Sunday 30 June 2013

മറവിയില്ലാത്ത അലച്ചിൽ

നിലാവ് പെയ്തു നിറഞ്ഞ നടുമുറ്റത്തൊരു
തുളസിക്കതിർ നുള്ളി നീ നിൽക്കെ
വിഭ്രാന്തി മാറ്റൊലി കൊള്ളും മനസ്സുമായി
മാലികനായി ഞാൻ അലഞ്ഞു
മൂകത പരന്ന രാവിന്റെ ഇടനാഴി
പ്രണയസ്വപ്നങ്ങൾ വലിച്ചിഴച്ചു
കൈതവം കേളികളാടും നിൻ മിഴികളിൽ
എന്റെ അന്ധത ചാലിച്ച് സുറുമയിട്ടു
വിജനത നിനച്ച് യാത്ര തുടങ്ങി ഞാൻ
അലഞ്ഞു വലഞ്ഞു ജനവൃന്ദങ്ങളിൽ
മറവിയാം രാജിക്കൊരുങ്ങില്ലൊരിക്കലും
താഴിട്ടുപൂട്ടുവാൻ പഴുതുമില്ല ..

അറിയുന്നവർ പറയുക

കാലിൽ ചുറ്റുവാനൊരു വള്ളിതേടി
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ 
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ 
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ 
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ 
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ 
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ 
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..

Tuesday 25 June 2013

പൊരുതുക നീ നിനക്കായി



കൊലുസിലെ മണികൾ 
പതിനാറു ചിലച്ചാൽ 
പിന്നെ മുഴങ്ങുന്നത് മരണമണി 
പുസ്തക സഞ്ചിയുടെ നൂലിഴകൾ 
ഇഴപിരിഞ്ഞ് വഴിപിരിഞ്ഞു 
തോളോട് തോളൊത്തു നിൽക്കുവാൻ 
ത്രാണിവരും നാളുകൾ വിദൂരം 
എങ്കിലും മണിയറ വാതിലുകൾ 
മാത്രമുള്ളൊരു മുറിയിലകപ്പെട്ട 
മാൻപേടയാണ് നീ
രാജനീതി അനീതിയുടെ ശാസനകൾ 
കാഴ്ച്ചവെച്ചാൽ പിന്നെ,
നിനക്ക് നീ മാത്രം രക്ഷ 
പൊരുതുക നീ നിനക്കായി..





  (ചിത്രം ഗൂഗിളില്‍ നിന്ന്)

Wednesday 5 June 2013

പൂക്കൾ കൊഴിഞ്ഞാൽ

കാടുള്ളൊരുനാൾ,
പുഴയതിൽ ഉറപൊട്ടും.
പുഴയുള്ളൊരുനാൾ,
കുടമതിൽ തലപൊത്തും.
ഇവയുള്ളൊരു കാലം
ഭൂമിക്കും പൂക്കാലം 
പൂന്തോപ്പിൽ പൂത്തുലയും 
പൂവെല്ലാം കൊഴിയുംനാൾ
നാമെല്ലാം വിലയിക്കും 
പട്ടടയുടെ വിരിമാറിൽ ..





  (ചിത്രം ഗൂഗിളില്‍ നിന്ന്)