Friday 13 December 2013

നിറം മങ്ങിയ ജ്വാല ..

ഓർമ്മുടെ താളിലെ കാഴ്ചകളൊന്നും 
മറവിയുടെ ചിറകേറി അകലുകയില്ല 
എരിയാതെ നീറുന്ന കനലിൽ ,
കവിത നദിയായി ഒഴുകുന്നതറിയൂ 
നനവിന്റെ കുളിരിൽ വിറകൊണ്ട കവിളിൽ 
നന്മയുടെ ശോണിമ തിരിയിട്ടുണർത്തൂ
ആരാലുമറിയാതെ അലയുന്ന ചിന്തകൾ 
ചന്ദനഗന്ധിയാം വിപിനാന്തരങ്ങളിൽ 
വിശ്വാസദീപ്തിയിൽ വിശ്രമിച്ചിന്നലെ 
ആരവമില്ലാതെ ആഘോഷമില്ലാതെ 
കാഴ്ച്ചയുടെ കേൾവിയുടെ മധുരിമ നുകരുവാൻ
ഏകാന്ത പഥികനായി എലികകൾ ഭേദിച്ചു 
അനുവാദമില്ലാതെ പടികടന്നെത്തുന്ന 
വഴിപോക്കർ പരിഭവം പറയില്ലയോർക്കുക 
വാക്കുകൾക്കുള്ളിൽ ചാലിച്ചുചേർത്ത 
കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലിൽ 
ആത്മാർത്ഥതയുടെ ജ്വാലാമുഖത്തെ 
അറിയാതെ അകലുവാൻ അനുവദിക്കരുതെ ...

.

Tuesday 3 December 2013

മനുസ്മൃതിയിലെ സ്ത്രീ

മനുസ്മൃതിയിലെ രണ്ടു പ്രസ്താവനകളെക്കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ..

ഒന്ന്  ..
      
"യത്ര നാരിസ്തു പൂജ്യതേ 
രമന്തേ തത്ര ദേവതാ "

രണ്ട് ..

"പിതാ രക്ഷതി കൗമാരേ 
ഭർതോ രക്ഷതി യൗവ്വനേ 
പുത്രോ രക്ഷതി വാർദ്ധക്യേ 
ന സ്ത്രീ സ്വാതന്ത്യമർഹതി "

   ഇവ രണ്ടും അഭിനവ 'ബുദ്ധിജീവികൾ' സന്ദർഭാനുസരണം എടുത്ത് അമ്മാനമാടുന്നവയാണ്. ആദ്യത്തേതിൽ സ്ത്രീകൾ പൂജ്യരാണെന്നും എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നുവെന്നും പറയുന്നു.ഈ അഭിപ്രായം സാർവത്രികമായി അംഗീകരിച്ചിരിക്കുന്നു. പക്ഷെ രണ്ടാമത്തെ ശ്ലോകം മനുവിനെ ഒരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിക്കാനാണ് 'ബുദ്ധിജീവികൾ' ഉപയോഗിച്ച് കാണുന്നത്.
കൗമാരത്തിൽ പിതാവിനാലും, യൗവ്വനത്തിൽ ഭാർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രന്മാരാലും രക്ഷിക്കപ്പെടേണ്ടവളാണ്( ഭരിക്കപ്പെടേണ്ട) സ്ത്രീ എന്ന് അവർ പൊതുവെ അർത്ഥം നൽകുന്നു ..

  പക്ഷെ സംസ്കൃതഭാഷാ രചനകളെ അതിന്റെ സാമ്പ്രദായിക ചിട്ടകളോടെ മനസ്സിലാക്കാൻ കഴിയാത്തതാണ് 'ബുദ്ധിജീവികളെ' ഇങ്ങനെ ഒരു അഭിപ്രായത്തിൽ കൊണ്ടെത്തിക്കുന്നത് എന്നാണു പ്രൊഫ.തുറവൂർ വിശ്വംഭരന്റെ അഭിപ്രായം. സ്ത്രീകൾ സംരക്ഷണം അർഹിക്കുന്നുവെന്ന് സമകാലീന സമൂഹത്തെ മുൻനിർത്തി മറ്റൊരു തെളിവുകളുടെയും ആവശ്യമില്ലാതെ നമുക്ക് ബോദ്ധ്യമാകും. അതിനാൽ പിതാവും, ഭർത്താവും,പുത്രനും സ്ത്രീയെ സംരക്ഷിക്കുന്നതിനോട് ഫെമിനിസ്റ്റുകൾ എന്ന ജനുസ്സിൽപ്പെടുന്നവരുൾപ്പടെയുള്ളവർക്ക് എതിർപ്പുണ്ടാകാൻ വഴിയില്ല ..
എവിടെയാണ് ഇവരുടെ എതിർപ്പ് എന്ന് നമുക്ക് നോക്കാം. അവസാന വരിയിൽ പറയുന്ന "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്ന അഭിപ്രായമാണ് ഇവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം എന്നാണ് ധാരണ. എന്നാൽ പ്രൊഫ.തുറവൂർ വിശ്വംഭരൻ പറയുന്നത് "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്നാൽ സ്വന്തമായി തന്ത്രം( തൊഴിൽ, കഷ്ടപ്പാട് എന്നർത്ഥം ) പ്രയോഗിച്ച് ജീവിക്കേണ്ട ഗതികേട് സ്ത്രീക്ക് ഉണ്ടാകാതിരിക്കാൻ സമൂഹവും, രാഷ്ട്രവും സദാ ജാഗരൂഗരായിരിക്കണം എന്നാണ് മനു അനുശാസിക്കുന്നത് .സംസ്കൃതത്തിലെ അൽപജ്ഞാനികൾ ഇത് വളച്ചൊടിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്..

 എനിക്ക് തോന്നുന്നത് ഈ പറഞ്ഞ അഭിപ്രായമാണ് ശരിയെന്നാണ്. സംസ്കൃതത്തിൽ വലിയ അറിവില്ലെങ്കിലും സാമാന്യ യുക്തി എന്നെ ഈ നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു. കാരണം ഒരേ പുസ്തകത്തിൽ ഒരേ വിഷയത്തിൽ (ഇവിടെ സ്ത്രീ) പരസ്പര പൂരകങ്ങളല്ലാത്ത രണ്ടഭിപ്രായമുണ്ടാകുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല ആദ്യം പറഞ്ഞ ശ്ലോകം സാർവത്രിക അംഗീകാരം ലഭിച്ച തർക്കമറ്റ ഒന്നാണ്. ഈ ആധികാരികതയുടെ അടിസ്ഥാനത്തിൽ മാത്രമേ അതേവിഷയത്തെ സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ പരിഹാരം കണ്ടെത്താൻ കഴിയൂ. അങ്ങനെ നോക്കുമ്പോൾ മനു സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടില്ല..



Wednesday 27 November 2013

മഞ്ഞുകട്ട

എന്നുള്ളിൽ ഒരിടം 
ശീതീകരിച്ച മുറി,അവിടെ 
ഉറഞ്ഞുകൂടി ഒരു  മുഷ്ടി 
വണ്ണമെഴുമെൻ ഹൃദയം 
ഇന്നലെ രജനിയിലാരോ 
ഒരുപിടി ഉപ്പുവാരിയിട്ടപ്പോൾ 
അലിഞ്ഞൊഴുകിപ്പരന്നു 
മിഴിയിണത്തടങ്ങളിൽ ........

Thursday 31 October 2013

കൈതവന ദേവീസ്തുതി

കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുൽകുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി  ....
ശംഖ് ചക്ര ഹസ്തയായി അഭയ വരദഭാവമായി
പ്രക്കാനദേശമതിൽ അധിവസിക്കുമംബികേ
കരുണാർദ്ര തിരമാലകളലയടിക്കുമമ്മതൻ
തിരുനടയിലിന്നു ഞങ്ങൾ കാർത്തിക വിളക്കുകൾ
നെയ്ത്തിരിയുടെശോഭയിൽ നിരനിരയായി നൽകിടാം
ആനന്ദവർഷിണി സർവാർത്ഥദായിനി
സകലകലാ വല്ലഭേ സനാതനേ സമ്പൂർണ്ണേ
മഹിഷാസുരമർദ്ദിനി സകലലോക സംരക്ഷക
ശാന്തരൂപം കൈക്കൊണ്ട് അധിവസിച്ചു കൈതവനയിൽ
അഴലാഴിയിലുഴറിവലയും ഭക്തജനവൃന്ദത്തെ
കരവലയപത്മത്തിൽ കാത്തരുളും ഭഗവതി
അജ്ഞാനതിമിരത്താൽ ഞങ്ങൾ ചെയ്ത പാപങ്ങൾ
പുത്രവാത്സല്യ നദിയിൽ ഒഴുക്കി  ഞങ്ങളേവരെയും
മോക്ഷദീപ പന്ഥാവിൽ നേർവഴി നടത്തണേ
അഷ്ടദിക്കൊന്നൊഴിയാതവിടുത്തെ ചൈതന്യം
പകൽപോലെ  തെളിയേണം ശിഷ്ടജന നേത്രത്തിൽ
കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുല്കുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി ..




(പ്രക്കാനം കൈതവന ശ്രീദുർഗ്ഗാ ഭഗവതിയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന പ്രാർഥനാ പുഷ്പം)


Saturday 19 October 2013

വിരഹം

പെയ്തൊഴിഞ്ഞകന്ന മഴയുടെ കുളിരിൽ 
അരികത്തണയുന്ന മൃദു മന്ദഹാസം 
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന് 
ഹൃദയക്കയത്തിൽ  ഇരയെത്തിരഞ്ഞ് 
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ 
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ 
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു 
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും 
കോതിയുണക്കുന്ന കേശസമൃദ്ധിയും 
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും 
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം 
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും 
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..




 (ചിത്രം ഗൂഗിളില്‍ നിന്ന്)

Tuesday 1 October 2013

പുലർകാലം

പുലർവേളയിൽ പെയ്ത പുതുമഴത്തുള്ളി
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ   അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ  സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ  സമ്പൂർണ്ണ ചിത്രം..!!

