Saturday 27 April 2013

പകലെവിടെ ?

ഇന്നലെ പകലുണ്ടായിരുന്നോ ?
ഓർമ്മകൾ ചികഞ്ഞിട്ടൊരു 
പല്ലും നഖവും പോലും കിട്ടിയില്ല 
ഇന്നെവിടെയാ നിൽക്കുന്നത് ?
ഒരു കോണിപ്പടിയുടെ അന്ത്യത്തിൽ 
എങ്കിൽ ഇനി താഴോട്ടിറങ്ങാം 
താഴെ എവിടെ ?
അങ്ങനെയൊരു 'താഴെ' ഉണ്ടോ ?
താഴെയും വായു മുകളിലും വായു
 അപ്പോഴതാ  വരുന്നു ഒരു JCB കൈ 
കോണിയോടെ എടുത്ത് 
ഒരു ടിപ്പറിൽ കുടഞ്ഞിട്ടു , പിന്നെ 
ഇന്നലത്തെ പകൽ പോയവഴിയെ 
പ്രയാണവും ആരംഭിച്ചു .. 




  (ചിത്രം ഗൂഗിളില്‍ നിന്ന്)
 


Wednesday 24 April 2013

മൂന്നു പാഴ് വിലാപങ്ങൾ

നഖമൊടിഞ്ഞ  സമൂഹം കത്തിയു-
മായെത്തി ആരുടെയോ  മുഖംമൂടുമീ 
കറുത്ത ശീല നേരെയാക്കി,
മടങ്ങുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ 
പോറൽവീണ ഒരു വാൽക്കണ്ണാടി മാത്രം  
                            ****
താങ്ങുപോയി കഴുത്തൊടിഞ്ഞ ഒരു 
കുടിവാഴ പിണ്ടിയിൽ നിന്നും 
നാരുപിരിച്ചൊരു വടം പണിത 
പൈതൃകം ഇന്നൊരു കറിവേപ്പില 
കരിവണ്ടുമൂളുന്ന രാഗങ്ങളിൽ പലതിലും 
കരിപുരണ്ട വിലാപങ്ങൾ വിരിവെച്ചു 
                            ****
ആഴത്തിൽതുഴയൂന്നി കടവുകൾ താണ്ടുന്ന 
കടത്തുകാരന്റെ വിയർപ്പുകണം 
പുഴയെ കടലിൻ പര്യായമാക്കില്ലൊരിക്കലും 
കന്നിൻ പുറത്തെ പ്രാണി കണക്കെ 
വാലിട്ടടിയിൽ ചുവർച്ചിത്രമാകുമെന്നു മാത്രം 


Sunday 21 April 2013

ചിന്തകൾ ശത്രുക്കൾ



ചിന്തകൾ ചിലനേരം ശത്രുക്കൾ 
ലജ്ജതൻ വഴിയിലെ പരവതാനികൾ 
അവയുടെ കൈത്തിരി നാളങ്ങൾ 
നീളുന്നു പതിതഹൃത്തിൻ ഉള്ളറകളോളം 
നീർക്കുമിളയുടെ ആയുസ്സർഹിച്ച 
കാര്യങ്ങൾ ആയുസ്സൊടുങ്ങും 
കാലങ്ങളിൽ പോലും നീറിപ്പുകക്കും 
ചിന്തകൾ ചിലനേരം ശത്രുക്കൾ .. 




  (ചിത്രം ഗൂഗിളില്‍ നിന്ന്)

Sunday 7 April 2013

സ്വപ്നം

നിലാമഴയിൽ കുളിരിനെ 
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ 
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ 
അരികത്തണക്കുന്ന  അത്ഭുത വിദ്യ 
ആരോരുമറിയാതെ മന്ദഹസിക്കുവാൻ 
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ 
ഏകാന്ത പഥികനായി വയലേല പുൽകുവാൻ 
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ 
അന്ധകാരത്തിൻറെ  ആഴങ്ങൾ തിരയുവാൻ 
എന്നെന്നും എന്നിൽ വന്നു നിറയുന്ന 
കുളിരുള്ളോരഗ്നി അതാണ്‌ സ്വപ്നം .... 

Saturday 6 April 2013

ലയം


ഒഴുകിയൊഴുകിയൊരു 
അനുഭൂതി തരംഗത്തിൽ  
അതിരുവിട്ടു പറന്നു 
വിഹായസ്സിൽ .. 
വെരുകുപോലലയുന്ന ചിന്തകൾ  
ശംഖിനുള്ളിൽ നിറച്ച് 
ഭാരമെല്ലാംമൊഴിച്ച്  
ചിന്മുദ്രപൂകി .... 





  (ചിത്രം ഗൂഗിളില്‍ നിന്ന്)