Thursday 3 May 2012

എന്‍റെ പ്രിയപ്പെട്ട 'പൂതപ്പാട്ട്'

ഗ്രാമീണതയുടെ അദ്വിതീയമായ അനുഭൂതി കൈമോശം വന്ന മലയാള മക്കള്‍ക്ക് പഴയ ആ ദിനങ്ങളുടെ പ്രൌഡി ഓര്‍മിപ്പിക്കുന്ന ഏടുകളാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്ന കൊച്ചു കാര്യങ്ങളുടെ വലിയ കവിയുടെ കവിതകള്‍.കവിതയില്‍ ദീര്‍ഘവീക്ഷണത്തിനു എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന്‍ ഇടശ്ശേരി കവിതകള്‍ നമുക്ക് മനസ്സിലാക്കി തരുന്നു.പൂതപ്പാട്ട് ,കുറ്റിപ്പുറം പാലം എന്നീ കവിതകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

'കുറ്റിപ്പുറം പാലം' എന്ന കവിത നിഷ്പക്ഷനായ കവിയുടെ സാമൂഹ്യ വീക്ഷണ കോണ്‍ വെളിപ്പെടുത്തുന്ന ഒന്നാണ്.പുരോഗതിയുടെ കൈലാസങ്ങള്‍ കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യന്‍ തനിക്ക്നഷ്ടപ്പെടുന്ന സൌഭാഗ്യങ്ങള്‍ കുറിച്ചുവെക്കാന്‍ മറക്കുന്നു.ജീവിതം സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് വലിച്ചുകൊണ്ട് പോകുമ്പോള്‍ ഗ്രാമീണതയുടെ നന്മയും പൈതൃക സമ്പന്നതയും കൈമോശം വരുന്നു.ഭാരതപുഴക്ക്‌ കുറുകെ തന്‍റെ ഗ്രാമമായ കുറ്റിപുറത്ത് പുതുതായി പണികഴിപ്പിച്ച പാലത്തിനു മുകളില്‍ നിന്നുകൊണ്ട്. മനുഷ്യന്‍ പുഴക്കുമേല്‍ നേടിയ വിജയത്തെ വിലയിരുത്തുകയാണ് കവി.താഴേക്കു നോക്കുമ്പോള്‍ പാലത്തിനു കീഴെ ഞെങ്ങി ഞെരുങ്ങി പോകുന്ന നദി.കുട്ടികാലത്ത് പൂഴിമണലില്‍ കളിക്കുകയും തെളിവെള്ളത്തില്‍ കുളിക്കുകയും ചെയ്തത് കവി മനസ്സിലൂടെ കടന്നുപോയി.ഗാംഭീര്യത്തോടുകൂടി ഒഴുകിയിരുന്ന പുഴ,കഴുകന്‍ പോലും മറികടക്കാന്‍ ഭയന്നിരുന്ന പുഴ ഇന്ന് വെറും ഒരു അഴുക്കുചാലായി പരിണമിച്ചിരിക്കുന്നു.എന്തൊരു ദൌര്‍ഭാഗ്യം.മനുഷ്യന്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ നടത്തുന്ന വൈകൃതങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളാണ് പുഴയില്‍ നിറയെ.ഒടുവില്‍ കവി നദിയോട് ഇങ്ങനെ ചോദിക്കുന്നു "അംബപേരാറെ നീ മാറിപ്പോമോ ആകുലയാം ഒരഴുക്കുചാലായി".

