊരു ചിത്രം 
നിന്‍ മിഴികള്‍ മഷിയിട്ടെഴുതിയ പോല്‍ 
മൃദു നിശ്വാസങ്ങള്‍ കുളിര്‍ കാറ്റില്‍ 
ചിരിതൂകി കളിയാടിയ പുലരികളില്‍ 
മൃദു മന്ത്രണത്തിനായി കാതുകള്‍ പരതവേ 
ഒരു ചെറു ചിരിയില്‍ ഒതുങ്ങി നിന്നു നീ 
പുഞ്ചിരിതൂകും പനിനീര്‍ മുകുളമായി നിന്നൂ 
ചെറു തോടുകള്‍ ചില ഏടുകള്‍ താളത്തില്‍ മൂളവേ 
വയല്‍ വരമ്പിലെ കാറ്റുപോലെ നീ തഴുകി 
അകലവേ കാക്കപൂവുകള്‍ കാര്‍മുകിലിനെ പുല്‍കിയ 
സന്ധ്യയില്‍ നിന്നെ തേടി ഞാന്‍ അലഞ്ഞൂ സഖീ 
പറയാതെ പറയും കഥകളില്‍ പലനാളും അലയുക 
പതിവാക്കി നേരം മറന്നും കാലം മറന്നും ഒരു 
മൃദു മന്ത്രണം തേടി അലയവേ 
ഒരുനാളും അകലാതെ അരികത്തായി ചിരിതൂകി 
നില്‍ക്കണം നീ എന്‍ മനസ്സിന് കരുത്തായി 
മറവിക്ക് മരുന്നായി ഇരുളിന് വെളിച്ചമായി 
വിശ്വാസത്തിന്‍റെ  തണലായി അരികത്തണയൂ സഖീ 

Thursday, 30 August 2012

ഓര്‍മയുടെ പടവുകള്‍


ഓടിയോടിയലഞ്ഞു  പലനാളില്‍  പൊന്തയും
കാടും കളങ്ങളും താണ്ടി പലവുരു 
സ്വാര്‍ത്ഥ മന്ത്രങ്ങള്‍ ഉരുവിട്ടുനിന്നു 
പല പാദങ്ങള്‍ പതിഞ്ഞു പദം-
വന്ന കുളത്തിന്‍ പടവില്‍ ഒരുപാട് 
മോഹങ്ങള്‍ ചിറകറ്റുവീണ് പിറന്നൊരു 
പാറകള്‍ കൊത്തി മിനുക്കി പണിത 
പടവുകള്‍ പഴകിയ ഓര്‍മകള്‍ 
കുളിയും ജപവുമായി  ഉള്ളൊരാത്മ ബന്ധം 
ഉറപ്പിച്ച നാളതിന്‍ മുന്നേ ആരോ അറിയാതെ 
പണിതൊരു പടവുകളില്‍ 
ഓളങ്ങളും ചുഴികളും കൈചൂണ്ടി 
കാട്ടിയ മരതക കോട്ടയും കൊട്ടരക്കെട്ടും 
വടവൃക്ഷങ്ങളും വള്ളിപടര്‍പ്പും  ഇമ -
ചിമ്മാതെ നോക്കി നിന്നുപോയി ഒരുനിമിഷം 
ഓരിയിട്ടു  കുറുനരി ഇടവിടാതെന്‍ ബോധ-
മണ്ഡലം തിരികെ വരും വരെ 
പല നിറങ്ങളില്‍ പതഞ്ഞു പൊങ്ങിയ 
വെള്ളത്തില്‍ ഒരുനാളും പഴമതന്‍ 
മുദ്രകള്‍ പതിയാതെ കാത്ത കാലത്തെ 
സ്മരിച്ചു നിന്നൂ ഒരു നിമിഷം 
കണ്ണേറില്‍ നിന്നുമാ തെളിമയെ കാക്കുന്ന 
കണ്മഷിചെപ്പേതെന്ന്‍ തേടിയാല്‍ 
കണ്ടെത്തും ഒരു മുത്തശ്ശന്‍ താന്നിതന്‍ 
സുദൃഡ ഹസ്തം വിരല്‍ചൂണ്ടി നില്‍ക്കുന്നു 
തെളിമയെ പകുക്കുന്ന രേഖയായ് 
ചതുരചെപ്പില്‍ ആ കണികകളെ തളച്ചു നിര്‍ത്തുന്ന 
കെട്ടിലും കാണാം വൈഭവ ചിഹ്നങ്ങള്‍ 
മുത്തുകള്‍ കോര്‍ത്തൊരു മാലപോല്‍ തോന്നിച്ചു 
ശിലാപാളികള്‍ കോണ്ടുള്ളൊരാ   രചന 
രചിച്ച നാളും രചയിതാവിനെയും ഓര്‍ത്തെടുക്കാന്‍ 
ഇന്നിന്‍റെ അറിവുകള്‍ പരിമിതമെന്നുറച്ചു 
തിരികെ പടവുകള്‍ കയറുമ്പോള്‍ മനസ്സിന്‍റെ 
ഉള്ളറയില്‍ ഒരുതുള്ളി നറുതേന്‍ ഉറയുന്ന 
അറിവാല്‍ തിരിഞ്ഞുനിന്നൊന്ന്‍ നമസ്കരിച്ചു Friday, 24 August 2012

