Thursday, 25 July 2013

ഇങ്ങനെയും സദാചാരം സംരക്ഷിക്കാം

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ? ഈ ചൊല്ലിനു തെളിവ് നൽകാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഈ സംഭവം പറഞ്ഞു കൊടുക്കുക.പന്തളം എൻ എസ്  എസ് കോളേജിൽ മുമ്പുണ്ടായിരുന്ന ഒരു പ്രിൻസിപ്പൽ കോളേജിലെ  സദാചാരം സംരക്ഷിക്കാൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾ ഇത്തരത്തിൽ ഒരു ഇല്ലം ചുടൽ ആയിരുന്നു.  കോളേജിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ആണത്രേ വിദ്യാർഥികളുടെ സദാചാര മൂല്യങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത്. അതിനാൽ പരമാവധി മരങ്ങൾ വെട്ടി വിൽപ്പന നടത്തി സദാചാരവും കോളേജ് പി.റ്റി.എ ഫണ്ടും സംരക്ഷിച്ചു.മരം ചുറ്റി പ്രേമം കോളേജുകളിൽ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. മരത്തിൻറെ സംരക്ഷണ മതിലുകളിൽ ഇരുന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ  വിദ്യാർഥികൾ സംസാരിക്കുന്നത് കണ്ടിട്ടാണ് പ്രിൻസിപ്പൽ ഈ നടപടിയെടുത്തത്. നിരവധി മരങ്ങൾ ഈ ഹമ്മുരാബി നിയമത്തിൽ കടപുഴകി വീണു. നാഥനില്ലാ കളരിപോലെ സംരക്ഷണ മതിൽ അവശേഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബുകളുടെയും , N C C, N S S മുതലായവയുടെയും  നേതൃത്തത്തിൽ കാലാകാലങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ കടയ്ക്കൽ കത്തിവെച്ചുള്ള സദാചാര സംരക്ഷണം എവിടെയും എത്തിയുമില്ല. ആളൊഴിഞ്ഞ കോളേജ് വരാന്തകളിൽ ഇപ്പോഴും പ്രണയ സല്ലാപങ്ങൾ മുറയ്ക്ക് നടക്കുന്നു. ഇനി സദാചാരം സംരക്ഷിക്കാൻ കോളേജിന്റെ മേൽക്കൂര തകർക്കുന്ന പ്രിൻസിപ്പാളിന്റെ വരവുംകൂടിയായാൽ സദാചാര സംരക്ഷണം പൂർത്തിയാകും...

Wednesday, 17 July 2013

അശോകൻറെ അഹിംസയും ശരിയായ അഹിംസയും

അഹിംസയാണ് പരമമായ ധർമ്മം എന്ന ആർഷബോധത്തോട് ബഹുമാനമുള്ളതുകൊണ്ട് അതിനെപ്പറ്റി ചിലത് പറയാൻ ആഗ്രഹിക്കുന്നു. ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഭാരതത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടാറുള്ളത്‌ അശോക ചക്രവർത്തിയെയാണ്. എന്തെന്നാൽ കലിംഗ യുദ്ധാനന്തരം രക്തരൂക്ഷിതമായ യുദ്ധത്തിൻറെ മൃഗീയത കണ്ടു പശ്ചാത്താപവിവശനായി അദ്ദേഹം ശിഷ്ട ജീവിതം ബൌദ്ധ ധർമ്മമനുസ്സരിച്ച് ജീവിച്ചു. ജീവിതത്തിലുടനീളം അഹിംസയെ ഉയർത്തിക്കാട്ടി. അങ്ങേയറ്റം ചെന്ന് കുടിവെള്ളം പോലും അരിച്ച്കുടിക്കുന്ന ഒരവസ്ഥയായി എന്നതെല്ലാം അശോകനെ കുറിച്ച് നാം സ്ഥിരം കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്.ഇവയെല്ലാം അദ്ദേഹത്തിൻറെ മഹത്വമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മിൽ ചില സംശയങ്ങൾ ഉയരും. ഒരു സന്യാസിയാണ് അശോകൻ എങ്കിൽ അദ്ദേഹത്തിൻറെ ജീവിതം മഹത്തരമായി കണക്കാക്കാം. പക്ഷെ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വധർമ്മത്തിൽ വീഴച്ചവരുത്തുകയാണ് ചെയ്തതെന്നു പറയേണ്ടി വരും 