പൂതപ്പാട്ട് എന്ന കവിതയില്‍ ഇടശ്ശേരി ഒരു മിത്തിന്‍റെ സഹായത്തോടെ തന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാക്കി .എന്തായിരുന്നു ആ ലക്‌ഷ്യം.മാതൃശിശു ബന്ധത്തിന്‍റെ തീവ്രത ആവിഷ്കരിക്കുക.അപ്പോള്‍ ഒരു കാര്യം ചിന്തികേണ്ടിയിരിക്കുന്നു ആ ബന്ധത്തിനു ഒരു അപചയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാവണമല്ലോ ആവിഷ്കാരത്തിന്‍റെ പ്രസക്തി കൈവരുന്നത്. പൂതം കൈവശപ്പെടുത്തുന്ന ഉണ്ണിയെ തിരികെ ലഭിക്കാന്‍ ആ മാതാവ് എന്ത് സാഹസത്തിനും തയ്യാറാണ്.പൂതം പല പ്രലോഭനങ്ങളും ആ അമ്മക്ക് മുന്നില്‍ വച്ചു ഉണ്ണിയെ തിരികെ നല്‍കാതിരിക്കാന്‍ എന്നാല്‍ ഒന്നും തന്നെ ആ അമ്മ പരിഗണിക്കപോലും ചെയ്തില്ല.തന്‍റെ ഉണ്ണിയെ തിരികെ ലഭിക്കുക എന്നതൊഴിച്ച് യാതൊന്നും ആ അമ്മക്ക് വേണ്ടിയിരുന്നില്ല. നിധികള്‍ കാട്ടികൊടുത്തപ്പോള്‍ സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത് പൂതത്തിനുമുന്നില്‍ വച്ചു.അപ്പോള്‍ പൂതം തെച്ചികോലുകൊണ്ട് ഒരു ഉണ്ണിയെ നിര്‍മ്മിച്ച് അമ്മക്ക് നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഇതൊന്നും മത്രുസ്നേഹത്തെ കബളിപ്പിക്കാന്‍ ഉതകുന്നവയായിരുന്നില്ല.തീവ്ര വേദനയോടുകൂടി ആ അമ്മ ശാപവാക്കുകള്‍ ചൊരിയും എന്നായപോള്‍ ഭയന്ന്‍ പൂതം ഉണ്ണിയെ തിരികെ കൊടുത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ണിയെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് യാചിച്ചു.അമ്മ അതിനു വഴങ്ങി.വീടറിയാതെ ആ പൂതം ഇന്നും ഉണ്ണിയെ അന്വേഷിച്ച് നടക്കുന്നുണ്ടത്രേ..

പൂതപ്പാട്ട് എന്ന കവിതയുടെ പ്രസക്തി ഇന്ന് വളരെയേറെയാണ്. അമ്മതൊട്ടിലുകള്‍ ഇന്ന് സുലഭമാണ്. ആര്‍ക്കു വേണമെങ്കിലും അവരുടെ കുട്ടികളെ അവിടെ ഉപേക്ഷിക്കാം. ഈ സാമൂഹ്യ അപചയത്തിന്‍റെ കാരണം അന്വേഷിക്കാതെ അധികൃതര്‍ കൂടുതല്‍ തൊട്ടിലുകള്‍ സ്ഥാപിക്കാനുള്ള തത്രപാടിലാണ്.റോഡരികിലും റയില്‍ പാളത്തിലും കുട്ടികളെ ഉപേക്ഷിക്കാന്‍ ഇന്നത്തെ ഒരു വിഭാഗം അമ്മമാര്‍ക്ക് മടിയില്ല.അത്തരത്തിലുള്ള പുതിയ അമ്മമാര്‍ വരാതിരിക്കുവാന്‍ നിര്‍ബന്ധമായും മാതൃ-ശിശു ബന്ധത്തിന്‍റെ പവിത്രത വിളിച്ചറിയിക്കുന്ന ഇത്തരം കവിതകള്‍ പ്രചരിക്കപ്പെടണം.

ഈ കവിതകള്‍ എഴുതപ്പെട്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകുംതോറും ഇതിന്‍റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.കുറ്റിപുറം പാലങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു എന്നാല്‍ നങ്ങേലിമാര്‍(പൂതപ്പട്ടിലെ അമ്മ ) കുറഞ്ഞുവരുന്നു.ഹൈടെക് സംസ്കാരം പുരോഗമിക്കുന്നത് ഈ രീതിയിലാണ്.

1 comment:

  1. മനോഹരമായി വിലയിരുത്തി, എഴുത്തും വായനയും തുടരുക.
    remove word verification, its a nuisance

    ReplyDelete