ജ്വാലകീല

വടക്കിനി ജാലകത്തിലൂടെ
ഞാനാ മലങ്കാവിലേക്ക് നോക്കി .
തിരി കെടാതൊരു വിളക്കിപ്പഴും
കത്തുന്നു നേരം മറന്നും.

അതിരുമാന്തി എത്തിയ
കാവിന്‍റെ അയല്‍ക്കാര്‍
വെരുകിനെപ്പോല്‍
അക്ഷമരായി പായുന്നു.
റബ്ബറിന്‍ കരിയില കൂമ്പാര-
ത്തിനു നടുവില്‍ കെട്ടിയ
കൂടാരത്തില്‍ ഭയമൊഴിഞ്ഞൊരു നേരമില്ല

കാവില്‍ തിരിവെക്കാനെത്തുന്ന
മാനവ ഭീതിയെ ഭയക്കുന്ന ഭീരുക്കള്‍.

അഗ്നി ദേവനാകുന്നു ചിലര്‍ക്ക്
അസ്ത്രമാക്കുന്നു മറ്റു ചിലര്‍.
ഭയമുതിരുന്ന സ്വപ്നമായി മാറുന്നു,
അധര്‍മ്മ ചുഴിയില്‍ അകപ്പെട്ട കൂട്ടര്‍ക്ക്.

ഇതെല്ലം കാണുന്ന കേവലം
നിരീക്ഷകന്‍ ഞാന്‍
പതിവിലും വേഗത്തില്‍
കൊട്ടിയടക്കുന്നു ജനാലകള്‍.


Thursday, 23 August 2012

പുകമറ

മനമുരുകും സന്ധ്യയില്‍ ദീര്‍ഘ-
നിശ്വാസത്തിനു കാതോര്‍ക്കുമ്പോള്‍
നിഘണ്ടുവില്‍ കരുണ തേടി
അലഞ്ഞവനാണ് ഞാന്‍.
പൂക്കള്‍ മാത്രം കണ്ടു.
കരയുന്ന പൂക്കളും ചിരിക്കുന്ന
പൂക്കളും എന്നെ തിരിച്ചറിഞ്ഞില്ല .
എന്നാല്‍ ചിരിച്ചുകൊണ്ട് കരയുന്ന
പൂക്കള്‍ ഒരുനിമിഷം തലകുനിച്ചു.
മൂടല്‍ മഞ്ഞിന്‍റെ വികൃതികള്‍
മാത്രമെന്ന് ഞാന്‍ വിധിയെഴുതി.
പഴി ചാരി പടികള്‍ ഓരോന്നായി
കടന്നു നിര്‍വൃതി തേടി.
നിരാലംബതയെ ചൊടിപ്പിക്കുകയും
ചിരിമയം കലര്‍ത്തുകയും ചെയ്തു .
കടമ്പിന്‍ കൊമ്പില്‍ ചാടിക്കയറിയ
കുരുന്നുപോല്‍ അശ്രദ്ധനായി
അലയാഴിയില്‍ തുഴയുകയായിരുന്നു,
കരതേടി അലയുകയായിരുന്നു.
പങ്കായം വലിച്ചെറിഞ്ഞ് ഞാന്‍
നടുക്കടലില്‍ പകച്ചു നിന്നു.
പിന്നെ എല്ലാം പുകമറയായി
രംഗം അവസാനിച്ചു.

Tuesday, 14 August 2012

ദിനചര്യ


കാലചക്രം ഉരുളുന്നു
കിനാവുകള്‍ പായകള്‍ നെയ്യുന്നു
കുന്നുകള്‍ തോറും പറവകള്‍
കതിരുകള്‍ കൊത്തി പറന്നു
ചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞു
ചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നു .
 പ്രഭാതം മഷിക്കുപ്പി തുറന്നു
പേനയില്‍ മഷി നിറച്ചു
കൈകള്‍ യന്ത്രങ്ങളായി
നിമിഷങ്ങള്‍ ശരങ്ങളായി
താളുകള്‍ പൂര്‍ത്തിയായി
മഷിക്കുപ്പി മറിഞ്ഞു
താളുകള്‍ വികൃതമായി.തീവണ്ടി ചൂളം വിളിച്ചു
പതിയെ നീങ്ങി തുടങ്ങി
അജ്ഞാതന്‍ അതിവേഗം
ഓടിക്കയറി ചിന്തകള്‍ ഉരച്ചു
തീപ്പൊരി ചിതറി കത്തിയമര്‍ന്നു.

