Friday, 25 January 2013

മേച്ചില്‍പുറമോ ചുടുകാടോ ?

 മേച്ചില്‍പുറമോ ചുടുകാടോ രണ്ടുവാക്കുകള്‍ രാത്രിയുടെ ഏതോ യാമത്തില്‍ മനസ്സില്‍ കനല്‍ വാരിവിതറിയ പോലെ വന്നുവീണതാണ് .  ആ കനലിന്‍റെ  വറചട്ടിയില്‍ വെന്തുരുകി മടുത്തപ്പോള്‍ അവന്‍ കണ്ണു തുറന്നു.

നേരിയ സൂര്യകിരണങ്ങള്‍ കര്‍ട്ടനുകള്‍ക്കിടയിലെ  ചെറു  വിടവിലൂടെ അവന്‍റെ നെറ്റിത്തടത്തില്‍ തലോടുകയും കാറ്റില്‍ കര്‍ട്ടന്‍ ഉലയുമ്പോള്‍ 
പിന്‍വാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. 

എന്നത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാം താളം തെറ്റിയിരിക്കുന്നു.ഒരു ദിനത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായ സൂര്യോദയം അവനു നഷ്ടമാകുന്നത് അവനെ വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു !..
 സര്‍വ്വവും നിശ്ചലമായിരിക്കുന്ന അവസ്ഥയില്‍ നിന്നും ചലനത്തിന്‍റെ  
ചുവടുവെയ്പ്പ് കാണുവാന്‍ എന്നും അവന്‍ ശ്രദ്ധിച്ചിരുന്നു..
ഉറുമ്പുകള്‍, ചെറുപ്രാണികള്‍, കിളികള്‍ എന്നിവയുടെ ശബ്ദം ഒരു പ്രത്യേക 
നിമിഷത്തില്‍ ഇടിമുഴക്കം പോലെ പ്രകൃതിയെ തട്ടിയുണര്‍ത്തുന്ന  പ്രതിഭാസം എന്തൊരു കുളിര്‍മയേകുന്നതാണ്. ഇതിനു മുന്‍പ് ഉണരാന്‍ സാധിച്ചിരുന്നതില്‍ അവന്‍ കൃതാര്‍ത്ഥനായിരുന്നു. 

ചെറുചൂടുള്ള  കാപ്പി  ഊതിയൂതി  കുടിക്കുമ്പോഴും തലേരാത്രിയില്‍ താന്‍റെ  
മനസ്സ്  അശാന്തമാക്കിയ  രണ്ടു വാക്കുകളെ കുറിച്ചായിരുന്നു അവന്‍റെ ചിന്ത മുഴുവന്‍......  മേച്ചില്‍പുറമോ ചുടുകാടോ?........
ബോധമനസ്സില്‍ താന്‍ ഒരിക്കലും പ്രയോഗിക്കാത്ത  ഈ വാക്കുകള്‍ ഉപബോധമനസ്സിനെ വല്ലാതെ  വ്രണപ്പെടുത്തി  എന്നതൊഴിച്ച് അതിന്‍റെ 
പശ്ചാത്തല സാധ്യതകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല...