ദണ്ഡനാധികാരം പ്രയോഗിക്കേണ്ട ഭരണാധികാരി ഒരു സന്യാസിയായി ജീവിയ്ക്കുന്നത് പാപമായി വേണം കരുതാൻ. രാജാവിന് തൻറെ പ്രജകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. രാജഭരണത്തിൽ എന്നല്ല ആധുനികമായ അധികാര വികേന്ദ്രീകൃത സർക്കാരുകളിലായാലും ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ ഇതും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ പലപ്പോഴും വധശിക്ഷ ഉൾപ്പെടയുള്ള ശിക്ഷകൾ വിധിക്കേണ്ടതായും വരും. രാജ്യത്തിൻറെ പൊതുവായ നന്മയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം ഹിംസകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായാണ്‌ ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടയുള്ള ഭാരതീയ ഋഷിപരമ്പരയുടെ പക്ഷം. ബുദ്ധൻറെ സിദ്ധാന്തങ്ങളുടെ ഒരു ദോഷമായി കരുതേണ്ടത് ഈ അഭിപ്രായത്തോടുള്ള വിയോജിപ്പാണ്. ബൗദ്ധ ദർശനങ്ങൾ വിപ്ലവാത്മകമെന്നു തോന്നാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുവെങ്കിലും അവ ഭാരതീയ ശിഥിലീകരനത്തിനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അശോകനുൾപ്പെടെയുള്ള ഭരണാധികാരികൾ ഈ പ്രമാണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ശാക്തികമായും സൈനികമായും ഭാരതീയ രാഷ്ട്രങ്ങൾ( വിവിധങ്ങളായ എന്നാലും ഒരേ മൂല്യങ്ങൾ പിന്തുടർന്നിരുന്ന ) ദുർബ്ബലമായി. ഈ ദൗർബല്യമാണ് ശ്രേഷ്ടമായ ഒരു പാരമ്പര്യത്തിൽ നിന്നും ഭാരതത്തെ വൈദേശിക ആധിപത്യത്തിൻറെ തുടർക്കഥകളിലേക്ക് തള്ളിവിട്ടത്.

അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ?  ഈ അവസ്ഥയിൽ കൈകെട്ടിയിരിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ അതിലും വലിയ പാപമുണ്ടെന്ന് കരുതാൻ കഴിയില്ല. രാജ്യം കുരുതിക്കളമായി മാറും എന്ന് തീർച്ച.അദ്ദേഹത്തിൻറെ പൂർവ്വികരുടെ മഹത്വംകൊണ്ടോ ദൈവാധീനം കൊണ്ടോ അങ്ങനെയൊരു അക്രമി വന്നില്ല.

മഹാഭാരത യുദ്ധത്തിന് ചൂട്ടുപിടിച്ചുവെന്നാണല്ലോ ശ്രീകൃഷ്ണനെതിരെയുള്ള ആക്ഷേപം. എന്നാൽ ഏറ്റവും പ്രായോഗികമതിയായ അഹിംസകാരൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് ബുദ്ധിയുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകും. അധർമ്മ പക്ഷത്തായിരുന്ന കൗരവരോട് ഫലമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ പാണ്ഡവർക്കുവേണ്ടി അദ്ദേഹം കഴിയുന്നത്ര യാജിച്ചു. അവർക്കർഹമായ രാജ്യത്തിൻറെ പകുതിയെന്നു തുടങ്ങി അഞ്ചു ഗ്രാമങ്ങൾ , അഞ്ചു ഭവനങ്ങൾ, അഞ്ചുപേർക്കുമായി ഒരു വീട് എന്ന നിലയിൽ ആവശ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്തു. ഇവയൊന്നിനും വഴങ്ങാത്ത ദുര്യോദനൻ പാണ്ഡവർക്ക് സൂചികുത്താൻ ഇടം നൽകില്ല എന്ന ഏറ്റവും അധാർമ്മികമായ നിലപാട് സ്വീകരിച്ചപ്പോഴാണ് കാര്യങ്ങൾ രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങിയത്. കൃഷ്ണൻ യുദ്ധം ഒഴിവാക്കാൻ എത്രമാത്രം ശ്രമിച്ചുവെന്നത് ഇവിടെ വ്യക്തം. ഇത്തരം സാഹചര്യങ്ങളിൽ അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുന്നതാണ്‌ ശ്രേഷ്ഠം.