Wednesday, 13 June 2012

യാത്ര

ചിറകരിഞ്ഞപ്പോള്‍ ചിരിച്ചു ഞാന്‍
കനിവെഴാത്തൊരു വൃന്ദം
തുറിച്ചിടും മിഴികള്‍ എയ്തു
ശരങ്ങള്‍ നുണകളില്‍ മുക്കി

ചരിച്ചു ഞാന്‍ നിര്‍ഭയം നിരന്തരം
വരിച്ചു നീതി തുലാസിനെ
ദയയാം അപ്പ കഷണങ്ങള്‍
നോക്കി പൈദാഹ ദുഃഖം പോക്കി.

മക്ഷിക മലര്‍ക്കെ പാറും
മലകള്‍ കോട്ടകള്‍ തീര്‍ക്കും
ഒരിക്കല്‍ ചിരിക്കും ഞാന്‍
മരിക്കും നാളതിന്‍ മുന്നെ.

Thursday, 10 May 2012

ഒരു പേരയുടെ ദാരുണ അന്ത്യം

പതിവുപോലെ മൈന ദമ്പതിമാര്‍ പേരയിലെത്തി. അവര്‍ ഓരോ പേരക്കയും ചുറ്റി പരിശോധിച്ചു. ഒരു വലിയ സാമ്രാജ്യത്തിലെ രാജാവും രാജ്ഞിയും കണക്കെ സ്വാതന്ത്ര്യത്തിന്‍റെ പരിമിധികളൊന്നും തന്നെയില്ലാതെയാണ് കക്ഷികളുടെ വിലസല്‍. പഴുത്തവയെല്ലാം മാറി മാറി രുചിച്ചു നോക്കി, ഇഷ്ടപ്പെടാത്തവ പൊട്ടിച്ചു താഴെയിട്ട് കനവുകളും കിന്നാരങ്ങളും പങ്കിട്ടു. തങ്ങളുടെ അധികാര പരിധിയില്‍ നുഴഞ്ഞുകയറിയ ഒരു തേന്‍കുരുവിയെ രൂക്ഷമായി നോക്കി താക്കീത് നല്‍കി.

പണ്ട് ഇവരുടെ സാമ്രാജ്യം അല്പം കൂടി വലുതായിരുന്നു, നീണ്ട ശാഖകള്‍ പുരയിടത്തിന്‍റെ നാനാഭാഗത്തേക്കും കൈചൂണ്ടി ആജ്ഞകള്‍ നല്‍കി. തണലില്‍ വികൃതികള്‍ കളിച്ച് തിമിര്‍ത്തു. വേനലവധിയുടെ സന്തോഷം നിറഞ്ഞുനിന്നിരുന്നു. അവര്‍ക്ക് ക്ഷീണമകറ്റാന്‍ കാറ്റത്ത് പേര ശക്തിയായി നൃത്തം ചവുട്ടി, ഒരു കുച്ചിപ്പുടി നര്‍ത്തകയെപ്പോലെ. പേരക്കായ വീതം വയ്ക്കാനുള്ള തര്‍ക്കങ്ങള്‍ കണ്ടു അവന്‍ രസിച്ചു നിന്നു.

അങ്ങനെയിരിക്കെ പറമ്പില്‍ പുതിയോരാള്‍ക്ക് ഭൂമി പതിച്ചു നല്‍കപ്പെട്ടപ്പോള്‍ പാവം പേരക്ക് അംഗഭംഗങ്ങള്‍ സംഭവിച്ചു. തന്നെക്കാള്‍ കേമനാണ് പുതിയ അയല്‍വാസി എന്നാണ് വീട്ടുകാരുടെ പക്ഷം, പേര് രംബൂട്ടാന്‍. പേരില്‍ തന്നെ ഒരു രാജകീയ പ്രൌഡി ഉണ്ടത്രേ. എന്തായാലും നമ്മുടെ പേരയുടെ കഷ്ടകാലം എന്നല്ലതെന്താ പറയുക. അവന്റെ മൂന്നു കരങ്ങള്‍ നിഷ്കരുണം മുറിക്കപ്പെട്ടു. പ്രപഞ്ച ധാതാവായ സൂര്യന്‍റെ രശ്മികള്‍ തടുത്തു നിര്‍ത്തി എന്ന കുറ്റത്തിന് ഹമ്മുരാബി നിയമപ്രകാരം വിധിക്കപ്പെട്ട ശിക്ഷ. തണലുനഷ്ടപ്പെട്ടപ്പോള്‍ വികൃതികള്‍ തിരിഞ്ഞുനോക്കാതായി. പുതിയ അയല്‍വാസിയുടെ വളര്‍ച്ചക്കനുസരിച്ച് വീണ്ടും വീണ്ടും അവന്‍റെ കമ്പുകള്‍ മുറിക്കപ്പെട്ടു.