ഒടുവില്‍ ഈ വാക്കുകളെ പാതിവഴിയില്‍ ഉപേക്ഷിച്ച്  അവന്‍ മറ്റുപ്രവര്‍ത്തികളില്‍ ശ്രദ്ധ തിരിച്ചു . നാം എപ്പോഴും  അങ്ങനെയാണല്ലോ 
സുന്ദരവും മനക്ലേശമില്ലാത്തതുമായ  കാര്യങ്ങളിലേക്ക് എപ്പോഴും  നമ്മുടെ മനസ്സ് തെന്നിമാറും.. ചില ഇടവേളകളില്‍ മാത്രമാണ് ബുദ്ധിയെ ചൂടാക്കുവാന്‍ ശ്രമിക്കുന്നത്. അതും സാഹചര്യത്തിന്‍റെ  സമ്മര്‍ദ്ദം അതികഠിനമാകുമ്പോള്‍. പത്രത്തിന്‍റെ പേജുകള്‍ മറിക്കുമ്പോഴും അവന്‍ ഈ മനോഗതി തന്നെ പിന്‍തുടര്‍ന്നു . ആദ്യ പേജില്‍ അക്രമത്തിന്‍റെയും  പീഡനത്തിന്‍റെയും പരമ്പരകള്‍ വര്‍ണ്ണചിത്രങ്ങളോടുകൂടി  നല്‍കിയിരിക്കുന്നു...നേരത്തെ കണ്ട ഒരു സിനിമ വീണ്ടും കാണുന്ന ഒരു ലാഘവത്തോടുകൂടി ആ പേജ് മറിച്ചു. പ്രാദേശിക വാര്‍ത്തകള്‍ കൂടുതലും അവനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായവയാണ് അതില്‍ നിന്നും തിരഞ്ഞെടുത്ത ചിലത് വായിച്ചു. അങ്ങനെ ഓരോ പേജും പ്രതീക്ഷയോടെ തുറന്നും  നിരാശയോടെ  മറിച്ചും  ഒടുവില്‍ പത്രം എവിടെയോ വലിച്ചെറിഞ്ഞു..ആകെ ഒരു നിരാശ...

പിന്നെ  കോളേജിലേക്കുള്ള  യാത്രയായി. ബസില്‍ കയറുന്നതും ഇറങ്ങുന്നതും ഒരു യാതനയാണ് . കണ്‍സെഷന്‍ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലായിരുന്നു അവന്‍ എന്നതിനാല്‍ ബസ് ജീവനക്കാരുടെ കണ്ണിലെ കരടായി മാറി. വിദ്യാര്‍ഥികള്‍ക്ക് നിഷിദ്ധമായ സീറ്റുകളില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ഇരിക്കുമ്പോഴും മനസ്സില്‍ വിങ്ങല്‍ മാത്രം. അനീതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി മെനയാനുള്ള തിരക്കും..

നീണ്ട ഇടനാഴിയിലൂടെ കോളേജിലേക്കുള്ള  യാത്രയില്‍ പ്രതീക്ഷയുടെ ചെന്താമര മലര്‍ അവന്‍റെ  മിഴികളില്‍ ശോഭിക്കുന്നതായി തോന്നും എന്നാല്‍ നിരുത്തരവാധിത്തത്തിന്‍റെ  തര്‍ക്കുത്തരങ്ങള്‍ ദിവസവും ആ പുഷ്പങ്ങള്‍ തല്ലികൊഴിക്കും ...സൗഹൃദ ത്തിന്‍റെ  മാസ്മരിക ലോകം ഒരു മരീചികയായി മാറുന്ന അവസരങ്ങളും അനേകമുണ്ടാകും . എല്ലാംകൂടിയാകുമ്പോള്‍ ക്യാമ്പസ് ഒരു മായാപ്രപഞ്ചമായി മാറി സ്വത്വത്തെ നുള്ളി നോവിക്കുന്നു..

പ്രണയം തുളുമ്പിനിന്ന ക്യാമ്പസിന്‍റെ  ഇടനാഴികള്‍ മാറിമറയുന്ന മായാപ്രപഞ്ചങ്ങളായി തോന്നി. പ്രണയത്തിന് ഒരു സത്യം ഉണ്ടെന്ന് അവനറിയാം എന്നാല്‍ ആ സത്യം നുണയില്‍ പൊതിഞ്ഞാണ് എപ്പോഴും  കാണപ്പെടുന്നത് ..നാവില്‍ മധുരം കിനിയണം അനാവശ്യമായി ചിരിക്കണം അപ്രിയസത്യങ്ങള്‍ മറച്ച് വെക്കണം മുതലായവ ശരിയായ പ്രണയത്തിന്‍റെ  സുഹൃത്തുക്കളല്ല പക്ഷെ അവ എപ്പോഴും രൂപം മാറി മുന്നില്‍ എത്തുന്നു. അപ്രിയസത്യങ്ങള്‍ അവനില്‍ നിന്നും അണപൊട്ടിയൊഴുകി  പ്രണയം  അതില്‍ ഒലിച്ചുപോകുന്നത്  ഏകാന്തതയുടെ  വാകമരച്ചുവട്ടില്‍ ഇരുന്ന് കണ്ടു..

