Wednesday 17 July 2013

അശോകൻറെ അഹിംസയും ശരിയായ അഹിംസയും

അഹിംസയാണ് പരമമായ ധർമ്മം എന്ന ആർഷബോധത്തോട് ബഹുമാനമുള്ളതുകൊണ്ട് അതിനെപ്പറ്റി ചിലത് പറയാൻ ആഗ്രഹിക്കുന്നു. ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഭാരതത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടാറുള്ളത്‌ അശോക ചക്രവർത്തിയെയാണ്. എന്തെന്നാൽ കലിംഗ യുദ്ധാനന്തരം രക്തരൂക്ഷിതമായ യുദ്ധത്തിൻറെ മൃഗീയത കണ്ടു പശ്ചാത്താപവിവശനായി അദ്ദേഹം ശിഷ്ട ജീവിതം ബൌദ്ധ ധർമ്മമനുസ്സരിച്ച് ജീവിച്ചു. ജീവിതത്തിലുടനീളം അഹിംസയെ ഉയർത്തിക്കാട്ടി. അങ്ങേയറ്റം ചെന്ന് കുടിവെള്ളം പോലും അരിച്ച്കുടിക്കുന്ന ഒരവസ്ഥയായി എന്നതെല്ലാം അശോകനെ കുറിച്ച് നാം സ്ഥിരം കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്.ഇവയെല്ലാം അദ്ദേഹത്തിൻറെ മഹത്വമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മിൽ ചില സംശയങ്ങൾ ഉയരും. ഒരു സന്യാസിയാണ് അശോകൻ എങ്കിൽ അദ്ദേഹത്തിൻറെ ജീവിതം മഹത്തരമായി കണക്കാക്കാം. പക്ഷെ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വധർമ്മത്തിൽ വീഴച്ചവരുത്തുകയാണ് ചെയ്തതെന്നു പറയേണ്ടി വരും 

ദണ്ഡനാധികാരം പ്രയോഗിക്കേണ്ട ഭരണാധികാരി ഒരു സന്യാസിയായി ജീവിയ്ക്കുന്നത് പാപമായി വേണം കരുതാൻ. രാജാവിന് തൻറെ പ്രജകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. രാജഭരണത്തിൽ എന്നല്ല ആധുനികമായ അധികാര വികേന്ദ്രീകൃത സർക്കാരുകളിലായാലും ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ ഇതും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ പലപ്പോഴും വധശിക്ഷ ഉൾപ്പെടയുള്ള ശിക്ഷകൾ വിധിക്കേണ്ടതായും വരും. രാജ്യത്തിൻറെ പൊതുവായ നന്മയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം ഹിംസകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായാണ്‌ ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടയുള്ള ഭാരതീയ ഋഷിപരമ്പരയുടെ പക്ഷം. ബുദ്ധൻറെ സിദ്ധാന്തങ്ങളുടെ ഒരു ദോഷമായി കരുതേണ്ടത് ഈ അഭിപ്രായത്തോടുള്ള വിയോജിപ്പാണ്. ബൗദ്ധ ദർശനങ്ങൾ വിപ്ലവാത്മകമെന്നു തോന്നാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുവെങ്കിലും അവ ഭാരതീയ ശിഥിലീകരനത്തിനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അശോകനുൾപ്പെടെയുള്ള ഭരണാധികാരികൾ ഈ പ്രമാണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ശാക്തികമായും സൈനികമായും ഭാരതീയ രാഷ്ട്രങ്ങൾ( വിവിധങ്ങളായ എന്നാലും ഒരേ മൂല്യങ്ങൾ പിന്തുടർന്നിരുന്ന ) ദുർബ്ബലമായി. ഈ ദൗർബല്യമാണ് ശ്രേഷ്ടമായ ഒരു പാരമ്പര്യത്തിൽ നിന്നും ഭാരതത്തെ വൈദേശിക ആധിപത്യത്തിൻറെ തുടർക്കഥകളിലേക്ക് തള്ളിവിട്ടത്.

അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ?  ഈ അവസ്ഥയിൽ കൈകെട്ടിയിരിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ അതിലും വലിയ പാപമുണ്ടെന്ന് കരുതാൻ കഴിയില്ല. രാജ്യം കുരുതിക്കളമായി മാറും എന്ന് തീർച്ച.അദ്ദേഹത്തിൻറെ പൂർവ്വികരുടെ മഹത്വംകൊണ്ടോ ദൈവാധീനം കൊണ്ടോ അങ്ങനെയൊരു അക്രമി വന്നില്ല.

മഹാഭാരത യുദ്ധത്തിന് ചൂട്ടുപിടിച്ചുവെന്നാണല്ലോ ശ്രീകൃഷ്ണനെതിരെയുള്ള ആക്ഷേപം. എന്നാൽ ഏറ്റവും പ്രായോഗികമതിയായ അഹിംസകാരൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് ബുദ്ധിയുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകും. അധർമ്മ പക്ഷത്തായിരുന്ന കൗരവരോട് ഫലമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ പാണ്ഡവർക്കുവേണ്ടി അദ്ദേഹം കഴിയുന്നത്ര യാജിച്ചു. അവർക്കർഹമായ രാജ്യത്തിൻറെ പകുതിയെന്നു തുടങ്ങി അഞ്ചു ഗ്രാമങ്ങൾ , അഞ്ചു ഭവനങ്ങൾ, അഞ്ചുപേർക്കുമായി ഒരു വീട് എന്ന നിലയിൽ ആവശ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്തു. ഇവയൊന്നിനും വഴങ്ങാത്ത ദുര്യോദനൻ പാണ്ഡവർക്ക് സൂചികുത്താൻ ഇടം നൽകില്ല എന്ന ഏറ്റവും അധാർമ്മികമായ നിലപാട് സ്വീകരിച്ചപ്പോഴാണ് കാര്യങ്ങൾ രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങിയത്. കൃഷ്ണൻ യുദ്ധം ഒഴിവാക്കാൻ എത്രമാത്രം ശ്രമിച്ചുവെന്നത് ഇവിടെ വ്യക്തം. ഇത്തരം സാഹചര്യങ്ങളിൽ അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുന്നതാണ്‌ ശ്രേഷ്ഠം.

അശോകന് ലൗകിക സുഖങ്ങളോടു വിരക്തി തോന്നിയെങ്കിൽ സ്ഥാനത്യാഗം ചെയ്ത് സന്യാസിയ്ക്കാമായിരുന്നു. അല്ലാതെ ഭരണാധികാരി സന്യാസിതുല്യനായി മാറുന്നത് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അഹിംസയാണ് പരമമായ ധർമ്മം. അതോടൊപ്പം അനിവാര്യമായ ഹിംസ ചെയ്യാതിരിയ്ക്കുന്നത് തെറ്റാണ്. അശോകൻ എന്ന ഭരണാധികാരി യാതൊരു ബഹുമാനത്തിനും അർഹനല്ല ..


  (ചിത്രം ഗൂഗിളില്‍ നിന്ന്)

15 comments:

  1. പ്രൊഫ . തുറവൂർ വിശ്വംഭരൻ അമൃത ടി.വിയിൽ ഭാരത ദർശനം എന്ന പരിപാടിയിൽ മുന്നോട്ടു വെച്ച കാഴ്ച്ചപ്പാടാണ് ഈ ലേഖനത്തിന് ആധാരം ..