എന്തായാലും അവനു പുതിയ ചങ്ങാതിമാരെ ലഭിച്ചു,മൈന ദമ്പതിമാര്‍. രാവിലെ തന്നെ അവര്‍ എത്തിച്ചേരും.അവരുടെ കളിയും ചിരിയും കണ്ടു രസിക്കുകയാണ് മൂപ്പരുടെ പ്രധാന വിനോദം.

എന്നാല്‍ സന്തോഷം അധികം നീണ്ടുനിന്നില്ല. ഒരു സുപ്രഭാതത്തില്‍ പുതിയൊരു അംഗം കൂടി വീട്ടില്‍ താമസത്തിനെത്തി. ഒരു ബെന്‍സ് കാര്‍. തിടമ്പേറ്റിയ ഗജകേസരിയുടെ ഗാംഭീര്യവുമായി. അവനെ തളക്കാന്‍ ഒരു ഇടം വേണം. പുതിയ കാര്‍ഷെഡ്‌ പണിയുവാനുള്ള സ്ഥലം എടുപ്പിനായി ഭവന അധികൃതര്‍ പുരക്കു ചുറ്റും വലം വച്ചു. മാവിന്‍റെയും പ്ലാവിന്‍റെയും തെങ്ങിന്‍റെയും എല്ലാം ദയാഹര്‍ജികള്‍ പരിഗണിക്കപ്പെട്ടു. പാവം പേരയുടെ മേല്‍ സര്‍വ്വകുറ്റവും ചുമത്തി വധശിക്ഷക്ക് വിധി എഴുതി.

ആരാച്ചാര്‍ വന്നു, അര്‍ദ്ധച്ചന്ദ്രന്‍റെ പ്രകാശവുമായി മഴുവിന്‍റെ ആദ്യ കൊള്ളിയാന്‍ ദേഹത്ത് വീണതെ അവന് ഓര്‍മ്മയുള്ളൂ. പിന്നെ ഏറ്റെടുക്കാന്‍ ആരുമില്ലാതെ നിര്‍ദോഷിയുടെ മൃതദേഹം കയ്യാലവക്കില്‍ വലിച്ചെറിയപ്പെട്ടു ......

Friday, 4 May 2012

അവരുടെ താളം


ഇവിടേക്ക് വരൂ നിങ്ങള്‍,
നോക്കൂ അവരിലേക്ക്.

പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രവഹിക്കുന്ന മിഴികള്‍.
ദ്രവിച്ച പുല്‍നാമ്പുകള്‍ വളമാക്കി
വളരുന്ന പുല്‍ക്കൊടികള്‍.
അവര്‍ക്കിടയില്‍ ബോബ് മാര്‍ലിമാര്‍ പാടുന്നു,
ഉയിര്‍പ്പിന്‍റെ സംഗീതം.

ഇന്നവര്‍ തോല്‍പ്പാവകളല്ല.
ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ സ്വതന്ത്ര ജീവികള്‍.
അവരില്‍ ബ്രാഹ്മണ്യത്തിന്‍റെ നൂല്‍ വരമ്പുകളില്ല.
ഉയിര്‍പ്പിന്‍റെ താളങ്ങള്‍ മാത്രം കൈമുതലാക്കിയോര്‍,
തിരിച്ചറിവിന്‍റെ ദാന്തഗോപുര നിവാസികള്‍.

അവര്‍ കണ്ടെത്തി,
അവരുടെ താളങ്ങള്‍ ചവിട്ടിതാഴ്ത്തിയ ചതുപ്പിന്‍റെ ആഴം!
കാലുകള്‍ ഉറക്കാത്ത ചതുപ്പില്‍ ചാടി,
അവര്‍, ഒറ്റക്കല്ല കൈകള്‍ കോര്‍ത്ത് മനസ്സുകള്‍ ഒന്നാക്കി,
ചതുപ്പിന്‍റെ അനന്തതയില്‍ മുങ്ങി,
ഉയിര്‍പ്പിന്‍റെ താളം അവര്‍ കണ്ടെത്തി,
കൈവശമാക്കി തിരികെ എത്തി.

കൂട്ടത്തില്‍ ഒരു വ്യാഥന്‍ അതിനെ,
തുല്യമായി പകുത്തു നല്‍കി.
അവര്‍ എല്ലാവരും ഉയിര്‍പ്പിന്‍റെ താളം,
അവരുടെ ഹൃദയ ശ്രീലകത്തില്‍ പ്രതിഷ്ടിച്ചു.

അത് അഗ്നിയായി.
നല്‍കുംതോറും ഇരട്ടിച്ചു.