Friday 20 September 2013

ജന്മദിനം

ചെമ്മാനമിതളിട്ടു വിരിയുന്ന സന്ധ്യയുടെ 
പിന്നാലെ വീണ്ടും വന്നിടും ജന്മദിനം 
വരവേൽക്കുവാനൊരുങ്ങിയീയുമ്മറം 
പലവുരുവന്നു പഴക്കമെഴുമാമുഖം 
വീണ്ടും വരുമ്പോഴും നിരാശയില്ലൊട്ടുമേ 

ആലിലകൊഴിയുമാ അമ്പലമുറ്റത്ത് നിന്നുമാ 
കൊച്ചിളംകാറ്റിൽ ആശംസനേരുന്ന 
തളിരില നോക്കി കൃതജ്ഞത ചൊല്ലിഞാൻ 
വർഷങ്ങളേറി പായുന്ന റെയിലിൻ 
പിൻസീറ്റിലേറി യാത്രചെയ്യുമ്പോഴും 
യാത്രതന്നന്ത്യം എവിടെയെന്നറിയാതെ 
ടിക്കെറ്റെടുക്കാൻ നിർവാഹമില്ലാതെ 
കപടലോകത്തിലെ അംഗമാണിന്നു  ഞാൻ

എങ്കിലുമില്ലെനിക്കൊട്ടുമേ നൈരാശ്യം 
നാളെ പുലർച്ചെയ്ക്കെത്തുന്ന  അതിഥിയെ
തിരിതെളിച്ചാനയിച്ചിരുത്തും മറക്കാതെ 
അന്നെരമെന്നുള്ളിലുള്ള നന്മയൊരെള്ളോളം 
കുറയാതിരിയ്ക്കുവാൻ കനിയേണമീശ്വരാ ..

Wednesday 11 September 2013

സ്നേഹോപഹാരം

വേദന വിരിയുമീ രാവിന്നിടനാഴിയിൽ 
ഏകനായി മിഴിനീർ തുളുമ്പി നിൽക്കെ 
അരുവിയോ കുരുവിയോപാടാത്ത  
പാട്ടുപോൽ  ചിലമ്പൊലിയൊച്ച-
യുതിർത്തുകൊണ്ടാ  നിമിഷഗോപുരം 
കത്തിയമർന്നതു ധൂളിയായി 
കരുണതൻ കാലൊച്ച കാതോർത്തുനിന്നൂ 
പരിക്ഷീണനായി പിന്നെ പരാജിതനായി
വരിയൊത്തു പുൽമേട് തിരയുമൊരു
ആട്ടിൻ പറ്റമതുപോലൊരു ലക്ഷ്യവുമായി 
ഒഴുകുന്ന മാനവനദിയുടെ തീരത്തടിഞ്ഞു 
പരിഭവമില്ലാതെ നിശബ്ദനായനേരം 
നിന്മുഖകിരണമെൻ അന്ധതമൂടിയ 
ഓർമതൻ താളിലുദിച്ചുപൊങ്ങി 
ആശ്വാസദീപ്തി പകർന്നുനൽകി 
ചെറുമന്ദമാരുതൻ മൃദുലമായി നിൻ-
കരതലമതിലധിവസിച്ചോമനിച്ചു
വേദനയെന്തന്നറിയാത്ത പൈതൽപോൽ 
ഞാനെൻ കണ്‍പോളചിമ്മി പുഞ്ചിരിച്ചു 
അത്യഗാധമാം ദൂരത്ത് പായുന്ന മിഴിയിൽ 
പതിയുവാൻ ചെയ്തൊരു പുണ്യമെന്തോ?
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ 
ദീപ്തിക്കൊരായിരം നന്ദിയേകാം ........

Saturday 17 August 2013

രക്ഷകൻ

പുലരിപ്രകാശം നക്കിത്തുടയ്ക്കുവാ-
നെത്തുന്ന നേരത്ത് പുൽനാമ്പിൽ ഞെട്ടി
ത്തരിച്ചു നിന്നൊരു മഞ്ഞുതുള്ളിയെ 
കാറ്റിൻറെ ഊഞ്ഞാലേറി രക്ഷിച്ചു
വൃക്ഷത്തലപ്പിൽ നിന്നൊരു കുഞ്ഞനില


Thursday 25 July 2013

ഇങ്ങനെയും സദാചാരം സംരക്ഷിക്കാം

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ? ഈ ചൊല്ലിനു തെളിവ് നൽകാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഈ സംഭവം പറഞ്ഞു കൊടുക്കുക.പന്തളം എൻ എസ്  എസ് കോളേജിൽ മുമ്പുണ്ടായിരുന്ന ഒരു പ്രിൻസിപ്പൽ കോളേജിലെ  സദാചാരം സംരക്ഷിക്കാൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾ ഇത്തരത്തിൽ ഒരു ഇല്ലം ചുടൽ ആയിരുന്നു.  കോളേജിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ആണത്രേ വിദ്യാർഥികളുടെ സദാചാര മൂല്യങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത്. അതിനാൽ പരമാവധി മരങ്ങൾ വെട്ടി വിൽപ്പന നടത്തി സദാചാരവും കോളേജ് പി.റ്റി.എ ഫണ്ടും സംരക്ഷിച്ചു.മരം ചുറ്റി പ്രേമം കോളേജുകളിൽ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. മരത്തിൻറെ സംരക്ഷണ മതിലുകളിൽ ഇരുന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ  വിദ്യാർഥികൾ സംസാരിക്കുന്നത് കണ്ടിട്ടാണ് പ്രിൻസിപ്പൽ ഈ നടപടിയെടുത്തത്. നിരവധി മരങ്ങൾ ഈ ഹമ്മുരാബി നിയമത്തിൽ കടപുഴകി വീണു. നാഥനില്ലാ കളരിപോലെ സംരക്ഷണ മതിൽ അവശേഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബുകളുടെയും , N C C, N S S മുതലായവയുടെയും  നേതൃത്തത്തിൽ കാലാകാലങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ കടയ്ക്കൽ കത്തിവെച്ചുള്ള സദാചാര സംരക്ഷണം എവിടെയും എത്തിയുമില്ല. ആളൊഴിഞ്ഞ കോളേജ് വരാന്തകളിൽ ഇപ്പോഴും പ്രണയ സല്ലാപങ്ങൾ മുറയ്ക്ക് നടക്കുന്നു. ഇനി സദാചാരം സംരക്ഷിക്കാൻ കോളേജിന്റെ മേൽക്കൂര തകർക്കുന്ന പ്രിൻസിപ്പാളിന്റെ വരവുംകൂടിയായാൽ സദാചാര സംരക്ഷണം പൂർത്തിയാകും...

Wednesday 17 July 2013

അശോകൻറെ അഹിംസയും ശരിയായ അഹിംസയും

അഹിംസയാണ് പരമമായ ധർമ്മം എന്ന ആർഷബോധത്തോട് ബഹുമാനമുള്ളതുകൊണ്ട് അതിനെപ്പറ്റി ചിലത് പറയാൻ ആഗ്രഹിക്കുന്നു. ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഭാരതത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടാറുള്ളത്‌ അശോക ചക്രവർത്തിയെയാണ്. എന്തെന്നാൽ കലിംഗ യുദ്ധാനന്തരം രക്തരൂക്ഷിതമായ യുദ്ധത്തിൻറെ മൃഗീയത കണ്ടു പശ്ചാത്താപവിവശനായി അദ്ദേഹം ശിഷ്ട ജീവിതം ബൌദ്ധ ധർമ്മമനുസ്സരിച്ച് ജീവിച്ചു. ജീവിതത്തിലുടനീളം അഹിംസയെ ഉയർത്തിക്കാട്ടി. അങ്ങേയറ്റം ചെന്ന് കുടിവെള്ളം പോലും അരിച്ച്കുടിക്കുന്ന ഒരവസ്ഥയായി എന്നതെല്ലാം അശോകനെ കുറിച്ച് നാം സ്ഥിരം കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്.ഇവയെല്ലാം അദ്ദേഹത്തിൻറെ മഹത്വമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മിൽ ചില സംശയങ്ങൾ ഉയരും. ഒരു സന്യാസിയാണ് അശോകൻ എങ്കിൽ അദ്ദേഹത്തിൻറെ ജീവിതം മഹത്തരമായി കണക്കാക്കാം. പക്ഷെ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വധർമ്മത്തിൽ വീഴച്ചവരുത്തുകയാണ് ചെയ്തതെന്നു പറയേണ്ടി വരും 

ദണ്ഡനാധികാരം പ്രയോഗിക്കേണ്ട ഭരണാധികാരി ഒരു സന്യാസിയായി ജീവിയ്ക്കുന്നത് പാപമായി വേണം കരുതാൻ. രാജാവിന് തൻറെ പ്രജകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. രാജഭരണത്തിൽ എന്നല്ല ആധുനികമായ അധികാര വികേന്ദ്രീകൃത സർക്കാരുകളിലായാലും ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ ഇതും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ പലപ്പോഴും വധശിക്ഷ ഉൾപ്പെടയുള്ള ശിക്ഷകൾ വിധിക്കേണ്ടതായും വരും. രാജ്യത്തിൻറെ പൊതുവായ നന്മയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം ഹിംസകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായാണ്‌ ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടയുള്ള ഭാരതീയ ഋഷിപരമ്പരയുടെ പക്ഷം. ബുദ്ധൻറെ സിദ്ധാന്തങ്ങളുടെ ഒരു ദോഷമായി കരുതേണ്ടത് ഈ അഭിപ്രായത്തോടുള്ള വിയോജിപ്പാണ്. ബൗദ്ധ ദർശനങ്ങൾ വിപ്ലവാത്മകമെന്നു തോന്നാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുവെങ്കിലും അവ ഭാരതീയ ശിഥിലീകരനത്തിനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അശോകനുൾപ്പെടെയുള്ള ഭരണാധികാരികൾ ഈ പ്രമാണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ശാക്തികമായും സൈനികമായും ഭാരതീയ രാഷ്ട്രങ്ങൾ( വിവിധങ്ങളായ എന്നാലും ഒരേ മൂല്യങ്ങൾ പിന്തുടർന്നിരുന്ന ) ദുർബ്ബലമായി. ഈ ദൗർബല്യമാണ് ശ്രേഷ്ടമായ ഒരു പാരമ്പര്യത്തിൽ നിന്നും ഭാരതത്തെ വൈദേശിക ആധിപത്യത്തിൻറെ തുടർക്കഥകളിലേക്ക് തള്ളിവിട്ടത്.

അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ?  ഈ അവസ്ഥയിൽ കൈകെട്ടിയിരിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ അതിലും വലിയ പാപമുണ്ടെന്ന് കരുതാൻ കഴിയില്ല. രാജ്യം കുരുതിക്കളമായി മാറും എന്ന് തീർച്ച.അദ്ദേഹത്തിൻറെ പൂർവ്വികരുടെ മഹത്വംകൊണ്ടോ ദൈവാധീനം കൊണ്ടോ അങ്ങനെയൊരു അക്രമി വന്നില്ല.

മഹാഭാരത യുദ്ധത്തിന് ചൂട്ടുപിടിച്ചുവെന്നാണല്ലോ ശ്രീകൃഷ്ണനെതിരെയുള്ള ആക്ഷേപം. എന്നാൽ ഏറ്റവും പ്രായോഗികമതിയായ അഹിംസകാരൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് ബുദ്ധിയുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകും. അധർമ്മ പക്ഷത്തായിരുന്ന കൗരവരോട് ഫലമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ പാണ്ഡവർക്കുവേണ്ടി അദ്ദേഹം കഴിയുന്നത്ര യാജിച്ചു. അവർക്കർഹമായ രാജ്യത്തിൻറെ പകുതിയെന്നു തുടങ്ങി അഞ്ചു ഗ്രാമങ്ങൾ , അഞ്ചു ഭവനങ്ങൾ, അഞ്ചുപേർക്കുമായി ഒരു വീട് എന്ന നിലയിൽ ആവശ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്തു. ഇവയൊന്നിനും വഴങ്ങാത്ത ദുര്യോദനൻ പാണ്ഡവർക്ക് സൂചികുത്താൻ ഇടം നൽകില്ല എന്ന ഏറ്റവും അധാർമ്മികമായ നിലപാട് സ്വീകരിച്ചപ്പോഴാണ് കാര്യങ്ങൾ രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങിയത്. കൃഷ്ണൻ യുദ്ധം ഒഴിവാക്കാൻ എത്രമാത്രം ശ്രമിച്ചുവെന്നത് ഇവിടെ വ്യക്തം. ഇത്തരം സാഹചര്യങ്ങളിൽ അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുന്നതാണ്‌ ശ്രേഷ്ഠം.

അശോകന് ലൗകിക സുഖങ്ങളോടു വിരക്തി തോന്നിയെങ്കിൽ സ്ഥാനത്യാഗം ചെയ്ത് സന്യാസിയ്ക്കാമായിരുന്നു. അല്ലാതെ ഭരണാധികാരി സന്യാസിതുല്യനായി മാറുന്നത് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അഹിംസയാണ് പരമമായ ധർമ്മം. അതോടൊപ്പം അനിവാര്യമായ ഹിംസ ചെയ്യാതിരിയ്ക്കുന്നത് തെറ്റാണ്. അശോകൻ എന്ന ഭരണാധികാരി യാതൊരു ബഹുമാനത്തിനും അർഹനല്ല ..


  (ചിത്രം ഗൂഗിളില്‍ നിന്ന്)

Monday 1 July 2013

യാത്രാമൊഴി

കെട്ടുപൊട്ടിപ്പറക്കും ഓർമ്മതൻ
നൂലുകൾ വഴിപിരിയും വിഹായസ്സിൽ
ഉച്ചമാം സന്ധ്യയുടെ മടിത്തട്ടിൽ
നീണ്ടു നിവർന്നു കിടന്നു ജീവൻ
കേഴു
ന്ന  തിങ്കളും ആത്മശാന്തിക്കായി
വെമ്പു
ന്ന  ആത്മാവും നിന്നൂ ധ്രുവങ്ങളിൽ
ചൂണ്ടുപലകയായി മാറുവാൻ കാലമൊരു
നെയ്ത്തിരി ചിരാത് പണിതുവെച്ചു
ഇതുവഴി ഓടുകെന്നാർത്തു വിളിച്ചു -
കൊണ്ടൊരു പറ്റമാളുകൾ കാത്തുനിന്നു
പലവഴിയില്ലാത്ത യാത്രതന്നാരംഭം
ആർപ്പുവിളികളിൽ അലിഞ്ഞുപോയി
ഊർദ്ധശ്വാസം തളം കെട്ടിനിൽക്കുന്ന
അറയുടെ പൂമുഖത്തൊരു നീളൻ വാഴ -
യില തെക്കുനോക്കിയെന്തോ പിറുപിറുത്തു
വഴിത്താരയിൽ  പൂത്തുപടർന്നൊരു
പിച്ചകം വെട്ടിയൊതുക്കി നിർത്തി
മാമ്പഴതേൻമണം പൂവിട്ടകൊമ്പുകൾ
വന്നു പതിച്ചതൊരിളം മനസ്സിൽ
ഇടവിട്ടു പൊഴിയുന്ന മഴയുടെ
ആരവം ദായനും ബായനും പോലെനിന്നു
ഇതിനിടെയാരോ പറഞ്ഞുവത്രേ
നേരമായി നേരമായി എടുക്കവേഗം
തെക്കെതൊടിയിലെ രാമച്ചമെത്തയിൽ
പന്തം പടർത്തി യാത്രചൊല്ലാൻ
ഒരുകൂട്ടമാളുകൾ അക്ഷമരായി കാത്തുനിന്നു
അവരുടെ കൈകളിൽ ഇനിയുള്ള
യാത്രയുടെ രേഖകൾ തെളിഞ്ഞുനിന്നു
അവർ അകന്നുനിന്നു, യാത്രചൊല്ലിനിന്നു ..

Sunday 30 June 2013

മറവിയില്ലാത്ത അലച്ചിൽ

നിലാവ് പെയ്തു നിറഞ്ഞ നടുമുറ്റത്തൊരു
തുളസിക്കതിർ നുള്ളി നീ നിൽക്കെ
വിഭ്രാന്തി മാറ്റൊലി കൊള്ളും മനസ്സുമായി
മാലികനായി ഞാൻ അലഞ്ഞു
മൂകത പരന്ന രാവിന്റെ ഇടനാഴി
പ്രണയസ്വപ്നങ്ങൾ വലിച്ചിഴച്ചു
കൈതവം കേളികളാടും നിൻ മിഴികളിൽ
എന്റെ അന്ധത ചാലിച്ച് സുറുമയിട്ടു
വിജനത നിനച്ച് യാത്ര തുടങ്ങി ഞാൻ
അലഞ്ഞു വലഞ്ഞു ജനവൃന്ദങ്ങളിൽ
മറവിയാം രാജിക്കൊരുങ്ങില്ലൊരിക്കലും
താഴിട്ടുപൂട്ടുവാൻ പഴുതുമില്ല ..

അറിയുന്നവർ പറയുക

കാലിൽ ചുറ്റുവാനൊരു വള്ളിതേടി
അലഞ്ഞു നടക്കുന്നവരുണ്ടോ ?
ആ വള്ളിയിൽ പൂവുകൾ വിടരുമ്പോൾ 
മധുരമായി പുഞ്ചിരിക്കുന്നവരെത്ര ?
അനാഥസമുദ്രത്തിൽ അലയടി ഉയരുമ്പോൾ 
അതിനു കാതോർക്കാൻ മനക്കരുത്തുണ്ടോ ?
മിഴിനീരൊഴുകുമ്പോൾ അതിനുള്ളിൽ 
ഉപ്പാണോ മണലാണോ എന്നറിയുമോ ?
ചേറുപുരണ്ട കാലുകളിൽ വ്രണങ്ങൾ പൊട്ടുമ്പോൾ 
കതിരുകൾ അവർക്കായി നൽകുന്നവരെത്ര ?
അടിതെറ്റി വീഴുമ്പോൾ കാൽച്ചുവട്ടിലെ 
പുൽനാമ്പുകൾ കാണുന്നവരുണ്ടോ ?
ഉണ്ടെങ്കിൽ അവരുടെ എണ്ണം എന്റെ 
വിരലുകൾക്ക് അജ്ഞാതമാണോ ?
ഇവയെല്ലാം എന്റെ അറിവുകൾക്കപ്പുറം ..

Tuesday 25 June 2013

പൊരുതുക നീ നിനക്കായി



കൊലുസിലെ മണികൾ 
പതിനാറു ചിലച്ചാൽ 
പിന്നെ മുഴങ്ങുന്നത് മരണമണി 
പുസ്തക സഞ്ചിയുടെ നൂലിഴകൾ 
ഇഴപിരിഞ്ഞ് വഴിപിരിഞ്ഞു 
തോളോട് തോളൊത്തു നിൽക്കുവാൻ 
ത്രാണിവരും നാളുകൾ വിദൂരം 
എങ്കിലും മണിയറ വാതിലുകൾ 
മാത്രമുള്ളൊരു മുറിയിലകപ്പെട്ട 
മാൻപേടയാണ് നീ
രാജനീതി അനീതിയുടെ ശാസനകൾ 
കാഴ്ച്ചവെച്ചാൽ പിന്നെ,
നിനക്ക് നീ മാത്രം രക്ഷ 
പൊരുതുക നീ നിനക്കായി..





  (ചിത്രം ഗൂഗിളില്‍ നിന്ന്)

Wednesday 5 June 2013

പൂക്കൾ കൊഴിഞ്ഞാൽ

കാടുള്ളൊരുനാൾ,
പുഴയതിൽ ഉറപൊട്ടും.
പുഴയുള്ളൊരുനാൾ,
കുടമതിൽ തലപൊത്തും.
ഇവയുള്ളൊരു കാലം
ഭൂമിക്കും പൂക്കാലം 
പൂന്തോപ്പിൽ പൂത്തുലയും 
പൂവെല്ലാം കൊഴിയുംനാൾ
നാമെല്ലാം വിലയിക്കും 
പട്ടടയുടെ വിരിമാറിൽ ..