    ReplyDelete
  2. തങ്ങളുടെ കാലത്ത് നിലനില്‍പ്പിനുവേണ്ടിയും, ജനരോഷം തണുപ്പിക്കുന്നതിനുവേണ്ടിയും, സമൂഹത്തെ കബളിപ്പിച്ച് തങ്ങളുടെ നേരെ ഉള്ള എതിര്‍പ്പുകളെ പ്രതിരോധിക്കുന്നതിനുവേണ്ടിയും ഭരണാധികാരികള്‍ പലതരം നാടകങ്ങളും കലിക്കാറുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ തൃപ്പടിദാനവും, അശോകന്റെ കലിംഗയുദ്ധപാശ്ചാത്തപവുമൊക്കെ നിലനില്‍പ്പിനായുള്ള ചില കപട്യങ്ങളായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    ബൗദ്ധദര്‍ശനങ്ങളാണ് ഭാരതത്തിന്റെ ശിഥിലീകരണത്തിന് കാരണഭൂതമായത് എന്ന നിലപാടിനോടും യോജിക്കാനാവുന്നില്ല. എന്നു മാത്രമല്ല നിലനിന്നിരുന്ന നിരവധി സാമൂഹ്യദുരാചാരങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് ബൗദ്ധദര്‍ശനത്തിനു ലഭിച്ച പ്രചാരം കാരണമായിട്ടുണ്ട്. എന്നാല്‍ സമൂഹത്തെ വഞ്ചിച്ചുകൊണ്ട് ജീവിക്കാന്‍ സനാതാനധര്‍മ്മത്തെ ആയുധമാക്കിയ പുരോഹിത വരേണ്യവര്‍ഗം ശങ്കരാചാര്യരെപ്പോലുള്ള പ്രചാരകരിലൂടെ ഇവിടെ നിലനിന്ന ബൗദ്ധദര്‍ശനങ്ങളെ തകര്‍ത്ത് വീണ്ടും സനാതനമൂല്യങ്ങള്‍ ഭാരതത്തിന്റെ മണ്ണില്‍ പുനസ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ഫലമായി ഒരിക്കല്‍ ആട്ടിയോടിച്ച നിരവധി ദുരാചാരങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ സമൂഹത്തിലേക്കു തിരിച്ചുവരികയും ഇന്ത്യ സാമൂഹികവും രാഷ്ട്രീയവുമായി ശിഥിലമാവുകയും ചെയ്തു. ഈ സാഹചര്യമാണ് വൈദേശികശക്തികള്‍ മുതലെടുത്തത്

    പുതിയ ചിന്തകളിലേക്ക് നയിക്കുന്ന നല്ല ലേഖനം. ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം.