Thursday, 3 May 2012

എന്‍റെ പ്രിയപ്പെട്ട 'പൂതപ്പാട്ട്'

ഗ്രാമീണതയുടെ അദ്വിതീയമായ അനുഭൂതി കൈമോശം വന്ന മലയാള മക്കള്‍ക്ക് പഴയ ആ ദിനങ്ങളുടെ പ്രൌഡി ഓര്‍മിപ്പിക്കുന്ന ഏടുകളാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്ന കൊച്ചു കാര്യങ്ങളുടെ വലിയ കവിയുടെ കവിതകള്‍.കവിതയില്‍ ദീര്‍ഘവീക്ഷണത്തിനു എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന്‍ ഇടശ്ശേരി കവിതകള്‍ നമുക്ക് മനസ്സിലാക്കി തരുന്നു.പൂതപ്പാട്ട് ,കുറ്റിപ്പുറം പാലം എന്നീ കവിതകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

'കുറ്റിപ്പുറം പാലം' എന്ന കവിത നിഷ്പക്ഷനായ കവിയുടെ സാമൂഹ്യ വീക്ഷണ കോണ്‍ വെളിപ്പെടുത്തുന്ന ഒന്നാണ്.പുരോഗതിയുടെ കൈലാസങ്ങള്‍ കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യന്‍ തനിക്ക്നഷ്ടപ്പെടുന്ന സൌഭാഗ്യങ്ങള്‍ കുറിച്ചുവെക്കാന്‍ മറക്കുന്നു.ജീവിതം സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് വലിച്ചുകൊണ്ട് പോകുമ്പോള്‍ ഗ്രാമീണതയുടെ നന്മയും പൈതൃക സമ്പന്നതയും കൈമോശം വരുന്നു.ഭാരതപുഴക്ക്‌ കുറുകെ തന്‍റെ ഗ്രാമമായ കുറ്റിപുറത്ത് പുതുതായി പണികഴിപ്പിച്ച പാലത്തിനു മുകളില്‍ നിന്നുകൊണ്ട്. മനുഷ്യന്‍ പുഴക്കുമേല്‍ നേടിയ വിജയത്തെ വിലയിരുത്തുകയാണ് കവി.താഴേക്കു നോക്കുമ്പോള്‍ പാലത്തിനു കീഴെ ഞെങ്ങി ഞെരുങ്ങി പോകുന്ന നദി.കുട്ടികാലത്ത് പൂഴിമണലില്‍ കളിക്കുകയും തെളിവെള്ളത്തില്‍ കുളിക്കുകയും ചെയ്തത് കവി മനസ്സിലൂടെ കടന്നുപോയി.ഗാംഭീര്യത്തോടുകൂടി ഒഴുകിയിരുന്ന പുഴ,കഴുകന്‍ പോലും മറികടക്കാന്‍ ഭയന്നിരുന്ന പുഴ ഇന്ന് വെറും ഒരു അഴുക്കുചാലായി പരിണമിച്ചിരിക്കുന്നു.എന്തൊരു ദൌര്‍ഭാഗ്യം.മനുഷ്യന്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ നടത്തുന്ന വൈകൃതങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളാണ് പുഴയില്‍ നിറയെ.ഒടുവില്‍ കവി നദിയോട് ഇങ്ങനെ ചോദിക്കുന്നു "അംബപേരാറെ നീ മാറിപ്പോമോ ആകുലയാം ഒരഴുക്കുചാലായി".

പൂതപ്പാട്ട് എന്ന കവിതയില്‍ ഇടശ്ശേരി ഒരു മിത്തിന്‍റെ സഹായത്തോടെ തന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാക്കി .എന്തായിരുന്നു ആ ലക്‌ഷ്യം.മാതൃശിശു ബന്ധത്തിന്‍റെ തീവ്രത ആവിഷ്കരിക്കുക.അപ്പോള്‍ ഒരു കാര്യം ചിന്തികേണ്ടിയിരിക്കുന്നു ആ ബന്ധത്തിനു ഒരു അപചയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാവണമല്ലോ ആവിഷ്കാരത്തിന്‍റെ പ്രസക്തി കൈവരുന്നത്. പൂതം കൈവശപ്പെടുത്തുന്ന ഉണ്ണിയെ തിരികെ ലഭിക്കാന്‍ ആ മാതാവ് എന്ത് സാഹസത്തിനും തയ്യാറാണ്.പൂതം പല പ്രലോഭനങ്ങളും ആ അമ്മക്ക് മുന്നില്‍ വച്ചു ഉണ്ണിയെ തിരികെ നല്‍കാതിരിക്കാന്‍ എന്നാല്‍ ഒന്നും തന്നെ ആ അമ്മ പരിഗണിക്കപോലും ചെയ്തില്ല.തന്‍റെ ഉണ്ണിയെ തിരികെ ലഭിക്കുക എന്നതൊഴിച്ച് യാതൊന്നും ആ അമ്മക്ക് വേണ്ടിയിരുന്നില്ല. നിധികള്‍ കാട്ടികൊടുത്തപ്പോള്‍ സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത് പൂതത്തിനുമുന്നില്‍ വച്ചു.അപ്പോള്‍ പൂതം തെച്ചികോലുകൊണ്ട് ഒരു ഉണ്ണിയെ നിര്‍മ്മിച്ച് അമ്മക്ക് നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഇതൊന്നും മത്രുസ്നേഹത്തെ കബളിപ്പിക്കാന്‍ ഉതകുന്നവയായിരുന്നില്ല.തീവ്ര വേദനയോടുകൂടി ആ അമ്മ ശാപവാക്കുകള്‍ ചൊരിയും എന്നായപോള്‍ ഭയന്ന്‍ പൂതം ഉണ്ണിയെ തിരികെ കൊടുത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ണിയെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് യാചിച്ചു.അമ്മ അതിനു വഴങ്ങി.വീടറിയാതെ ആ പൂതം ഇന്നും ഉണ്ണിയെ അന്വേഷിച്ച് നടക്കുന്നുണ്ടത്രേ..

