Friday, 8 March 2013

വികസനം എന്ത് ? എന്തിന് ? എവിടെ ?

വികസനം എന്ന നാലക്ഷരം ഭാരതത്തിലെ നൂറുകോടിയില്‍ പരം വരുന്ന ജനതയുടെ മിഴികളില്‍ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അത്രമാത്രം അവരെ നിരാശരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യം വികസിക്കണം, എല്ലാ ജനവിഭാഗങ്ങളും സ്വയം പര്യാപ്തമാവണം ഇതാണ് സ്വതന്ത്ര ഭാരതത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. എന്നാല്‍ സമ്മര്‍ദ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി പലപ്പോഴും ദാരിദ്രവിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം രൂപപ്പെടുത്തുന്ന ഘടകങ്ങള്‍ ശക്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം ശാസ്ത്രീയമായ പക്ഷാഭേദരഹിതമായ ഒരു സുസ്ഥിര വികസന പദ്ധതി രൂപീകരിക്കുക എന്നത് വളരെ പ്രയാസമാണ്.

ശാസ്ത്രീയമായ വികസനം  എന്നാല്‍ രാഷ്ട്രം ഉദ്ദേശിക്കുന്നത് എന്താണെന്ന് സമൂഹത്തിലെ സര്‍വ്വതലങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്തണം. ശരിയായ അവബോധത്തിന് മാത്രമേ രാഷ്ട്രപുരോഗതിയുടെ ഓരോ പടവുകളും കൃത്യതയോടെ നിര്‍മ്മിക്കാന്‍ സാധിക്കൂ. ഈ അവബോധത്തിന്‍റെ  അസമത്വമാണ് സര്‍വ്വവിധമായ അസ്വാസ്ഥ്യങ്ങള്‍ക്കും കാരനം. പ്രാഥമിക വിദ്യാഭ്യാസ രംഗം ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ വഴിയിലൂടെത്തന്നെ ശാസ്ത്രീയ വികസനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പുതുതലമുറയില്‍ എത്തിക്കം. ദീഘവീക്ഷണം എന്നത് ശാസ്ത്രീയ വികസനത്തിന്‍റെ ഒരു മൂല്യവര്‍ദ്ധിത ഘടകമായി കണക്കാക്കാം. സ്വാര്‍ത്ഥതയാണ് ദീര്‍ഘവീക്ഷണത്തെ ഇല്ലതാക്കുന്നത്. നിസ്വാര്‍ത്ഥതയുടെ സൗന്ദര്യം ജനങ്ങളില്‍ എത്തിയാല്‍ ഭാവിയെ മറന്നുള്ള, വരും തലമുറയെ മറന്നുള്ള അന്ധമായ വികസനം ഒഴിവാക്കാന്‍ സാധിക്കും.

നമുക്കറിയാം മറ്റുവികസ്വര രാഷ്ട്രങ്ങളെപ്പോലെ  ഭാരതത്തിലും ബഹുഭൂരിപക്ഷം ജനങ്ങളും പ്രാഥമിക തൊഴില്‍ മേഖലയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത് . അതായത് കൃഷിയും അനുബന്ധ  തൊഴിലുകളും. എന്നാല്‍ ചിന്തിക്കേണ്ടതായ ഒരുകാര്യം ഇത്രയേറെപ്പേര്‍ കൃഷി- അനുബന്ധ തൊഴിലുകള്‍ ചെയ്തിട്ടും അതിനനുസൃതമായ ഉത്പാദനം സാധ്യമാകുന്നുണ്ടോ? ഇല്ല. ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം എന്നൊന്ന് ഇത്ര രൂക്ഷമാകില്ല. വിശന്നുവലയുന്നവരെയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും ഉണ്ടാകില്ല. ഇതിന്‍റെ കാരണം തേടിപോകുമ്പോള്‍ മനസ്സിലാകുന്നത് നൂതന സാങ്കേതികവിദ്യ വശമല്ലാത്തതും പരമ്പരാഗത മാര്‍ഗ്ഗങ്ങളെ മാത്രം അവലംബിക്കുന്നതുമാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം എന്ന് വ്യക്തമാകും. അമേരിക്കയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 5% മാത്രമാണ് എന്നാല്‍ ആഭ്യന്തര ഉത്പാദനം വന്‍തോതിലും. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് അവര്‍ അധികമുള്ള ഗോതമ്പുചാക്കുകള്‍ കടലില്‍ തള്ളിയത് നാം മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. പരമ്പരാഗതമായ വിലപ്പെട്ട അറിവുകള്‍ നഷ്ടപ്പെടുത്താതെ നൂതനസാങ്കേതികവിദ്യ പരമാവതി ഉപയോഗപ്പെടുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ നമുക്ക് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും. സുഭാഷ് പലേക്കറെ  പോലെയുള്ള ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് പ്രഥമപരിഗണന കൊടുത്തുകൊണ്ട് മാത്രമേ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാവൂ . നാടന്‍ പശുവിനു കാര്‍ഷിക രംഗത്ത് നല്‍കാനാകുന്ന സംഭാവനകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ  കണ്ടെത്തലുകള്‍ മികച്ചതാണ്. ഹരിതവിപ്ലവത്തിലൂടെ മണ്ണിനു കൈവന്ന ദൂഷ്യഫലങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്‍റെ അഭാവമാണെന്ന് അദ്ദേഹം തുരന്നുകാട്ടി.

വ്യവസായത്തിന്‍റെ  പുരോഗതിയാണ് ഒരു രാഷ്ട്രത്തെ സാമ്പത്തിക ശക്തിയായി മാറ്റുന്നത് എന്ന തിരിച്ചറിവിനാല്‍ ആയിരിക്കാം ആദ്യ ഒന്നുരണ്ട്  പഞ്ചവല്‍സര പദ്ധതികള്‍ക്ക് ശേഷം സര്‍ക്കാര്‍ വ്യവസായത്തിനു പ്രഥമ പരിഗണന നല്‍കിയത്. കാര്‍ഷിക മേഖല ഇതിനകം മെച്ചപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല. വ്യവസായ രംഗത്ത് ശ്രദ്ധതിരിക്കേണ്ടത്‌ കാലത്തിന്‍റെ  ആവശ്യമായിരുന്നു. എന്നാല്‍ വ്യവസായം എങ്ങനെ പുരോഗമിക്കണം എന്നതില്‍ നാം സ്വീകരിച്ച കാഴ്ചപ്പാട് പുന;പരിശോധിക്കണം. അടുത്തിടെ മാതൃഭൂമി ദിനപത്രത്തില്‍ കണ്ടതും കേട്ടതും എന്ന പംക്തിയില്‍ 'ഇന്ത്യ വികസനക്കുതിപ്പിലേക്ക്' എന്ന്  രാജീവ്ഗാന്ധി പണ്ട് പറഞ്ഞ വാക്യത്തെ ഒരാള്‍ എതിര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ് . വികസനക്കുതിപ്പല്ല ക്രമേണയുള്ള വികസനമാണ് സമഗ്രപുരോഗതിക്ക് ആവശ്യം എന്നതാണ് അദ്ദേഹത്തിന്‍റെ  പക്ഷം. ആലോചിച്ചാല്‍ ഈ പറയുന്നതില്‍ കഴമ്പുണ്ടെന്ന് നമുക്ക് മനസിലാക്കം. പെട്ടെന്ന് സാമ്പത്തിക മുന്നേറ്റം നേടാം എന്നത് മാത്രം പരിഗണിച്ചാല്‍ പോരാ മറിച്ച് ദൂരവ്യാപകമായ ഫലങ്ങളെയും കുറിച്ച് ചിന്തിക്കണം. കൂടംകുളം ആണവനിലയം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമാണെന്ന് പറയുന്നു. എന്നാല്‍ തദ്ദേശിയര്‍ അസംതൃപ്തരാണ്. അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാണിതെന്ന് അവര്‍ ആശങ്കപ്പെടുന്നു. ഒരു ജനകീയ സര്‍ക്കാരിന് ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ബാധ്യതയുണ്ട്. ദുരന്തസാധ്യതയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും വേണം. ആറന്മുളയില്‍ വിമാനത്താവളത്തിന്‍റെ  മറവില്‍ നടക്കുന്ന പ്രകൃതി ചൂഷണങ്ങള്‍ മറ്റൊരു ഉദാഹരനമാണ്. വയല്‍ നികത്തി പ്രകൃതിരമണീയമായ പ്രദേശം വിരൂപമാക്കിയിരിക്കുന്നു .പൈതൃക ഗ്രാമമായ ആറന്മുളയെ ലോകം ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ ഗ്രാമത്തെ വ്യവസായ   മേഖലയാക്കി ഗ്രാമത്തിന്‍റെ തനിമയെ കൊലചെയ്യാനുള്ള ഗൂഡശക്തികളുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു . ജനങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ മുന്നോട്ടു പോകുന്ന കമ്പനിയും അതിനു ഒത്താശ ചെയ്യുന്ന സര്‍ക്കാരും തീക്കളിയാണ് കളിക്കുന്നത്. വരള്‍ച്ചബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച നമ്മുടെ കൊച്ചുകേരളത്തില്‍ ഇനി നിലം നികത്തിയുള്ള ഒരു പദ്ധതിയും വേണ്ട എന്ന തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ഒരു രാഷ്ട്രത്തിന്‍റെ  അടിസ്ഥാന ഘടകമായ ജനങ്ങളെ പരിഗണിച്ചുകൊണ്ട്‌ മാത്രമേ വ്യാവസായിക വികസനം പുരോഗമിക്കൂ അല്ലെങ്കില്‍ നിരന്തര സംഘര്‍ഷങ്ങളാകും ഫലം.