  (ചിത്രം ഗൂഗിളില്‍ നിന്ന്)

 

Friday 31 May 2013

കർമ്മയോഗി

യുഗാബ്ദങ്ങളുടെ തിരുശേഷിപ്പുകൾ 
തൃണതുല്യം അവഗണിച്ച് , പ്രശാന്തമായി 
തൻറെ ആലയിൽ പച്ചിരുമ്പ് തല്ലുന്നു 
കയ്യിലുള്ളതിനെ വിസ്മരിച്ച്
വരാനുള്ളതിനെ വിസ്മരിച്ച്
ഉത്തരായന ദക്ഷിണായനങ്ങൾ കാണാതെ 
കാലവർഷം മുത്തുമണികളെറിഞ്ഞിട്ടും
ഓളങ്ങൾ തല്ലാത്ത ശാന്തസമുദ്രമായും
സൂര്യൻ തൻറെ ആഗ്നെയാസ്ത്രങ്ങൾ 
നിഷ്ക്കരുണം എയ്തിട്ടും 
വിണ്ടുകീറാത്ത ഭൂതലമായും 
വേഷപ്പകർച്ചകൾ പലതായിട്ടും 
ഇനിയും വരാനുള്ള,
വാരിക്കുന്തങ്ങളും മലർമാരികളും
ഒന്നായി പുൽകാൻ മടിയില്ലാതെ 
ബന്ധുവായും ശത്രുവായും വരുന്നവർക്ക് 
അയാൾ പന്തിഭോജനം നടത്തുന്നു..






 (ചിത്രം ഗൂഗിളില്‍ നിന്ന്)






Tuesday 28 May 2013

സുന്ദരമീ മലനാട്


തേനൊലി ചിന്നും കിളിനാദം,
തുരുതുരെയൊഴുകും കാവുകളും 
പൂച്ചെടി തന്നുടെ ചുവടുകളിൽ 
ചിലങ്കകൾ കെട്ടും പവമാനൻ 
വേനലുവിതറിയ വറുതിയിലും 
ഉറവകൾ തീർക്കും മലനിരകൾ 
നിദ്രയൊഴിഞ്ഞീ രാവുകളിൽ 
രാഗമുതിർക്കും ചീവീടും 
എഴുതിരിയിട്ട വിളക്കുകളിൽ 
ദീപമുണർത്തും തരുണികളും 
സ്വർഗ്ഗത്തെക്കാൾ പ്രിയതരമീ 
കതിരുകൾ വിരിയും മലനാട് 
കരുതിയിരിക്കുക എപ്പോഴും 
കളങ്കമൊഴിച്ചതു കാത്തിടുവാൻ 
കൈകൾകോർത്ത് നമുക്കരുളാം 
ദീർഘയുസ്സിൻ മന്ത്രങ്ങൾ .......

Wednesday 15 May 2013

അതിഥികൾ

ചില നഷ്ടപ്പെടലുകൾ 
കൃത്യമായ ഇടവേളകളിൽ 
കണ്ണീർ തുള്ളിയായി 
മടങ്ങിയെത്തി
എന്റെ കവിളുകളിൽ 
ചിത്രമെഴുതി കടന്നുപോകുന്നു .
ഇനിയും വരണമെന്നോ 
വരരുതെന്നോ പറയാതെ 
ഞാൻ അവയെ യാത്രയാക്കുന്നു..








 (ചിത്രം ഗൂഗിളില്‍ നിന്ന്)

Saturday 4 May 2013

ചിരിക്കാത്ത ചിത്രം..

കാലം താഴിട്ടുപൂട്ടിയ 
പെട്ടിതന്നുള്ളിൽ 
വായു കിട്ടാതുറങ്ങും 
പൂവിതൾ ,
ലോകം പുകഴ്ത്തിയ 
പൊൻവിരൽ തുമ്പുകൾ 
തെളിനീരിൽ മുക്കി 
വരച്ചൊരു ചിത്രം 
ചുണ്ടു വിടർത്തി 
ചിരിച്ചില്ല പോലും..




  (ചിത്രം ഗൂഗിളില്‍ നിന്ന്)

Saturday 27 April 2013

പകലെവിടെ ?

ഇന്നലെ പകലുണ്ടായിരുന്നോ ?
ഓർമ്മകൾ ചികഞ്ഞിട്ടൊരു 
പല്ലും നഖവും പോലും കിട്ടിയില്ല 
ഇന്നെവിടെയാ നിൽക്കുന്നത് ?
ഒരു കോണിപ്പടിയുടെ അന്ത്യത്തിൽ 
എങ്കിൽ ഇനി താഴോട്ടിറങ്ങാം 
താഴെ എവിടെ ?
അങ്ങനെയൊരു 'താഴെ' ഉണ്ടോ ?
താഴെയും വായു മുകളിലും വായു
 അപ്പോഴതാ  വരുന്നു ഒരു JCB കൈ 
കോണിയോടെ എടുത്ത് 
ഒരു ടിപ്പറിൽ കുടഞ്ഞിട്ടു , പിന്നെ 
ഇന്നലത്തെ പകൽ പോയവഴിയെ 
പ്രയാണവും ആരംഭിച്ചു .. 




  (ചിത്രം ഗൂഗിളില്‍ നിന്ന്)
 


Wednesday 24 April 2013

മൂന്നു പാഴ് വിലാപങ്ങൾ

നഖമൊടിഞ്ഞ  സമൂഹം കത്തിയു-
മായെത്തി ആരുടെയോ  മുഖംമൂടുമീ 
കറുത്ത ശീല നേരെയാക്കി,
മടങ്ങുന്ന കാഴ്ച്ച കണ്ടുനിൽക്കാൻ 
പോറൽവീണ ഒരു വാൽക്കണ്ണാടി മാത്രം  
                            ****
താങ്ങുപോയി കഴുത്തൊടിഞ്ഞ ഒരു 
കുടിവാഴ പിണ്ടിയിൽ നിന്നും 
നാരുപിരിച്ചൊരു വടം പണിത 
പൈതൃകം ഇന്നൊരു കറിവേപ്പില 
കരിവണ്ടുമൂളുന്ന രാഗങ്ങളിൽ പലതിലും 
കരിപുരണ്ട വിലാപങ്ങൾ വിരിവെച്ചു 
                            ****
ആഴത്തിൽതുഴയൂന്നി കടവുകൾ താണ്ടുന്ന 
കടത്തുകാരന്റെ വിയർപ്പുകണം 
പുഴയെ കടലിൻ പര്യായമാക്കില്ലൊരിക്കലും 
കന്നിൻ പുറത്തെ പ്രാണി കണക്കെ 
വാലിട്ടടിയിൽ ചുവർച്ചിത്രമാകുമെന്നു മാത്രം 


Sunday 21 April 2013

ചിന്തകൾ ശത്രുക്കൾ



ചിന്തകൾ ചിലനേരം ശത്രുക്കൾ 
ലജ്ജതൻ വഴിയിലെ പരവതാനികൾ 
അവയുടെ കൈത്തിരി നാളങ്ങൾ 
നീളുന്നു പതിതഹൃത്തിൻ ഉള്ളറകളോളം 
നീർക്കുമിളയുടെ ആയുസ്സർഹിച്ച 
കാര്യങ്ങൾ ആയുസ്സൊടുങ്ങും 
കാലങ്ങളിൽ പോലും നീറിപ്പുകക്കും 
ചിന്തകൾ ചിലനേരം ശത്രുക്കൾ .. 




  (ചിത്രം ഗൂഗിളില്‍ നിന്ന്)

Sunday 7 April 2013

സ്വപ്നം

നിലാമഴയിൽ കുളിരിനെ 
തട്ടിമാറ്റി മനസ്സിൽ വീണൊരു കനൽ 
നീറിപുകഞ്ഞൊരു മാന്ത്രിക ലോകത്തെ 
അരികത്തണക്കുന്ന  അത്ഭുത വിദ്യ 
ആരോരുമറിയാതെ മന്ദഹസിക്കുവാൻ 
ആരോരുമറിയാതെ മിഴിനീർവാർക്കുവാൻ 
ഏകാന്ത പഥികനായി വയലേല പുൽകുവാൻ 
ആരോടും പറയാത്ത കഥകൾ ചൊല്ലുവാൻ 
അന്ധകാരത്തിൻറെ  ആഴങ്ങൾ തിരയുവാൻ 
എന്നെന്നും എന്നിൽ വന്നു നിറയുന്ന 
കുളിരുള്ളോരഗ്നി അതാണ്‌ സ്വപ്നം .... 

Saturday 6 April 2013

ലയം


ഒഴുകിയൊഴുകിയൊരു 
അനുഭൂതി തരംഗത്തിൽ  
അതിരുവിട്ടു പറന്നു 
വിഹായസ്സിൽ .. 
വെരുകുപോലലയുന്ന ചിന്തകൾ  
ശംഖിനുള്ളിൽ നിറച്ച് 
ഭാരമെല്ലാംമൊഴിച്ച്  
ചിന്മുദ്രപൂകി .... 





  (ചിത്രം ഗൂഗിളില്‍ നിന്ന്)

Friday 29 March 2013

വജ്രഗോളം

കായാമ്പൂ മേഘങ്ങളൊരു  കൊട്ടാരം
തീർത്തതിനുള്ളിൽ  ഒരു തുമ്പ പൂവിടും
പോലൊരു നറു പുഞ്ചിരി പടർത്തി
വിളർച്ച ബാധിച്ചൊരു പുഴതൻ ഞരമ്പിൽ
ഒരു സൂചിമുനപോൽ  ഞാൻ കാത്തുനിന്നു
അലിവിനായി കേഴുന്ന അറവുമാടായി
താമരയിതളുകൾ വിരിയും കണക്കെ
മാനത്ത് മിഴിയെറിഞ്ഞു ഞാൻ നിന്നു
ആ നേരം അതുവഴി വിരുന്നിനായി പോകും
ഒരു ദേശാടനപറവയുടെ ചുണ്ടിലുടക്കിയ
ഒരു നെൽക്കതിരിൻ തുമ്പിൽ ഞാൻ കണ്ടു
ഒരു വജ്രഗോള വർണപ്രപഞ്ചം
എന്മീതെയാ പറവ എത്തിയ നേരം
ആ വജ്രഗോളം അടർന്നു വീണതു
വന്നുപതിച്ചെൻ മിഴിയും നിറഞ്ഞു .. 