പൂതപ്പാട്ട് എന്ന കവിതയുടെ പ്രസക്തി ഇന്ന് വളരെയേറെയാണ്. അമ്മതൊട്ടിലുകള്‍ ഇന്ന് സുലഭമാണ്. ആര്‍ക്കു വേണമെങ്കിലും അവരുടെ കുട്ടികളെ അവിടെ ഉപേക്ഷിക്കാം. ഈ സാമൂഹ്യ അപചയത്തിന്‍റെ കാരണം അന്വേഷിക്കാതെ അധികൃതര്‍ കൂടുതല്‍ തൊട്ടിലുകള്‍ സ്ഥാപിക്കാനുള്ള തത്രപാടിലാണ്.റോഡരികിലും റയില്‍ പാളത്തിലും കുട്ടികളെ ഉപേക്ഷിക്കാന്‍ ഇന്നത്തെ ഒരു വിഭാഗം അമ്മമാര്‍ക്ക് മടിയില്ല.അത്തരത്തിലുള്ള പുതിയ അമ്മമാര്‍ വരാതിരിക്കുവാന്‍ നിര്‍ബന്ധമായും മാതൃ-ശിശു ബന്ധത്തിന്‍റെ പവിത്രത വിളിച്ചറിയിക്കുന്ന ഇത്തരം കവിതകള്‍ പ്രചരിക്കപ്പെടണം.

ഈ കവിതകള്‍ എഴുതപ്പെട്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകുംതോറും ഇതിന്‍റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.കുറ്റിപുറം പാലങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു എന്നാല്‍ നങ്ങേലിമാര്‍(പൂതപ്പട്ടിലെ അമ്മ ) കുറഞ്ഞുവരുന്നു.ഹൈടെക് സംസ്കാരം പുരോഗമിക്കുന്നത് ഈ രീതിയിലാണ്.

Thursday, 19 April 2012

പടയണിയുടെ തിരിച്ചുവരവും ; ചില ആശങ്കകളും

ധ്യതിരുവിതാംകൂറിലെ ജനജീവിതവുമായി ഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒരു കലാരൂപമാണ്‌ പടയണി അഥവാ പടേനി . മലയോര ജനതയുടെ ഗോത്ര സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന പടയണിക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അമ്മദൈവ ആരാധനയുടെ വളരെ വൈവിധ്യമാര്‍ന്ന അനുഷ്ടാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കലാരൂപം.

ജന്മിത്ത
സമ്പ്രതായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ആയുധാഭ്യാസ കളരികള്‍ സാര്‍വത്രികമായിരുന്നു. പല കുടുംബങ്ങളോടും അനുബന്ധിച്ചു കളരിയും ഭഗവതി കാവുകളും ഉണ്ടായിരുന്നു. കേന്ദ്രീകൃതമായ ഒരു പൊതു ആരാധനാ രീതി അക്കാലങ്ങളില്‍ പമ്പാതീരവാസികളായ ജനഗല്‍ക്കിടയില്‍ നിലനിന്നിരുന്നില്ല എന്ന് പറയാവുന്നതാണ്. കൃഷിയും ആയുധാഭ്യാസവും ഇടകലര്‍ന്ന ഒരു സംസ്കാരത്തില്‍, അവയുടെ ഒരു സംയോജനത്തില്‍ രൂപീകൃതമായ ഒരു കലാരൂപം കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുകയുണ്ടായി. അതാണ്‌ പടയണി. അതിന്‍റെ കാണികളായി ഗ്രാമീണര്‍ ഒത്തു ചേര്‍ന്നിരുന്നു. ഒരു തരത്തില്‍ സംഘടിത രൂപം കൈവരിച്ചു.