    ReplyDelete
    Replies
    1. ശങ്കരാചാര്യർ എന്ന വ്യക്തിയെക്കുറിച്ച് സമൂഹത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നു എന്നാണ് എൻറെ അഭിപ്രായം. കാരണം വ്യാസനു ശേഷം ഭാരതീയരെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തി വേറെയില്ല .അദ്ദേഹമാണ് ഇത്തരത്തിൽ ജാതി തിരിച്ച് ജനങ്ങളെ പല തട്ടിലായി തിരിച്ചത് എന്ന് പറയുന്നത് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്. അതിനു തെളിവായി പറയുന്നത് ജാതിനിർണയം എന്ന ഗ്രന്ഥവും. ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല ജാതി നിർണയം പോലെ തരം താണ ഒരു രചന ശങ്കരാചാര്യർ നടത്തുമെന്ന്. അദ്വൈത ദർശനമെന്ന അതിമനോഹരമായ, സമത്വം ഉത്ഘോഷിക്കുന്ന സിദ്ധാന്തം പ്രചരിപ്പിച്ച വ്യകിതിയാണ് ശ്രീ ശങ്കരൻ എന്നത് വിസ്മരിക്കുന്നു. എനിക്ക് തോന്നുന്നത് ജാതി നിർണയം എന്ന പുസ്തകം ഏതോ യാഥാസ്തിതികാനായ ബ്രാഹ്മണന്റെ സൃഷ്ടി ആധികാരികത ലഭിക്കാനായി ശങ്കരാചാര്യരുടെ മേൽ കെട്ടിവെച്ചതാവാം. മാത്രമല്ല യാഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും ശങ്കരൻ ശ്രമിച്ചിട്ടില്ല. പല കാര്യങ്ങളിലും ബുദ്ധൻ അവലംബിച്ച മൗനം തന്നെയാണ് ബൌദ്ധ ധർമ്മത്തെ തളർത്തിയത്. അവ്യക്തത നിലനില്ക്കുന്ന ഒന്നും തന്നെ സനാതനമാകില്ല. കായിക ശേഷി ഉപയോഗിച്ചല്ലല്ലോ ശങ്കരൻ സനാതന ധർമ്മം പുനസ്ഥാപിച്ചത് .പഴകി ദ്രവിച്ച് നാശോന്മുകമായ ഒന്നിനുപകരം സനാതനമായ ഒന്ന് പുനസ്ഥാപിച്ചു. അനാചാരങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകുകയും ചെയ്യും ബുദ്ധന്റെ വിപ്ലവവും കമ്മ്യൂണിസ്റ്റ്‌ വിപ്ലവവും വെറും ഉപരിപ്ലവമാണ്‌ .ഒരു കാലഘട്ടത്തിൽ ചിലപ്പോൾ അത് ശോഭിച്ചെന്നിരിക്കും പിന്നെ ഉണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ സന്നദ്ധത കാട്ടുകയുമില്ല. അങ്ങനെ ജനങ്ങളിൽ നിന്നും അകലും ...

      എൻറെ ചില അഭിപ്രായങ്ങൾ പറഞ്ഞുവെന്നു മാത്രം യോജിക്കാം വിയോജിക്കാം ..
      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ..

      Delete
  3. ഞാന്‍ ഒരു അഹിംസാവാദിയാണ്.
    (വേറെ നഷ്ടമൊന്നുമില്ലെങ്കില്‍)

    ReplyDelete
    Replies
    1. ഞാനും , പക്ഷെ പ്രായോഗികമായ അഹിംസയാണ് ഉത്തമം എന്ന് വിശ്വസിക്കുന്നു . അധികമായാൽ അമൃതും വിഷം ..

      Delete
  4. ശരത് പ്രസാദ്‌ വളരെ നല്ല നിരീക്ഷണം തന്നെയാണ് നടത്തിയിരിക്കുന്നത്
    ഇത് വായിച്ചതു കൊണ്ട് എന്റെ കാഴ്ചപാട് ഞാൻ പറയാം
    എക്കാലത്തും പൂര്ണമായും ശരി എന്ന് പറയുന്ന ഒരു ശരി ഇല്ല ഉള്ളത് യാഥാർത്ഥ്യം ആണ് അത് തെറ്റും ശരിയും ചേർന്നതാണ്
    പിന്നെ അശോകന്റെ കാര്യം അശോകാൻ ചക്രവര്ത്തി ആയിട്ടാണ് വിരക്തനയത് അത് യുദ്ധത്തിന്റെ ഭീകരത കണ്ടു
    ബുദ്ധൻ ഒരു ശവമടക്കോ മറ്റോ കണ്ടാണ്‌ എല്ലാ സുഖസൌകര്യങ്ങൾ ഉപേക്ഷിച്ചത്
    എല്ലാം നമുക്ക് എന്നായാലും ഉപേക്ഷിക്കേണ്ടി വരും പിന്നെ എന്തിനു നാം വെട്ടി പിടിക്കുന്നു അത് ആണ് അവർ പറയാൻ ശ്രമിച്ചത്‌ വാളെടുക്കാതെ അത് ജീവിതത്തിൽ കൂടി തന്നെ ആക്രമിക്കുവാൻ വരുന്നവരെ പോലും ഒരു നോട്ടത്തിൽ കൂടി തന്നെ കീഴ്പ്പെടുത്തുവാൻ തക്ക ഞാനികലായിരുന്നു അവർ അവർ ഒരിക്കലും തെറ്റല്ല. ജ്ഞാനം തന്നെ ആണ് ഏറ്റവും വല്യ ആയുധം അതിലും വല്യ ഒരു ആയുധം കണ്ടു പിടിച്ചിട്ടില്ല. ആക്രമിക്കാൻ വരുന്ന ആരും വരുന്നത് മനസിന്റെ ശരീരത്തിന്റെ പല ആവശ്യങ്ങൾ കൊണ്ടാണ് നെപോളിയനും അലെക്സന്ദെരും പേരും പ്രശസ്തിക്കും വേണ്ടി തന്നെ ഇതൊക്കെ ചെയ്തു കൂട്ടിയത് അവർ തല അരിഞ്ഞു നേടിയത് ബുധനും അശോകനും ഹൃദയം കീഴ്പ്പെടുത്തി നേടി അത്ര തന്നെ