Wednesday 27 March 2013

ചിന്തകൾ ചിരാതുകൾ ..

അവനുടെ ഹൃദയമാലിലകളായി 
സമീര സാന്നിധ്യം സചേതന സമൃദ്ധം 
കൊഴിയും കാഴ്ച്ചകളവനായൊരുക്കി 
ചിന്തന മൗനം ധ്യാന സദൃശം 
നെറുകയിൽ പിറന്ന വേരുകളൊക്കെയും 
താഴ്ന്ന നിലത്തെ നുകർന്ന് മാത്രമേ 
ദാഹമതൊന്നിനറുതി  വരുകയെന്നുള്ള 
ബോധ്യം പിറന്ന നിമിഷമതിൽത്തന്നെ 

യാത്രചൊല്ലിപ്പിരിഞ്ഞു,  വാനിൽ കളിക്കും 
സോദരലോകമാം മായാവലയത്തെ .. 
അനിവാര്യമാം സമയദൂതൻ വരുമ്പോൾ 
വാരിപുണരുവാൻ  ശക്തകരങ്ങളെ 
നിർമ്മിച്ചെടുക്കാൻ ആലയതൊന്നിനെ 
തേടും പക്വമാം ജ്ഞാനപഥത്തിലേകനായി 

Saturday 23 March 2013

ക്ലോക്കിൽ നോക്കരുത്..

നിമിഷങ്ങളോരോന്നും
കടന്നുപോകുമ്പോൾ
ക്ലോക്കിൽ നോക്കരുത്
അത് ഹൃദയമിടിപ്പുകൾ ആയിടും .. 
ഓർമ്മകളോരോന്നും  സൂചികളായി 
ഓരോ അക്കങ്ങളെയും
കുത്തിനോവിക്കും .
വീണ്ടും പറയുന്നു സുഹൃത്തെ 
നിങ്ങൾ ക്ലോക്കിൽ നോക്കരുത്
നോക്കിയാൽ , ആ സൂചികൾ 
നിങ്ങടെ കണ്ണുകളെ കുത്തി നോവിക്കും ..  





  (ചിത്രം ഗൂഗിളില്‍ നിന്ന്)

Monday 11 March 2013

പുഴയായി ഒഴുകുന്ന പ്രണയം ..

ഒരു വലിയ കാന്‍വാസ്.  
നിറങ്ങളുടെ ഒരാള്‍ക്കൂട്ടം . 
അതിലെവിടെയോ ഞാന്‍ നിന്നൂ . 
കാന്‍വാസിനും അതിര്‍ത്തികള്‍ 
പ്രശാന്തമായ മുഖവും,
എരിയുന്ന മനസ്സുമായി 
ഇരു തീരങ്ങള്‍ കാണാതെ ,
ഒരു പുഴയൊഴുകി .. 
പ്രണയമായിരുന്നു അതില്‍ നിറഞ്ഞത്‌ 
ഇരു തീരങ്ങളിലുമായി 
ഞാനും അവളും, പിന്നെ 
നിശബ്ദ സംഭാഷണത്തിന്‍റെ  മാധുര്യവും .. 






  (ചിത്രം ഗൂഗിളില്‍ നിന്ന്)

Friday 8 March 2013

വികസനം എന്ത് ? എന്തിന് ? എവിടെ ?

വികസനം എന്ന നാലക്ഷരം ഭാരതത്തിലെ നൂറുകോടിയില്‍ പരം വരുന്ന ജനതയുടെ മിഴികളില്‍ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അത്രമാത്രം അവരെ നിരാശരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യം വികസിക്കണം, എല്ലാ ജനവിഭാഗങ്ങളും സ്വയം പര്യാപ്തമാവണം ഇതാണ് സ്വതന്ത്ര ഭാരതത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. എന്നാല്‍ സമ്മര്‍ദ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി പലപ്പോഴും ദാരിദ്രവിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം രൂപപ്പെടുത്തുന്ന ഘടകങ്ങള്‍ ശക്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം ശാസ്ത്രീയമായ പക്ഷാഭേദരഹിതമായ ഒരു സുസ്ഥിര വികസന പദ്ധതി രൂപീകരിക്കുക എന്നത് വളരെ പ്രയാസമാണ്.

ശാസ്ത്രീയമായ വികസനം  എന്നാല്‍ രാഷ്ട്രം ഉദ്ദേശിക്കുന്നത് എന്താണെന്ന് സമൂഹത്തിലെ സര്‍വ്വതലങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്തണം. ശരിയായ അവബോധത്തിന് മാത്രമേ രാഷ്ട്രപുരോഗതിയുടെ ഓരോ പടവുകളും കൃത്യതയോടെ നിര്‍മ്മിക്കാന്‍ സാധിക്കൂ. ഈ അവബോധത്തിന്‍റെ  അസമത്വമാണ് സര്‍വ്വവിധമായ അസ്വാസ്ഥ്യങ്ങള്‍ക്കും കാരനം. പ്രാഥമിക വിദ്യാഭ്യാസ രംഗം ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ വഴിയിലൂടെത്തന്നെ ശാസ്ത്രീയ വികസനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പുതുതലമുറയില്‍ എത്തിക്കം. ദീഘവീക്ഷണം എന്നത് ശാസ്ത്രീയ വികസനത്തിന്‍റെ ഒരു മൂല്യവര്‍ദ്ധിത ഘടകമായി കണക്കാക്കാം. സ്വാര്‍ത്ഥതയാണ് ദീര്‍ഘവീക്ഷണത്തെ ഇല്ലതാക്കുന്നത്. നിസ്വാര്‍ത്ഥതയുടെ സൗന്ദര്യം ജനങ്ങളില്‍ എത്തിയാല്‍ ഭാവിയെ മറന്നുള്ള, വരും തലമുറയെ മറന്നുള്ള അന്ധമായ വികസനം ഒഴിവാക്കാന്‍ സാധിക്കും.

നമുക്കറിയാം മറ്റുവികസ്വര രാഷ്ട്രങ്ങളെപ്പോലെ  ഭാരതത്തിലും ബഹുഭൂരിപക്ഷം ജനങ്ങളും പ്രാഥമിക തൊഴില്‍ മേഖലയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത് . അതായത് കൃഷിയും അനുബന്ധ  തൊഴിലുകളും. എന്നാല്‍ ചിന്തിക്കേണ്ടതായ ഒരുകാര്യം ഇത്രയേറെപ്പേര്‍ കൃഷി- അനുബന്ധ തൊഴിലുകള്‍ ചെയ്തിട്ടും അതിനനുസൃതമായ ഉത്പാദനം സാധ്യമാകുന്നുണ്ടോ? ഇല്ല. ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം എന്നൊന്ന് ഇത്ര രൂക്ഷമാകില്ല. വിശന്നുവലയുന്നവരെയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും ഉണ്ടാകില്ല. ഇതിന്‍റെ കാരണം തേടിപോകുമ്പോള്‍ മനസ്സിലാകുന്നത് നൂതന സാങ്കേതികവിദ്യ വശമല്ലാത്തതും പരമ്പരാഗത മാര്‍ഗ്ഗങ്ങളെ മാത്രം അവലംബിക്കുന്നതുമാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം എന്ന് വ്യക്തമാകും. അമേരിക്കയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 5% മാത്രമാണ് എന്നാല്‍ ആഭ്യന്തര ഉത്പാദനം വന്‍തോതിലും. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് അവര്‍ അധികമുള്ള ഗോതമ്പുചാക്കുകള്‍ കടലില്‍ തള്ളിയത് നാം മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. പരമ്പരാഗതമായ വിലപ്പെട്ട അറിവുകള്‍ നഷ്ടപ്പെടുത്താതെ നൂതനസാങ്കേതികവിദ്യ പരമാവതി ഉപയോഗപ്പെടുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ നമുക്ക് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും. സുഭാഷ് പലേക്കറെ  പോലെയുള്ള ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് പ്രഥമപരിഗണന കൊടുത്തുകൊണ്ട് മാത്രമേ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാവൂ . നാടന്‍ പശുവിനു കാര്‍ഷിക രംഗത്ത് നല്‍കാനാകുന്ന സംഭാവനകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ  കണ്ടെത്തലുകള്‍ മികച്ചതാണ്. ഹരിതവിപ്ലവത്തിലൂടെ മണ്ണിനു കൈവന്ന ദൂഷ്യഫലങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്‍റെ അഭാവമാണെന്ന് അദ്ദേഹം തുരന്നുകാട്ടി.