അശോകന് ലൗകിക സുഖങ്ങളോടു വിരക്തി തോന്നിയെങ്കിൽ സ്ഥാനത്യാഗം ചെയ്ത് സന്യാസിയ്ക്കാമായിരുന്നു. അല്ലാതെ ഭരണാധികാരി സന്യാസിതുല്യനായി മാറുന്നത് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അഹിംസയാണ് പരമമായ ധർമ്മം. അതോടൊപ്പം അനിവാര്യമായ ഹിംസ ചെയ്യാതിരിയ്ക്കുന്നത് തെറ്റാണ്. അശോകൻ എന്ന ഭരണാധികാരി യാതൊരു ബഹുമാനത്തിനും അർഹനല്ല ..


  (ചിത്രം ഗൂഗിളില്‍ നിന്ന്)

Monday, 1 July 2013

യാത്രാമൊഴി

കെട്ടുപൊട്ടിപ്പറക്കും ഓർമ്മതൻ
നൂലുകൾ വഴിപിരിയും വിഹായസ്സിൽ
ഉച്ചമാം സന്ധ്യയുടെ മടിത്തട്ടിൽ
നീണ്ടു നിവർന്നു കിടന്നു ജീവൻ
കേഴു
ന്ന  തിങ്കളും ആത്മശാന്തിക്കായി
വെമ്പു
ന്ന  ആത്മാവും നിന്നൂ ധ്രുവങ്ങളിൽ
ചൂണ്ടുപലകയായി മാറുവാൻ കാലമൊരു
നെയ്ത്തിരി ചിരാത് പണിതുവെച്ചു
ഇതുവഴി ഓടുകെന്നാർത്തു വിളിച്ചു -
കൊണ്ടൊരു പറ്റമാളുകൾ കാത്തുനിന്നു
പലവഴിയില്ലാത്ത യാത്രതന്നാരംഭം
ആർപ്പുവിളികളിൽ അലിഞ്ഞുപോയി
ഊർദ്ധശ്വാസം തളം കെട്ടിനിൽക്കുന്ന
അറയുടെ പൂമുഖത്തൊരു നീളൻ വാഴ -
യില തെക്കുനോക്കിയെന്തോ പിറുപിറുത്തു
വഴിത്താരയിൽ  പൂത്തുപടർന്നൊരു
പിച്ചകം വെട്ടിയൊതുക്കി നിർത്തി
മാമ്പഴതേൻമണം പൂവിട്ടകൊമ്പുകൾ
വന്നു പതിച്ചതൊരിളം മനസ്സിൽ
ഇടവിട്ടു പൊഴിയുന്ന മഴയുടെ
ആരവം ദായനും ബായനും പോലെനിന്നു
ഇതിനിടെയാരോ പറഞ്ഞുവത്രേ
നേരമായി നേരമായി എടുക്കവേഗം
തെക്കെതൊടിയിലെ രാമച്ചമെത്തയിൽ
പന്തം പടർത്തി യാത്രചൊല്ലാൻ
ഒരുകൂട്ടമാളുകൾ അക്ഷമരായി കാത്തുനിന്നു
അവരുടെ കൈകളിൽ ഇനിയുള്ള
യാത്രയുടെ രേഖകൾ തെളിഞ്ഞുനിന്നു
അവർ അകന്നുനിന്നു, യാത്രചൊല്ലിനിന്നു ..