എന്നാല്‍
ഏതു പരിധി വരെ ഉണ്ടായിരുന്നു എന്നത് പരിശോധികേണ്ടിയിരിക്കുന്നു. പടയണികള്‍ നടന്നിരുന്ന എല്ലാ പ്രദേശങ്ങളിലും കാണാവുന്ന ഒരു പൊതു സവിശേഷതയാണ് കരകള്‍ തിരിഞ്ഞുള്ള മത്സരങ്ങള്‍. മിക്കപ്പോഴും ഇത്ത്ഗരം മത്സരങ്ങള്‍ അക്രമാസക്തമാകുകയും ചെയ്തിരുന്നു. മത്സരങ്ങള്‍ക്കായി ചിലവാക്കുന്ന സമ്പത്തിനു ഒരു പരിധിയും നിര്‍ണയിക്കുക അസാധ്യമായിരുന്നു. ചേരിതിരിഞ്ഞുള്ള കമ്പകെട്ടും പോരുവിളിയും കലഹങ്ങളും നിമിത്തം ഗ്രാമാന്തരീക്ഷം കലുഷിതമാകുക പതിവായിരുന്നു.

അയിരൂര്‍
,കടമ്മനിട്ട മുതലായ പ്രദേശങ്ങള്‍ പടയണിക്ക് പേരുകേട്ടവയാണ്. അയിരൂരില്‍ കരപ്രമാണിമാര്‍ തമ്മില്‍ നടന്നിട്ടുള്ള മത്സരങ്ങളെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്. 'ഒരിക്കല്‍ കരകള്‍ തമ്മില്‍ മത്സരം നടക്കുകയായിരുന്നു. പുതുമയുള്ള എന്തെങ്കിലും വസ്തു ഉയര്‍ത്തിക്കാട്ടി എതിര്‍ കരയെ പരിഹാസ്യരാക്കുക എന്നതാണ് മത്സരത്തിന്‍റെ സ്വഭാവം. ഒപ്രു കരക്കാര്‍ ഒരു ചത്ത പാമ്പിനെ ഉയര്‍ത്തികാട്ടി മറുകരക്കാര്‍ കാവ് കിളച്ചുമറിച്ച് ഒരു ജീവനുള്ള പാമ്പിനെ കാട്ടി. അതിനു പകരമായി ഒന്നാമത്തെ കരക്കാര്‍ ഒരു മൃതശരീരം ഉയര്‍ത്തികാട്ടി. അത് കണ്ടുനിന്ന രണ്ടാമത്തെ കരയുടെ പ്രമാണി ഉറക്കെ പറഞ്ഞത്രേ "എന്നെ തല്ലിക്കൊന്നു കേട്ടിതൂക്കെടാ" എന്ന് .അയിരൂരില്‍ തന്നെ മറ്റൊരു പടയനിക്കാലത്ത് കമ്പകെട്ടുമത്സരം നടത്തിയപ്പോള്‍ പുതിയകാവ് ദേവിക്ഷേത്രത്തിന്‍റെ ഓടുകള്‍ നിലംപതിച്ചു.'

സാമ്പത്തികമായി
വളരെ ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന പല കുടുംബങ്ങളും പടയണി നിമിത്തം ദരിദ്രരായി. കോലം എഴുതുന്ന വീടുകളില്‍ എത്ര പേര്‍ വന്നാലും അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കുക എന്നത് പടയനിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അനാചാരമാണ്. നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍റെ ആത്മകഥയായ 'എന്‍റെ ജീവിത സ്മരണകളില്‍ ' പടയണി സംസ്കാരം സമൂഹത്തില്‍ വരുത്തിവച്ച വിനകള്‍ പ്രതിപാതിക്കുന്നുണ്ട്. അദ്ദേഹം വളരെ വേദനയോടെയാണ് ദുരാചാര സമൃദ്ധമായ കലാരൂപത്തെ നോക്കികണ്ടത്.

പടയനികാലത്ത്
ഗ്രാമത്തിലെ ഊടു വഴികളിലും കാട്ടുപൊന്തകളിലും മദ്യവില്‍പ്പന സജീവമാകാറുണ്ട്. പടയണി തുള്ളുന്നവര്‍ പോലും പലപ്പോഴും മദ്യലഹരിയിലാണ് ദൈവികമായ കലാരൂപം അവതരിപ്പിക്കുന്നത്.ബ്രിട്ടീഷുകാര്‍ ചൈനക്കാരെ കറുപ്പിന്റെ ലഹരിയില്‍ ആറാടിച്ചപോലെ പടയണി സംസ്കാരം മധ്യ തിരുവിതാംകൂറിലെ ഗ്രാമങ്ങളെ മദ്യത്തില്‍ മുക്കിയെടുത്ത്. ലക്ഷ്യബോധമില്ലാതെ പടയണി തുള്ളിയും മദ്യപിച്ചും ജീവിതം തള്ളിനീക്കിയ ഒരു വിഭാഗം ജനങ്ങള്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും പടയനിയുമായി ബന്ധപ്പെട്ടും അതിന്‍റെ മഹത്വം ഘോഷിച്ചും നടക്കുന്ന പലരും മദ്യപിച്ചു ലക്കുകെട്ട് നടക്കുന്നത് കാണാന്‍ സാധിക്കും.