വ്യവസായത്തിന്‍റെ  പുരോഗതിയാണ് ഒരു രാഷ്ട്രത്തെ സാമ്പത്തിക ശക്തിയായി മാറ്റുന്നത് എന്ന തിരിച്ചറിവിനാല്‍ ആയിരിക്കാം ആദ്യ ഒന്നുരണ്ട്  പഞ്ചവല്‍സര പദ്ധതികള്‍ക്ക് ശേഷം സര്‍ക്കാര്‍ വ്യവസായത്തിനു പ്രഥമ പരിഗണന നല്‍കിയത്. കാര്‍ഷിക മേഖല ഇതിനകം മെച്ചപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല. വ്യവസായ രംഗത്ത് ശ്രദ്ധതിരിക്കേണ്ടത്‌ കാലത്തിന്‍റെ  ആവശ്യമായിരുന്നു. എന്നാല്‍ വ്യവസായം എങ്ങനെ പുരോഗമിക്കണം എന്നതില്‍ നാം സ്വീകരിച്ച കാഴ്ചപ്പാട് പുന;പരിശോധിക്കണം. അടുത്തിടെ മാതൃഭൂമി ദിനപത്രത്തില്‍ കണ്ടതും കേട്ടതും എന്ന പംക്തിയില്‍ 'ഇന്ത്യ വികസനക്കുതിപ്പിലേക്ക്' എന്ന്  രാജീവ്ഗാന്ധി പണ്ട് പറഞ്ഞ വാക്യത്തെ ഒരാള്‍ എതിര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ് . വികസനക്കുതിപ്പല്ല ക്രമേണയുള്ള വികസനമാണ് സമഗ്രപുരോഗതിക്ക് ആവശ്യം എന്നതാണ് അദ്ദേഹത്തിന്‍റെ  പക്ഷം. ആലോചിച്ചാല്‍ ഈ പറയുന്നതില്‍ കഴമ്പുണ്ടെന്ന് നമുക്ക് മനസിലാക്കം. പെട്ടെന്ന് സാമ്പത്തിക മുന്നേറ്റം നേടാം എന്നത് മാത്രം പരിഗണിച്ചാല്‍ പോരാ മറിച്ച് ദൂരവ്യാപകമായ ഫലങ്ങളെയും കുറിച്ച് ചിന്തിക്കണം. കൂടംകുളം ആണവനിലയം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമാണെന്ന് പറയുന്നു. എന്നാല്‍ തദ്ദേശിയര്‍ അസംതൃപ്തരാണ്. അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാണിതെന്ന് അവര്‍ ആശങ്കപ്പെടുന്നു. ഒരു ജനകീയ സര്‍ക്കാരിന് ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ബാധ്യതയുണ്ട്. ദുരന്തസാധ്യതയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും വേണം. ആറന്മുളയില്‍ വിമാനത്താവളത്തിന്‍റെ  മറവില്‍ നടക്കുന്ന പ്രകൃതി ചൂഷണങ്ങള്‍ മറ്റൊരു ഉദാഹരനമാണ്. വയല്‍ നികത്തി പ്രകൃതിരമണീയമായ പ്രദേശം വിരൂപമാക്കിയിരിക്കുന്നു .പൈതൃക ഗ്രാമമായ ആറന്മുളയെ ലോകം ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ ഗ്രാമത്തെ വ്യവസായ   മേഖലയാക്കി ഗ്രാമത്തിന്‍റെ തനിമയെ കൊലചെയ്യാനുള്ള ഗൂഡശക്തികളുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു . ജനങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ മുന്നോട്ടു പോകുന്ന കമ്പനിയും അതിനു ഒത്താശ ചെയ്യുന്ന സര്‍ക്കാരും തീക്കളിയാണ് കളിക്കുന്നത്. വരള്‍ച്ചബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച നമ്മുടെ കൊച്ചുകേരളത്തില്‍ ഇനി നിലം നികത്തിയുള്ള ഒരു പദ്ധതിയും വേണ്ട എന്ന തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ഒരു രാഷ്ട്രത്തിന്‍റെ  അടിസ്ഥാന ഘടകമായ ജനങ്ങളെ പരിഗണിച്ചുകൊണ്ട്‌ മാത്രമേ വ്യാവസായിക വികസനം പുരോഗമിക്കൂ അല്ലെങ്കില്‍ നിരന്തര സംഘര്‍ഷങ്ങളാകും ഫലം.

ഉദാരവല്‍ക്കരണത്തിനു ശേഷം സര്‍വ്വമേഖലയിലും വിദേശ നിക്ഷേപ സാധ്യതകള്‍ പരതുകയാണ്  നാം. വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുമ്പോള്‍ തദ്ദേശിയമായ ഉത്‌പാദനത്തെയും അതിന്‍റെ വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടുത്ത കാലത്ത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. ചെറുകിട സംരംഭകരെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള , കുത്തകകളുടെ കടന്നുകയറ്റത്തിന്‌ ഇത് വഴിവെയ്ക്കുമെന്ന് പറയപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഈ രാജ്യത്ത് അത്തരം നീക്കങ്ങള്‍ ആത്മഹത്യാപരമാണ്. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതവും. കൊളോണിയല്‍ കാലഘട്ടത്തില്‍ വിദേശശക്തികള്‍ നമ്മുടെ കമ്പോളത്തെയും കുടില്‍വ്യവസായത്തെയും തകര്‍ത്തു. അതിനുമുന്‍പ്‌ ഒരു തീപ്പെട്ടിയില്‍ ഒതുങ്ങുന്ന തരത്തിലുള്ള സാരികള്‍ നെയ്യുന്ന നെയ്ത്തുകാര്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നത്രേ. ഇന്ന് നിയോകൊളോണിയലിസത്തിന്‍റെ  ചുവടുപിടിച്ച് ഇത്തരം കുത്തക കമ്പനികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്‍റെ  ഗൂഡാലോചന നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . 

പാശ്ചാത്യ രീതികളുടെ അനുകരണവും ഉപഭോഗസംസ്കാരവും ഭാരതത്തിന്‍റെ  സമഗ്ര വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്. വ്യാവസായികവും കാര്‍ഷികവുമായ മുന്നേറ്റത്തെ ലക്ഷ്യമാക്കി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രമിക്കണം. ഉപഭോഗ സംസ്കാരം ത്യജിച്ച് ഗാന്ധിയന്‍ രീതിയിലുള്ള ലാളിത്യം കൈമുതലാക്കണം. അങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ ഒരു കെടാവിളക്കായി നിലകൊള്ളാന്‍ നമുക്ക് സാധിക്കും.. 

Sunday 24 February 2013

പ്രണയവും ജീവിതവും

പ്രണയം,

വികൃതമായ പുഞ്ചിരിയാണ്

പരിഭവങ്ങള്‍ പൊതിയുന്ന കടലാസ് 

ആദ്യന്തം പ്രീണനത്തിന്‍റെ  പരിമളം. 

 

ജീവിതം,

യാഥാര്‍ത്ഥ്യത്തിന്‍റെ  ഗൗരവമാണ്

പൊതിഞ്ഞുവെച്ച പരിഭവങ്ങള്‍ അഴിയുന്നു 

ആദ്യന്തം സഹനത്തിന്‍റെ  കുടമാറ്റം . 

Wednesday 20 February 2013

സൗഗന്ധികം

ഒരു  സുന്ദരസൗഗന്ധികം  പരത്തും 
പരിമള  ഗന്ധോത്സവത്തിന്‍ ആഴപ്പരപ്പുകള്‍ 
വര്‍ണ്ണിക്കുവാന്‍ എളുതല്ല നിര്‍ണയം 
അത് ചെന്നിടും ഇടമെല്ലാം നിശ്ചലം, തൃപ്തം . 
ബന്ധിക്കുവാനാവില്ല  ഒരു മുറിയിലോ അതിലെ 
ചെപ്പിലോ ,കുന്നിന്‍ചരുവില്‍ അലഞ്ഞിടും ആട്ടിന്‍പറ്റം 
ഒരുനിമിഷം തിരിഞ്ഞൊന്നു നില്‍ക്കും, പരതും 
മന്ദസമീരന്‍ ആ വഴി കടന്നുപോകും നേരം . 
ചിറകിട്ടടിച്ച് കലപില കൂട്ടും നരിച്ചീര്‍ 
നിരനിരയായി തൂങ്ങുമൊരു കൊമ്പില്‍ 
പൗര്‍ണമി ചന്ദ്രന്‍റെ സൂചിമുനകള്‍ പ്രകാശം 
വരയ്ക്കുമാ മനോഹരദലങ്ങളില്‍ നിശ്ചയം !
പിന്നെ ലജ്ജയാല്‍ കാര്‍മുകില്‍ കോട്ടതന്‍ പിന്നില്‍ 
പോയിമറയും തന്‍ പ്രകാശം നിഷ്പ്രഭമാകുംവേളയില്‍ രാവേറെക്കഴിഞ്ഞാ ഏകാന്ത യാമത്തില്‍ 
കുടിലിന്‍ കിളിവാതില്‍ തുറന്ന്‍ 
ഞെട്ടറ്റുവീഴുന്ന പുഷ്പ്പത്തെ താങ്ങിയെടുത്ത് 
എന്‍റെ  മാറോടടുപ്പിക്കും മടിയാതെ .. 

യാത്രാമൊഴി

ഞാന്‍ എന്നെ വരിഞ്ഞൊരു ചങ്ങല-

ക്കണ്ണികള്‍ ഉരുകിയൊലിച്ചവ ,

ഒഴുകിപ്പരന്നവ, മണ്ണില്‍ ലയിച്ചവമേല്‍ 

കിളിര്‍ത്ത  നവധാന്യക്കതിര്‍ 

കൊത്തിയെടുത്തു പറന്നകന്നൊരു 

കഴുകന്‍ ചിറകുകളില്‍ ദൃഷ്ടി എറിഞ്ഞൊരു 

മൂഡസമൂഹം മംഗള ശ്ലോകം ചൊല്ലി .. 

Saturday 16 February 2013

വാര്‍ദ്ധക്യം


അനുഭവങ്ങള്‍ വിയര്‍പ്പൊഴുക്കി വരച്ച 
മുഖചിത്രങ്ങള്‍ വൈരൂപ്യമല്ല 
കൊഴിഞ്ഞ ദന്തങ്ങള്‍ ഉതിര്‍ക്കുന്നത് 
പരിഹാസച്ചിരിയുമല്ല 
യാഥാര്‍ത്ഥ്യം  ചുമന്നതിനാലാണ് 
ആ നട്ടെല്ല് വളഞ്ഞിരിക്കുന്നത് 
മറിച്ച് നിങ്ങളുടെ കാരുണ്യം തേടിയല്ല 
കയ്യിലെ വടി കാലത്തിന്‍റെ  സമ്മാനം 
അത് കൈമാറ്റം ചെയ്യപ്പെടുന്നതാണ് ..

അന്വേഷണം

മിഴിനീര്‍ത്തുള്ളികള്‍ നിര്‍ലജ്ജമൊഴുകുമെന്‍ 

കവിളിണ തഴുകുവാന്‍ എത്തുമോ കാറ്റെ 

വള്ളിപ്പടര്‍പ്പുകള്‍ വരിഞ്ഞുമുറുക്കിയ 

കൈകളില്‍ മഴുവൊന്നു  നല്‍കുന്ന 

നിമിഷമതേതെന്ന്  ചൊല്ലുമോ നീ.!

ആത്മപീഡക്കൊരറുതി  വരുത്തുവാന്‍ 

മാന്ത്രിക മണിമേട തച്ചുടക്കൂ .

