Saturday 24 January 2015

മാറ്റം

മഴവില്ലിൽ മേഘം മൂടുമ്പോൾ 
കാറ്റിനോട് കലഹിച്ചില്ലേ 
പുഴുക്കുത്തു വീണ പൂവിതൾ 
തലതാഴ്ത്തി മങ്ങുമ്പോൾ 
കാലത്തെ പഴിച്ചില്ലേ 
നെൽവയലിലെ  പൊൻകതിർ 
പോയവഴിയിൽ പലകാതം 
അലഞ്ഞ കവി പരിഭവിച്ചത് 
വായിച്ച് നെടുവീർപ്പിട്ടില്ലേ 
കണ്ണാടിയിൽ കണ്ട ചുളിവുകൾ 
വരച്ച കലാകാരനോടുള്ള പക 
തീർത്താൽ തീരുന്നതാണോ 
ഈ യാഥാർത്ഥ്യങ്ങൾ മൂകമായി -
അംഗീകരിക്കപ്പെടുമ്പോൾ  
ശബ്ദം ഇടറില്ല,പാദം പതറില്ല  ..

Thursday 22 January 2015

പുലർവേള

ഗതകാല ശീലുകൾ പാടി 
പുലർവേള വിടരുമ്പോൾ 
ഇടനെഞ്ചിലുടുക്കും കൊട്ടി 
പലചിന്തകൾ പായുന്നു 
ഇതളറ്റൊരു പൂമൊട്ടപ്പോൾ 
വിടരാനായി വെമ്പുമ്പോൾ 
അരികത്തൊരു തഴുകലുമായി 
ഇളമാരുതൻ ഒഴുകുന്നു 
പൂമൊട്ടിൻ കണ്ണീരൊപ്പാൻ 
പൂങ്കുയിലും പാടുന്നു 
എന്നാലും അറിയാതപ്പോൾ 
പൂമൊട്ടിൻ കവിളിണയിൽ
അണപൊട്ടിയ കണ്ണീർത്തുള്ളി 
പലവഴിയായി പിരിയുന്നു ..

Friday 9 January 2015

കാത്തിരിപ്പ്

ആരോ കാണിച്ച ലക്ഷ്യത്തിനായി 
ആത്മാർഥമായി  ശ്രമിച്ചപ്പോൾ 
എന്റെ കാലിടറി,ലക്ഷ്യം അകന്നു 
ക്ഷണിച്ചു വരുത്തുന്ന വിനകൾ
മനസ്സിൽ മുളപ്പിച്ച വിഭ്രാന്തി 
ഏറ്റെടുക്കാൻ വിജനത മാത്രം 
വസന്തത്തിൽ കണ്ട തോഴരെല്ലാം 
ശിശിരത്തിൽ എവിടെയോ മറഞ്ഞു 
ഇനിയുമൊരു മംഗളപത്രം 
എവിടെയോ എഴുതപ്പെടുന്നു ...