    ReplyDelete
    Replies
    1. വാളെടുത്ത്‌ ആക്രമിക്കാൻ വരുന്നവരെ കീഴടക്കാനുള്ള ജ്ഞാനശക്തി അല്ലെങ്കിൽ ആത്മീയ പ്രകാശം അവരിൽ ഉണ്ട് എന്നത് അംഗീകരിക്കുന്നു ,പക്ഷെ അതെല്ലാം വിലപ്പോകുന്നത് അൽപമെങ്കിലും നന്മ ഉള്ളിൽ കുടികൊള്ളുന്നവരോട് മാത്രമാണ് .......ക്രിസ്തുദേവനെ കുരിശിൽ തറച്ചത് അദ്ദേഹത്തിൽ ഈ ശക്തി കുറവായതുകൊണ്ടല്ലല്ലോ. അശോകൻറെ കാര്യത്തിലും ഞാൻ പറഞ്ഞു അദ്ദേഹത്തിനു സ്വയം പറയാം എന്നെ കൊന്നുകൊള്ളൂ എന്ന് പക്ഷെ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ച് കഴിയുന്ന ജനങ്ങളുടെ കാര്യം വരുമ്പോൾ ഈ നിലപാട് എടുത്താൽ അത് ഭീരുത്വം മാത്രമായേ കരുതാൻ കഴിയുള്ളൂ....അലക്സണ്ടെരെയും നേപ്പോളിയന്റെയും പ്രവർത്തിയും ലക്ഷ്യവും എല്ലാം അശോകനിൽ നിന്നും വിഭിന്നമാണ്.അവരെ കലിംഗ യുദ്ധത്തിനു മുമ്പുള്ള അശോകനുമായെ താരതമ്യം ചെയ്യാൻ കഴിയൂ..അതുകൊണ്ട് ഈ ലേഖനത്തിൽ ആ താരതമ്യം യുക്തിസഹമല്ല എന്നാണ് തോന്നുന്നത് ...........



      വന്നതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും നന്ദി..

      Delete
  5. ഇത് താങ്കളുടെ വീക്ഷണമാണ്. വായിക്കുന്നവര്ക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എനിക്ക് തോന്നിയത്, മനുഷ്യന് ഇപ്പോൾ തോന്നുന്നത്, ഇനി ഒരിക്കൽ തോന്നുന്നില്ല. മാനസാന്തരം വന്ന ചക്രവര്ത്തി തെറ്റ് ചെയ്തു എന്ന് തോന്നുന്നില്ല. അര്ഹിക്കുന്ന രീതിയിൽ പ്രജകളെ ബോധവാന്മാരാക്കുകയും ചെയ്തു. നല്ല ഭരണം കാഴ്ച വെക്കുകയും. അദ്ദേഹം അഹിംസ സ്വീകരിച്ച ശേഷം, ശത്രുക്കൾ സ്വന്തം പ്രജകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, അവരെ കൊന്നൊടുക്കി എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അങ്ങിനെ എങ്കിൽ രാജ്യഭാരം ഒഴിയണമായിരുന്നു. വാക്കുകൊണ്ടോ പ്രവര്ത്തികൊണ്ടോ ഉള്ള ഹിംസ എനിക്കും ഇഷ്ടമല്ല. അതിന്റെ ഭാഗമായി ഞാൻ ഇന്നും സസ്യാഹാരി ആണ്.