അമൃത്  തേടുന്നോരരയാലിന്‍ വേരൊരു 

നേര്‍രേഖ സൂര്യകിരണമായെന്‍ -

പാദങ്ങളവയെ നയിക്കുവാന്‍, അമരത്വ-

മൊന്നിനെ പുല്‍കുവാനേകിയാലും ..


Wednesday 30 January 2013

വിരഹ വേളയില്‍..

യാത്രയൊരു  സന്ധ്യയായിത്തീരുവാന്‍ കൊതിയാര്‍ന്ന-
മൃദു കല്ലോലമെന്‍ മനതാരില്‍ ഉറപൊട്ടി .
വിരചിതമാകുന്നു  കവിഹൃത്തിലൊരു പൂവിന്‍ 
ചരിതങ്ങളൊന്നൊന്നായി  മധുരതരങ്ങളായി 
ഒരു ചെറുപനിനീര്‍ മുകുളമതിന്‍ മീതെ 
ഹിമകണമൊന്നിന്‍റെ  ചെറുഗോള വിസ്മയം 
അതുകണ്ട് ലയമാര്‍ന്നു  താളത്തിലൊരുപാട് 
വാക്കുകള്‍ നിരനിരയായി  കവിതയായി പ്രവഹിച്ചു 
ഒരു പട്ടുടയാട ചുറ്റി നീ  ചിരിയാര്‍ന്ന  മുഖവുമായി 
എന്മുന്നിലെത്തി  ഒരു നോക്കു കാണുവാന്‍ 
കൊതിയോടലയുമെന്‍ വിജനമാം ഹൃദയത്തില്‍ 
ഒരു  പേമാരി പെയ്യിച്ച് മാറുന്നു പലനാളില്‍ 
നിന്നോര്‍മ്മ  നനയിച്ച ചെമ്മണ്ണില്‍ ഇരുപാദം 
അമര്‍ത്തിച്ചവിട്ടി  നിറമേകി ഭാവിക്ക്..
കര്‍ണ്ണങ്ങള്‍ മിഴിയാക്കി കണ്ടു നീ എന്നെ 
മിഴിപൂട്ടി  അലയുന്ന  വേളകളിലെന്നും 
കാലമൊരു കാഞ്ഞിരവിത്തായി മാറിയതു 
കയ്പ്പുള്ള  സത്യങ്ങള്‍ വലയങ്ങള്‍ തീര്‍ത്തപോല്‍ 
കരുണതന്‍ അക്ഷയപാത്രമായി  തീരുവാന്‍ 
കഴിയുമോ  പ്രിയതമേ  വരുംനാളിലെങ്കിലും..

Friday 25 January 2013

മേച്ചില്‍പുറമോ ചുടുകാടോ ?

 മേച്ചില്‍പുറമോ ചുടുകാടോ രണ്ടുവാക്കുകള്‍ രാത്രിയുടെ ഏതോ യാമത്തില്‍ മനസ്സില്‍ കനല്‍ വാരിവിതറിയ പോലെ വന്നുവീണതാണ് .  ആ കനലിന്‍റെ  വറചട്ടിയില്‍ വെന്തുരുകി മടുത്തപ്പോള്‍ അവന്‍ കണ്ണു തുറന്നു.

നേരിയ സൂര്യകിരണങ്ങള്‍ കര്‍ട്ടനുകള്‍ക്കിടയിലെ  ചെറു  വിടവിലൂടെ അവന്‍റെ നെറ്റിത്തടത്തില്‍ തലോടുകയും കാറ്റില്‍ കര്‍ട്ടന്‍ ഉലയുമ്പോള്‍ 
പിന്‍വാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. 

എന്നത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാം താളം തെറ്റിയിരിക്കുന്നു.ഒരു ദിനത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായ സൂര്യോദയം അവനു നഷ്ടമാകുന്നത് അവനെ വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു !..
 സര്‍വ്വവും നിശ്ചലമായിരിക്കുന്ന അവസ്ഥയില്‍ നിന്നും ചലനത്തിന്‍റെ  
ചുവടുവെയ്പ്പ് കാണുവാന്‍ എന്നും അവന്‍ ശ്രദ്ധിച്ചിരുന്നു..
ഉറുമ്പുകള്‍, ചെറുപ്രാണികള്‍, കിളികള്‍ എന്നിവയുടെ ശബ്ദം ഒരു പ്രത്യേക 
നിമിഷത്തില്‍ ഇടിമുഴക്കം പോലെ പ്രകൃതിയെ തട്ടിയുണര്‍ത്തുന്ന  പ്രതിഭാസം എന്തൊരു കുളിര്‍മയേകുന്നതാണ്. ഇതിനു മുന്‍പ് ഉണരാന്‍ സാധിച്ചിരുന്നതില്‍ അവന്‍ കൃതാര്‍ത്ഥനായിരുന്നു. 

ചെറുചൂടുള്ള  കാപ്പി  ഊതിയൂതി  കുടിക്കുമ്പോഴും തലേരാത്രിയില്‍ താന്‍റെ  
മനസ്സ്  അശാന്തമാക്കിയ  രണ്ടു വാക്കുകളെ കുറിച്ചായിരുന്നു അവന്‍റെ ചിന്ത മുഴുവന്‍......  മേച്ചില്‍പുറമോ ചുടുകാടോ?........
ബോധമനസ്സില്‍ താന്‍ ഒരിക്കലും പ്രയോഗിക്കാത്ത  ഈ വാക്കുകള്‍ ഉപബോധമനസ്സിനെ വല്ലാതെ  വ്രണപ്പെടുത്തി  എന്നതൊഴിച്ച് അതിന്‍റെ 
പശ്ചാത്തല സാധ്യതകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല...

ഒടുവില്‍ ഈ വാക്കുകളെ പാതിവഴിയില്‍ ഉപേക്ഷിച്ച്  അവന്‍ മറ്റുപ്രവര്‍ത്തികളില്‍ ശ്രദ്ധ തിരിച്ചു . നാം എപ്പോഴും  അങ്ങനെയാണല്ലോ 
സുന്ദരവും മനക്ലേശമില്ലാത്തതുമായ  കാര്യങ്ങളിലേക്ക് എപ്പോഴും  നമ്മുടെ മനസ്സ് തെന്നിമാറും.. ചില ഇടവേളകളില്‍ മാത്രമാണ് ബുദ്ധിയെ ചൂടാക്കുവാന്‍ ശ്രമിക്കുന്നത്. അതും സാഹചര്യത്തിന്‍റെ  സമ്മര്‍ദ്ദം അതികഠിനമാകുമ്പോള്‍. പത്രത്തിന്‍റെ പേജുകള്‍ മറിക്കുമ്പോഴും അവന്‍ ഈ മനോഗതി തന്നെ പിന്‍തുടര്‍ന്നു . ആദ്യ പേജില്‍ അക്രമത്തിന്‍റെയും  പീഡനത്തിന്‍റെയും പരമ്പരകള്‍ വര്‍ണ്ണചിത്രങ്ങളോടുകൂടി  നല്‍കിയിരിക്കുന്നു...നേരത്തെ കണ്ട ഒരു സിനിമ വീണ്ടും കാണുന്ന ഒരു ലാഘവത്തോടുകൂടി ആ പേജ് മറിച്ചു. പ്രാദേശിക വാര്‍ത്തകള്‍ കൂടുതലും അവനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായവയാണ് അതില്‍ നിന്നും തിരഞ്ഞെടുത്ത ചിലത് വായിച്ചു. അങ്ങനെ ഓരോ പേജും പ്രതീക്ഷയോടെ തുറന്നും  നിരാശയോടെ  മറിച്ചും  ഒടുവില്‍ പത്രം എവിടെയോ വലിച്ചെറിഞ്ഞു..ആകെ ഒരു നിരാശ...

പിന്നെ  കോളേജിലേക്കുള്ള  യാത്രയായി. ബസില്‍ കയറുന്നതും ഇറങ്ങുന്നതും ഒരു യാതനയാണ് . കണ്‍സെഷന്‍ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലായിരുന്നു അവന്‍ എന്നതിനാല്‍ ബസ് ജീവനക്കാരുടെ കണ്ണിലെ കരടായി മാറി. വിദ്യാര്‍ഥികള്‍ക്ക് നിഷിദ്ധമായ സീറ്റുകളില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ഇരിക്കുമ്പോഴും മനസ്സില്‍ വിങ്ങല്‍ മാത്രം. അനീതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി മെനയാനുള്ള തിരക്കും..

നീണ്ട ഇടനാഴിയിലൂടെ കോളേജിലേക്കുള്ള  യാത്രയില്‍ പ്രതീക്ഷയുടെ ചെന്താമര മലര്‍ അവന്‍റെ  മിഴികളില്‍ ശോഭിക്കുന്നതായി തോന്നും എന്നാല്‍ നിരുത്തരവാധിത്തത്തിന്‍റെ  തര്‍ക്കുത്തരങ്ങള്‍ ദിവസവും ആ പുഷ്പങ്ങള്‍ തല്ലികൊഴിക്കും ...സൗഹൃദ ത്തിന്‍റെ  മാസ്മരിക ലോകം ഒരു മരീചികയായി മാറുന്ന അവസരങ്ങളും അനേകമുണ്ടാകും . എല്ലാംകൂടിയാകുമ്പോള്‍ ക്യാമ്പസ് ഒരു മായാപ്രപഞ്ചമായി മാറി സ്വത്വത്തെ നുള്ളി നോവിക്കുന്നു..

പ്രണയം തുളുമ്പിനിന്ന ക്യാമ്പസിന്‍റെ  ഇടനാഴികള്‍ മാറിമറയുന്ന മായാപ്രപഞ്ചങ്ങളായി തോന്നി. പ്രണയത്തിന് ഒരു സത്യം ഉണ്ടെന്ന് അവനറിയാം എന്നാല്‍ ആ സത്യം നുണയില്‍ പൊതിഞ്ഞാണ് എപ്പോഴും  കാണപ്പെടുന്നത് ..നാവില്‍ മധുരം കിനിയണം അനാവശ്യമായി ചിരിക്കണം അപ്രിയസത്യങ്ങള്‍ മറച്ച് വെക്കണം മുതലായവ ശരിയായ പ്രണയത്തിന്‍റെ  സുഹൃത്തുക്കളല്ല പക്ഷെ അവ എപ്പോഴും രൂപം മാറി മുന്നില്‍ എത്തുന്നു. അപ്രിയസത്യങ്ങള്‍ അവനില്‍ നിന്നും അണപൊട്ടിയൊഴുകി  പ്രണയം  അതില്‍ ഒലിച്ചുപോകുന്നത്  ഏകാന്തതയുടെ  വാകമരച്ചുവട്ടില്‍ ഇരുന്ന് കണ്ടു..