ചട്ടമ്പി
സ്വാമികളുടെ ശിഷ്യരുടെയും പ്രബുദ്ധരായ ചില നാട്ടുകാരുടെയും പ്രയത്ന ഫലമായി അയിരൂരില്‍ പടയണിയുടെ പ്രാധാന്യം കുറഞ്ഞു. അവര്‍ പമ്പാമണപ്പുറത്ത് പന്തല്‍കെട്ടി ഹിന്ദുമത പരിഷത്ത് ആരംഭിച്ചു. അങ്ങനെ ക്ഷയോന്മുകമായ ഗ്രാമാന്തരീക്ഷത്തില്‍ മാറ്റത്തിന്‍റെ പ്രൌഡി കൈവന്നു. എന്നാല്‍ മറ്റു പല ഗ്രാമക്കാരും പഴയപടി തുടര്‍ന്നു അവര്‍ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കയങ്ങളില്‍ പതിച്ചു.

അത്തരം
ഒരു സാഹചര്യം പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന സ്ഥലത്തും നിലനിന്നിരുന്നു. ഇരുപത്തിനാല് മുതല്‍ ഇരുപത്തിഎട്ടു വരെ ദിവസം നീണ്ടുനിന്നിരുന്ന പടയണി ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെട്ട ചിലര്‍ മുന്‍കൈയെടുത്ത് പടയണികളത്തില്‍ ഞെരിഞ്ഞില്‍ വിതറുകയും തപ്പ്(വാദ്യോപകരണം) എടുത്ത് കിണറ്റില്‍ എറിയുകയും ചെയ്തു. അങ്ങനെ പടയണിയും നിന്നു.

എന്നാല്‍
ഇന്ന് വീണ്ടും പടയണിയെ പുനര്‍ജീവിപ്പിക്കുവാനായി ചിലര്‍ ജീവിതം ഒഴിഞ്ഞുവച്ചിരിക്കുന്നു. പടയണിയുടെ മനോഹരമായ സംഗീതത്തെയും ചുവടുകളെയും മാത്രമല്ല അതുമായി അനുബന്ധമായ എല്ലാ അനാചാരങ്ങളും കുഴിതോണ്ടി പുറത്തിടാന്‍ അവര്‍ അഹോരാത്രം പരിശ്രമിക്കുന്നു. ഒരു പരിധി വരെ അവര്‍ അതില്‍ വിജയം വരിച്ചിരിക്കുന്നു. പടയണി നിന്നുപോയ പലയിടത്തും അത് പുനരാരംഭിച്ചു. കെടുതിയില്‍ നിന്നും കരകയറിയ ജനതയെ വീണ്ടും കലാരൂപം ദുരിതകയത്തില്‍ തള്ളിയിടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Wednesday, 14 March 2012

പരിണാമം

തിനയില്ലാ വയലുകളെ
അയവിറക്കി സ്മൃതിശൈലങ്ങള്‍
തീര്‍ക്കുന്ന വര്‍ണ്ണ പ്രപഞ്ചം.
പ്രഹസന ജീവിത പുണ്യശിഖരം.
അരികിടിഞ്ഞ പുഴയും പുഴുവരിച്ച ഇലയും
പടവെട്ടിടും പകലും മാത്രമീ
നയന ദ്വന്ദ്വങ്ങള്‍ പകര്‍തിടും ചിത്രങ്ങള്‍.

യുക്തി വിതച്ച ആചാരങ്ങള്‍ തിക്ത
ചരിത്രം രചിക്കും ദിനരാത്രങ്ങള്‍.
കഴുകന്‍ വലംവേച്ചിടും സര്‍പ്പകാവും
ഉച്ചഭാഷിണി മുഴങ്ങും മന്ദിരങ്ങളും
അയവിറക്കാന്‍ മറന്ന പൈക്കളും
വാടകയ്ക്ക് തുള്ളുന്ന കോമരവും
നേര്‍ച്ചയായി ഉരുളുന്ന കാലച്ചക്രവും.

ഇവ ഏതെങ്കിലും സാഗരത്തെ
വരിക്കാന്‍ ഓര്‍ക്കുമോ.