Thursday 30 August 2012

ഓര്‍മയുടെ പടവുകള്‍


ഓടിയോടിയലഞ്ഞു  പലനാളില്‍  പൊന്തയും
കാടും കളങ്ങളും താണ്ടി പലവുരു 
സ്വാര്‍ത്ഥ മന്ത്രങ്ങള്‍ ഉരുവിട്ടുനിന്നു 
പല പാദങ്ങള്‍ പതിഞ്ഞു പദം-
വന്ന കുളത്തിന്‍ പടവില്‍ ഒരുപാട് 
മോഹങ്ങള്‍ ചിറകറ്റുവീണ് പിറന്നൊരു 
പാറകള്‍ കൊത്തി മിനുക്കി പണിത 
പടവുകള്‍ പഴകിയ ഓര്‍മകള്‍ 
കുളിയും ജപവുമായി  ഉള്ളൊരാത്മ ബന്ധം 
ഉറപ്പിച്ച നാളതിന്‍ മുന്നേ ആരോ അറിയാതെ 
പണിതൊരു പടവുകളില്‍ 
ഓളങ്ങളും ചുഴികളും കൈചൂണ്ടി 
കാട്ടിയ മരതക കോട്ടയും കൊട്ടരക്കെട്ടും 
വടവൃക്ഷങ്ങളും വള്ളിപടര്‍പ്പും  ഇമ -
ചിമ്മാതെ നോക്കി നിന്നുപോയി ഒരുനിമിഷം 
ഓരിയിട്ടു  കുറുനരി ഇടവിടാതെന്‍ ബോധ-
മണ്ഡലം തിരികെ വരും വരെ 
പല നിറങ്ങളില്‍ പതഞ്ഞു പൊങ്ങിയ 
വെള്ളത്തില്‍ ഒരുനാളും പഴമതന്‍ 
മുദ്രകള്‍ പതിയാതെ കാത്ത കാലത്തെ 
സ്മരിച്ചു നിന്നൂ ഒരു നിമിഷം 
കണ്ണേറില്‍ നിന്നുമാ തെളിമയെ കാക്കുന്ന 
കണ്മഷിചെപ്പേതെന്ന്‍ തേടിയാല്‍ 
കണ്ടെത്തും ഒരു മുത്തശ്ശന്‍ താന്നിതന്‍ 
സുദൃഡ ഹസ്തം വിരല്‍ചൂണ്ടി നില്‍ക്കുന്നു 
തെളിമയെ പകുക്കുന്ന രേഖയായ് 
ചതുരചെപ്പില്‍ ആ കണികകളെ തളച്ചു നിര്‍ത്തുന്ന 
കെട്ടിലും കാണാം വൈഭവ ചിഹ്നങ്ങള്‍ 
മുത്തുകള്‍ കോര്‍ത്തൊരു മാലപോല്‍ തോന്നിച്ചു 
ശിലാപാളികള്‍ കോണ്ടുള്ളൊരാ   രചന 
രചിച്ച നാളും രചയിതാവിനെയും ഓര്‍ത്തെടുക്കാന്‍ 
ഇന്നിന്‍റെ അറിവുകള്‍ പരിമിതമെന്നുറച്ചു 
തിരികെ പടവുകള്‍ കയറുമ്പോള്‍ മനസ്സിന്‍റെ 
ഉള്ളറയില്‍ ഒരുതുള്ളി നറുതേന്‍ ഉറയുന്ന 
അറിവാല്‍ തിരിഞ്ഞുനിന്നൊന്ന്‍ നമസ്കരിച്ചു 



Friday 24 August 2012

ജ്വാലകീല

വടക്കിനി ജാലകത്തിലൂടെ
ഞാനാ മലങ്കാവിലേക്ക് നോക്കി .
തിരി കെടാതൊരു വിളക്കിപ്പഴും
കത്തുന്നു നേരം മറന്നും.