സൂര്യന്‍ അവനോടൊപ്പം എന്നും സഞ്ചരിച്ചു എന്നാല്‍ ഒരു കണ്ണാടിക്ക്  പകരക്കാരനാകുവാന്‍ ഉള്ള  യോഗ്യത സൂര്യനില്ല  എന്നവനറിയാം . പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന സൗഹൃദം എന്തായാലും  നന്നല്ല. മാത്രമല്ല അന്തകാരത്തിന്‍റെ  അലയാഴി സമ്മാനിച്ച ശേഷമാണ് കക്ഷി യാത്രയാകുന്നത്. പ്രഭാതത്തിന്‍റെ  ഉന്മേഷം അവനില്‍ നിറയുമ്പോള്‍ മാത്രമേ ഈ ചങ്ങാതി തിരികെ വരൂ..

പകലന്തിയോളം മേഞ്ഞുനടന്ന്‍ തൊഴുത്തില്‍ ബന്ധനസ്ഥനായ കന്നുകാലിയെപ്പോലെ  ഉമ്മറപ്പടി താണ്ടി അവന്‍ വീട്ടില്‍ പ്രവേശിച്ചു. ഓരോ നിമിഷത്തെയും ഓരോ ചുവടിനെയും നിത്യം വിലയിരുത്തുന്ന ഒരു റിയാലിറ്റി ഷോയുടെ ആരംഭമാണ് .! പല പല റൗണ്ടുകള്‍ മുന്നില്‍.. രൂക്ഷമായ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ആശ്വാസവാക്കുകളും നിറഞ്ഞ അന്തരീക്ഷം. സ്ഥിരം ജഡ്ജുമാരും അതിഥി ജഡ്ജുമാരും മാറി മാറി മാര്‍ക്കിടും.
എലിമിനേഷന്‍ റൗണ്ടുകള്‍ മുന്നില്‍ കണ്ടാല്‍ പോലും അത് വിജയകരമായി താണ്ടാന്‍ അവര്‍തന്നെ സഹായിക്കും എന്നതിനാല്‍ ഈ ഷോ  എന്നും അവന്‍ ആസ്വദിക്കുന്നു.

പിന്നെ മുറിക്കുള്ളില്‍ അടച്ചിരുന്ന്‍ ഏകാന്തമായ ധ്യാനം............പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും സ്വാതന്ത്ര്യം ക്ഷണികനേരത്തേക്ക്  അനുവദിക്കപ്പെടുന്നു. എഴുതിതീരാത്ത ഒരു പുസ്തകത്തിലെ  എഴുതിത്തീര്‍ന്ന പേജുകള്‍ വായിച്ച് തേങ്ങുകയും പുഞ്ചിരിക്കുകയും അട്ടഹസിക്കുകയും പൊട്ടിക്കരയുകയും എന്തും ആവാം... കൂടാതെ പുതിയ താളുകള്‍ തുന്നുവാന്‍ നൂലുകള്‍ കോര്‍ത്തുവെയ്ക്കുകയുമാവാം..

മുറിയുടെ ഒരറ്റത്ത് എന്നും കാത്തുകിടക്കുന്ന  ഒരു സുഹൃത്തിന്‍റെ  തേരിലേറി  യാത്രകള്‍ പോകുമ്പോള്‍ വീണ്ടും ആ ചോദ്യം ഒരു അശരീരിയായി  മുഴങ്ങി കേള്‍ക്കുകയായി.......ഇത് മേച്ചില്‍ പുറമോ  അതോ ചുടുകാടോ ??...................



Monday 14 January 2013

വസന്തത്തിനു പിന്നാലെ ഒരു യാത്ര..




രുധിരം  പൂക്കളായി അവതരിച്ചീടുന്ന  തെരു -
വീഥികളിലിന്ന്  വസന്തകാലം .
അരുമയായ്  കരുതുന്ന കാവ്യബിംബ -
ങ്ങളില്‍ നിന്നുമീ വസന്തം അകന്നുപോയോ?
പൗര്‍ണമി ചന്ദ്രന്‍റെ  ശോഭയില്‍ വിരിയുന്ന 
സ്വര്‍ഗ്ഗപുഷ്പങ്ങളും തലകുനിച്ചു.
കതിരുകള്‍ പൂക്കളായി  കണ്ട കാലങ്ങളില്‍ 
വസന്തം വിരിഞ്ഞത് വയല്‍വരമ്പില്‍ 
കാര്‍മുകില്‍വര്‍ണന്‍റെ  നിഴല്‍ വീണു 
മേളിച്ച  കാക്കപൂവൊന്നെനിക്കു  നല്‍കൂ .
കാട്ടുകല്ലുകള്‍ കെട്ടിയ ഈടിതലപ്പില്‍ നിന്നെ-
ത്തിനോക്കുന്ന ചെത്തിക്കുരുന്നിന്‍റെ 
ചെമ്പട്ടുടയാട  യന്ത്രകാരങ്ങള്‍ കവര്‍ന്നെടുത്തോ ?
പൂക്കള  പൂമഴ മുത്തുകളിലൊന്നിലും 
മുക്കുറ്റി വിരിഞ്ഞത് കണ്ടീല ഞാന്‍.
കാലവര്‍ഷം  കലഹിച്ചുപോയതിന്‍ 
കാരണം തേടി അലയേണ്ടതുണ്ടോ ?
മക്കളെ  കാണാതെ മനമുരുകുന്നോ -
രമ്മതന്‍ രോഷാഗ്നിയൊന്നു  മാത്രം..

Saturday 5 January 2013

പുകമതില്‍

പുകകൊണ്ടൊരു  മതില്‍.
അതിനിരുവശം  ചേര്‍ന്ന്‍ സഞ്ചാരികള്‍
പ്രണയഗീതങ്ങള്‍ ആലപിച്ചു.
അരുതരുതെന്നൊരു  വാക്കുമാത്രം 
കര്‍ണപുടങ്ങളില്‍ അലയടിച്ചു.
സദാചാരക്കോട്ടകള്‍ കൊടും വറുതിയില്‍ 
അമൃതവര്‍ഷിണി   തടുത്തുനിര്‍ത്തി.
ചാട്ടുളിയേറുകള്‍ ഏറ്റുവാങ്ങാന്‍ 
വേദന  തളര്‍ത്തിയ  ഹൃത്തടത്തില്‍ 
ചിരാതുകള്‍ തിരിയിട്ടൊരുക്കി  വച്ചു.
ഓരിയിട്ടലറും  കുറുനരി  കണ്ണുകളില്‍ 
ഓളങ്ങള്‍ തള്ളുന്ന  ചെങ്കടല്‍ ജ്വാലകള്‍.
ഇരതിന്ന്  കൊതിതീരാതലറുന്ന,
കഴുതപ്പുലികള്‍ നഖപടം 
ചാര്‍ത്തുവാന്‍ ഉടല്‍ തേടിയലയുന്നു.
അതറിയാതെ  ഇരയായി വീഴുന്ന 
നിസ്സഹായത  ശിബിയായി വാഴ്ത്തുന്ന 
കാലത്തിലാണ്  നാം, ഇതിനറുതി 
വരുത്തുവാന്‍ തകര്‍ക്കണമീ 
പുകകൊണ്ട്  കെട്ടിയ കൊട്ടമതിലിനെ.

Wednesday 2 January 2013

ഞാനും എലിയും

ഒരു  മണി  നെല്ലിനായി 
കാത്തു  നിന്നു  നീ 
എന്‍ തറവാടിന്‍ കോലായില്‍ ഇന്ന് .
ആലസ്യ  വാര്‍ദ്ധക്യ  മഞ്ചത്തില്‍ 
നിന്നു  ഞാന്‍ ഒരു  
മിഴി  തുറന്നൊന്നു  നോക്കി.
പണ്ട്  നീ  എന്നുടെ  തോട്ടത്തിന്‍ 
വേലിക്കല്‍ കൂട്ടുകുടുംബമായി  വാണനാള്‍ 
പത്തലുവെട്ടി  ഞാന്‍  കാത്തു നിന്നു 
കൊലവിളി  കണ്ണ് തുറന്ന്‍,പക്ഷെ  
അന്നു നീ  ഒരു കണ്ണിറുക്കി 
കളികാട്ടി  നിന്നതോര്‍ക്കുന്നോ ?
എന്നിട്ടെന്തിനാണ്‌ ഇന്നുനീ 
പൈദാഹ ദുഃഖമൊതിക്കൊ -
ണ്ടെന്‍മുഖം  കാത്തു നില്‍ക്കുന്നെ ?
ഇന്നുവരെ  നീ അറിഞ്ഞതില്ലേ 
എനിക്ക്  ഹൃദയമില്ലെന്ന  സത്യം .
വേലികള്‍ മാത്രം  തീര്‍ക്കുന്ന ഒരു 
യന്തിരന്‍ ഞാന്‍ അന്നും  ഇന്നും .
കരിന്തിരി കത്തുന്ന  നേരം കാത്തു 
ഞാന്‍ നില്‍ക്കുമായിരുന്നെന്നുമാ-
കാലവിളക്കിന്‍ ചുവട്ടില്‍.
കണ്ടീല ഞാനൊരിക്കലും 
ആ, തിരിത്തുമ്പില്‍ കത്തുന്ന ചൈതന്യം 
ജീവിത പുസ്തക താളില്‍ വരഞ്ഞത് 
തീരുന്ന എണ്ണ  കണക്ക് മാത്രം.
ഇന്ന് നിനക്ക് തരുവാന്‍ എന്‍ 
പക്കലില്ല ഒരു ചെറു കതിര്‍മണി  പോലും.
നമുക്കൊന്നിച്ചു  പോകാം,  ആ 
വിളക്കിലെ  ആത്മചൈതന്യത്തില്‍ ലയിക്കം .