Friday 20 September 2013

ജന്മദിനം

ചെമ്മാനമിതളിട്ടു വിരിയുന്ന സന്ധ്യയുടെ 
പിന്നാലെ വീണ്ടും വന്നിടും ജന്മദിനം 
വരവേൽക്കുവാനൊരുങ്ങിയീയുമ്മറം 
പലവുരുവന്നു പഴക്കമെഴുമാമുഖം 
വീണ്ടും വരുമ്പോഴും നിരാശയില്ലൊട്ടുമേ 

ആലിലകൊഴിയുമാ അമ്പലമുറ്റത്ത് നിന്നുമാ 
കൊച്ചിളംകാറ്റിൽ ആശംസനേരുന്ന 
തളിരില നോക്കി കൃതജ്ഞത ചൊല്ലിഞാൻ 
വർഷങ്ങളേറി പായുന്ന റെയിലിൻ 
പിൻസീറ്റിലേറി യാത്രചെയ്യുമ്പോഴും 
യാത്രതന്നന്ത്യം എവിടെയെന്നറിയാതെ 
ടിക്കെറ്റെടുക്കാൻ നിർവാഹമില്ലാതെ 
കപടലോകത്തിലെ അംഗമാണിന്നു  ഞാൻ

എങ്കിലുമില്ലെനിക്കൊട്ടുമേ നൈരാശ്യം 
നാളെ പുലർച്ചെയ്ക്കെത്തുന്ന  അതിഥിയെ
തിരിതെളിച്ചാനയിച്ചിരുത്തും മറക്കാതെ 
അന്നെരമെന്നുള്ളിലുള്ള നന്മയൊരെള്ളോളം 
കുറയാതിരിയ്ക്കുവാൻ കനിയേണമീശ്വരാ ..

Wednesday 11 September 2013

സ്നേഹോപഹാരം

വേദന വിരിയുമീ രാവിന്നിടനാഴിയിൽ 
ഏകനായി മിഴിനീർ തുളുമ്പി നിൽക്കെ 
അരുവിയോ കുരുവിയോപാടാത്ത  
പാട്ടുപോൽ  ചിലമ്പൊലിയൊച്ച-
യുതിർത്തുകൊണ്ടാ  നിമിഷഗോപുരം 
കത്തിയമർന്നതു ധൂളിയായി 
കരുണതൻ കാലൊച്ച കാതോർത്തുനിന്നൂ 
പരിക്ഷീണനായി പിന്നെ പരാജിതനായി
വരിയൊത്തു പുൽമേട് തിരയുമൊരു
ആട്ടിൻ പറ്റമതുപോലൊരു ലക്ഷ്യവുമായി 
ഒഴുകുന്ന മാനവനദിയുടെ തീരത്തടിഞ്ഞു 
പരിഭവമില്ലാതെ നിശബ്ദനായനേരം 
നിന്മുഖകിരണമെൻ അന്ധതമൂടിയ 
ഓർമതൻ താളിലുദിച്ചുപൊങ്ങി 
ആശ്വാസദീപ്തി പകർന്നുനൽകി 
ചെറുമന്ദമാരുതൻ മൃദുലമായി നിൻ-
കരതലമതിലധിവസിച്ചോമനിച്ചു
വേദനയെന്തന്നറിയാത്ത പൈതൽപോൽ 
ഞാനെൻ കണ്‍പോളചിമ്മി പുഞ്ചിരിച്ചു 
അത്യഗാധമാം ദൂരത്ത് പായുന്ന മിഴിയിൽ 
പതിയുവാൻ ചെയ്തൊരു പുണ്യമെന്തോ?
അറിയില്ലയെങ്കിലും നീ തന്ന ആശ്വാസ 
ദീപ്തിക്കൊരായിരം നന്ദിയേകാം ........