ഉദാരവല്‍ക്കരണത്തിനു ശേഷം സര്‍വ്വമേഖലയിലും വിദേശ നിക്ഷേപ സാധ്യതകള്‍ പരതുകയാണ്  നാം. വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുമ്പോള്‍ തദ്ദേശിയമായ ഉത്‌പാദനത്തെയും അതിന്‍റെ വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടുത്ത കാലത്ത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. ചെറുകിട സംരംഭകരെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള , കുത്തകകളുടെ കടന്നുകയറ്റത്തിന്‌ ഇത് വഴിവെയ്ക്കുമെന്ന് പറയപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഈ രാജ്യത്ത് അത്തരം നീക്കങ്ങള്‍ ആത്മഹത്യാപരമാണ്. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതവും. കൊളോണിയല്‍ കാലഘട്ടത്തില്‍ വിദേശശക്തികള്‍ നമ്മുടെ കമ്പോളത്തെയും കുടില്‍വ്യവസായത്തെയും തകര്‍ത്തു. അതിനുമുന്‍പ്‌ ഒരു തീപ്പെട്ടിയില്‍ ഒതുങ്ങുന്ന തരത്തിലുള്ള സാരികള്‍ നെയ്യുന്ന നെയ്ത്തുകാര്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നത്രേ. ഇന്ന് നിയോകൊളോണിയലിസത്തിന്‍റെ  ചുവടുപിടിച്ച് ഇത്തരം കുത്തക കമ്പനികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്‍റെ  ഗൂഡാലോചന നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . 

പാശ്ചാത്യ രീതികളുടെ അനുകരണവും ഉപഭോഗസംസ്കാരവും ഭാരതത്തിന്‍റെ  സമഗ്ര വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്. വ്യാവസായികവും കാര്‍ഷികവുമായ മുന്നേറ്റത്തെ ലക്ഷ്യമാക്കി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രമിക്കണം. ഉപഭോഗ സംസ്കാരം ത്യജിച്ച് ഗാന്ധിയന്‍ രീതിയിലുള്ള ലാളിത്യം കൈമുതലാക്കണം. അങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ ഒരു കെടാവിളക്കായി നിലകൊള്ളാന്‍ നമുക്ക് സാധിക്കും.. 

1 comment:

  1. ഉദാരവല്‍ക്കരണത്തിനു ശേഷം സര്‍വ്വമേഖലയിലും വിദേശ നിക്ഷേപ സാധ്യതകള്‍ പരതുകയാണ് നാം. 1.വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുമ്പോള്‍ തദ്ദേശിയമായ ഉത്‌പാദനത്തെയും അതിന്‍റെ വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം....

    2 .പാശ്ചാത്യ രീതികളുടെ അനുകരണവും ഉപഭോഗസംസ്കാരവും ഭാരതത്തിന്‍റെ സമഗ്ര വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്.


    ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെ..!!

    ReplyDelete