അതിരുമാന്തി എത്തിയ
കാവിന്‍റെ അയല്‍ക്കാര്‍
വെരുകിനെപ്പോല്‍
അക്ഷമരായി പായുന്നു.
റബ്ബറിന്‍ കരിയില കൂമ്പാര-
ത്തിനു നടുവില്‍ കെട്ടിയ
കൂടാരത്തില്‍ ഭയമൊഴിഞ്ഞൊരു നേരമില്ല

കാവില്‍ തിരിവെക്കാനെത്തുന്ന
മാനവ ഭീതിയെ ഭയക്കുന്ന ഭീരുക്കള്‍.

അഗ്നി ദേവനാകുന്നു ചിലര്‍ക്ക്
അസ്ത്രമാക്കുന്നു മറ്റു ചിലര്‍.
ഭയമുതിരുന്ന സ്വപ്നമായി മാറുന്നു,
അധര്‍മ്മ ചുഴിയില്‍ അകപ്പെട്ട കൂട്ടര്‍ക്ക്.

ഇതെല്ലം കാണുന്ന കേവലം
നിരീക്ഷകന്‍ ഞാന്‍
പതിവിലും വേഗത്തില്‍
കൊട്ടിയടക്കുന്നു ജനാലകള്‍.


Thursday 23 August 2012

പുകമറ

മനമുരുകും സന്ധ്യയില്‍ ദീര്‍ഘ-
നിശ്വാസത്തിനു കാതോര്‍ക്കുമ്പോള്‍
നിഘണ്ടുവില്‍ കരുണ തേടി
അലഞ്ഞവനാണ് ഞാന്‍.
പൂക്കള്‍ മാത്രം കണ്ടു.
കരയുന്ന പൂക്കളും ചിരിക്കുന്ന
പൂക്കളും എന്നെ തിരിച്ചറിഞ്ഞില്ല .
എന്നാല്‍ ചിരിച്ചുകൊണ്ട് കരയുന്ന
പൂക്കള്‍ ഒരുനിമിഷം തലകുനിച്ചു.
മൂടല്‍ മഞ്ഞിന്‍റെ വികൃതികള്‍
മാത്രമെന്ന് ഞാന്‍ വിധിയെഴുതി.
പഴി ചാരി പടികള്‍ ഓരോന്നായി
കടന്നു നിര്‍വൃതി തേടി.
നിരാലംബതയെ ചൊടിപ്പിക്കുകയും
ചിരിമയം കലര്‍ത്തുകയും ചെയ്തു .
കടമ്പിന്‍ കൊമ്പില്‍ ചാടിക്കയറിയ
കുരുന്നുപോല്‍ അശ്രദ്ധനായി
അലയാഴിയില്‍ തുഴയുകയായിരുന്നു,
കരതേടി അലയുകയായിരുന്നു.
പങ്കായം വലിച്ചെറിഞ്ഞ് ഞാന്‍
നടുക്കടലില്‍ പകച്ചു നിന്നു.
പിന്നെ എല്ലാം പുകമറയായി
രംഗം അവസാനിച്ചു.





Tuesday 14 August 2012

ദിനചര്യ


കാലചക്രം ഉരുളുന്നു
കിനാവുകള്‍ പായകള്‍ നെയ്യുന്നു
കുന്നുകള്‍ തോറും പറവകള്‍
കതിരുകള്‍ കൊത്തി പറന്നു
ചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞു
ചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നു .
 പ്രഭാതം മഷിക്കുപ്പി തുറന്നു
പേനയില്‍ മഷി നിറച്ചു
കൈകള്‍ യന്ത്രങ്ങളായി
നിമിഷങ്ങള്‍ ശരങ്ങളായി
താളുകള്‍ പൂര്‍ത്തിയായി
മഷിക്കുപ്പി മറിഞ്ഞു
താളുകള്‍ വികൃതമായി.തീവണ്ടി ചൂളം വിളിച്ചു
പതിയെ നീങ്ങി തുടങ്ങി
അജ്ഞാതന്‍ അതിവേഗം
ഓടിക്കയറി ചിന്തകള്‍ ഉരച്ചു
തീപ്പൊരി ചിതറി കത്തിയമര്‍ന്നു.