    ReplyDelete
    Replies
    1. അശോകൻ അഹിംസവാദി ആയത് നല്ലത് തന്നെ.അശോകൻ എന്ന വ്യക്തിയുടെ മഹത്വം ഞാൻ അംഗീകരിക്കുന്നു . എൻറെ സംശയം അതല്ല താഴെ പറയുന്ന സാഹചര്യത്തെ നേരിടാൻ ഈ പരിവർത്തനത്തിനു ശേഷം അശോകൻ എന്ന ഭരണാധികാരിക്ക് സാധിക്കുമോ എന്നാണ് ...

      "അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ?"

      താങ്കൾ പറഞ്ഞതു പോലെ ഒരു സന്ദർഭം വരുമ്പോൾ ഭരണം കൈയൊഴിഞ്ഞു പോകുന്നതിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല ..



      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ..


      Delete
    2. ഞാൻ എന്റെ സംശയം വീണ്ടും എഴുതട്ടെ:
      അശോകനു മാനസാന്തരം വന്ന ശേഷം, എന്നും പ്രജാതല്പ്പരനായ ആ ചക്രവര്ത്തിയെയും രാജ്യത്തെയും ശത്രുക്കൾ ആക്രമിച്ചതായും, തിരിച്ചടി കിട്ടിയതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്. രാജ്യതന്ത്രജ്നനായ ചക്രവര്ത്തി അതിനുള്ള മുൻകരുതലുകൾ എടുത്തിരിക്കണം. അഥവാ, അപ്പോഴും അദ്ദേഹത്തിന്റെ ഭരണം വിമര്ശനാത്മകം ആയിരുന്നിരിക്കില്ല. ചരിത്രത്തിലും - എന്തിനു പുരാണങ്ങളിലും വരെ സാധാരണക്കാര്ക്ക് പിൽക്കാലത്ത്‌ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഉണ്ടായെന്നു വരാം. എന്നാൽ, അതിനുള്ള പോംവഴി, പ്രതിവിധി അന്ന് അവർ എടുത്തിരുന്നില്ല എന്ന് വെറുതെ പറയുന്നതിനോട് - വിമർശിക്കുന്നതിനോട് യോജിക്കാനാവില്ല.

      Delete
    3. വായനയ്ക്കും വിയോജിപ്പിനും നന്ദി ഡോക്ടർ .....ഇത്തരം സാഹചര്യത്തിൽ അഹിംസയുടെ പ്രാധാന്യം എത്രത്തോളം ആണെന്നുള്ള ആകാംഷയാണ് ഈ ലേഖനം എഴുതാൻ കാരണം....

      Delete
  6. നന്ദി, സുഹൃത്തേ. തീര്ച്ചയായും, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് സമാധാനപ്രിയര്ക്കും ആറിയാം.

    ReplyDelete
  7. ഏറ്റവും ശക്തമായ ആയുധമാണ് അഹിംസ ,ആ മാര്‍ഗം സ്വീകരിക്കണമെങ്കില്‍ അസാമാന്യ ചങ്കുറപ്പ് വേണം ,ആ മാര്‍ഗം പിന്‍പറ്റിയത് കൊണ്ടല്ലേ നമ്മുടെ ഗാന്ധിജിയ്ക്ക് ബ്രിടിഷ്കാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ കഴിഞ്ഞത് .

    ReplyDelete
    Replies
    1. അതെ തീർച്ചയായും ..
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
      :)

      Delete