സൂര്യന്‍ അവനോടൊപ്പം എന്നും സഞ്ചരിച്ചു എന്നാല്‍ ഒരു കണ്ണാടിക്ക്  പകരക്കാരനാകുവാന്‍ ഉള്ള  യോഗ്യത സൂര്യനില്ല  എന്നവനറിയാം . പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്ന സൗഹൃദം എന്തായാലും  നന്നല്ല. മാത്രമല്ല അന്തകാരത്തിന്‍റെ  അലയാഴി സമ്മാനിച്ച ശേഷമാണ് കക്ഷി യാത്രയാകുന്നത്. പ്രഭാതത്തിന്‍റെ  ഉന്മേഷം അവനില്‍ നിറയുമ്പോള്‍ മാത്രമേ ഈ ചങ്ങാതി തിരികെ വരൂ..

പകലന്തിയോളം മേഞ്ഞുനടന്ന്‍ തൊഴുത്തില്‍ ബന്ധനസ്ഥനായ കന്നുകാലിയെപ്പോലെ  ഉമ്മറപ്പടി താണ്ടി അവന്‍ വീട്ടില്‍ പ്രവേശിച്ചു. ഓരോ നിമിഷത്തെയും ഓരോ ചുവടിനെയും നിത്യം വിലയിരുത്തുന്ന ഒരു റിയാലിറ്റി ഷോയുടെ ആരംഭമാണ് .! പല പല റൗണ്ടുകള്‍ മുന്നില്‍.. രൂക്ഷമായ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ആശ്വാസവാക്കുകളും നിറഞ്ഞ അന്തരീക്ഷം. സ്ഥിരം ജഡ്ജുമാരും അതിഥി ജഡ്ജുമാരും മാറി മാറി മാര്‍ക്കിടും.
എലിമിനേഷന്‍ റൗണ്ടുകള്‍ മുന്നില്‍ കണ്ടാല്‍ പോലും അത് വിജയകരമായി താണ്ടാന്‍ അവര്‍തന്നെ സഹായിക്കും എന്നതിനാല്‍ ഈ ഷോ  എന്നും അവന്‍ ആസ്വദിക്കുന്നു.

പിന്നെ മുറിക്കുള്ളില്‍ അടച്ചിരുന്ന്‍ ഏകാന്തമായ ധ്യാനം............പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും സ്വാതന്ത്ര്യം ക്ഷണികനേരത്തേക്ക്  അനുവദിക്കപ്പെടുന്നു. എഴുതിതീരാത്ത ഒരു പുസ്തകത്തിലെ  എഴുതിത്തീര്‍ന്ന പേജുകള്‍ വായിച്ച് തേങ്ങുകയും പുഞ്ചിരിക്കുകയും അട്ടഹസിക്കുകയും പൊട്ടിക്കരയുകയും എന്തും ആവാം... കൂടാതെ പുതിയ താളുകള്‍ തുന്നുവാന്‍ നൂലുകള്‍ കോര്‍ത്തുവെയ്ക്കുകയുമാവാം..

മുറിയുടെ ഒരറ്റത്ത് എന്നും കാത്തുകിടക്കുന്ന  ഒരു സുഹൃത്തിന്‍റെ  തേരിലേറി  യാത്രകള്‍ പോകുമ്പോള്‍ വീണ്ടും ആ ചോദ്യം ഒരു അശരീരിയായി  മുഴങ്ങി കേള്‍ക്കുകയായി.......ഇത് മേച്ചില്‍ പുറമോ  അതോ ചുടുകാടോ ??...................1 comment: