Thursday, 10 May 2012

ഒരു പേരയുടെ ദാരുണ അന്ത്യം

പതിവുപോലെ മൈന ദമ്പതിമാര്‍ പേരയിലെത്തി. അവര്‍ ഓരോ പേരക്കയും ചുറ്റി പരിശോധിച്ചു. ഒരു വലിയ സാമ്രാജ്യത്തിലെ രാജാവും രാജ്ഞിയും കണക്കെ സ്വാതന്ത്ര്യത്തിന്‍റെ പരിമിധികളൊന്നും തന്നെയില്ലാതെയാണ് കക്ഷികളുടെ വിലസല്‍. പഴുത്തവയെല്ലാം മാറി മാറി രുചിച്ചു നോക്കി, ഇഷ്ടപ്പെടാത്തവ പൊട്ടിച്ചു താഴെയിട്ട് കനവുകളും കിന്നാരങ്ങളും പങ്കിട്ടു. തങ്ങളുടെ അധികാര പരിധിയില്‍ നുഴഞ്ഞുകയറിയ ഒരു തേന്‍കുരുവിയെ രൂക്ഷമായി നോക്കി താക്കീത് നല്‍കി.

പണ്ട് ഇവരുടെ സാമ്രാജ്യം അല്പം കൂടി വലുതായിരുന്നു, നീണ്ട ശാഖകള്‍ പുരയിടത്തിന്‍റെ നാനാഭാഗത്തേക്കും കൈചൂണ്ടി ആജ്ഞകള്‍ നല്‍കി. തണലില്‍ വികൃതികള്‍ കളിച്ച് തിമിര്‍ത്തു. വേനലവധിയുടെ സന്തോഷം നിറഞ്ഞുനിന്നിരുന്നു. അവര്‍ക്ക് ക്ഷീണമകറ്റാന്‍ കാറ്റത്ത് പേര ശക്തിയായി നൃത്തം ചവുട്ടി, ഒരു കുച്ചിപ്പുടി നര്‍ത്തകയെപ്പോലെ. പേരക്കായ വീതം വയ്ക്കാനുള്ള തര്‍ക്കങ്ങള്‍ കണ്ടു അവന്‍ രസിച്ചു നിന്നു.

അങ്ങനെയിരിക്കെ പറമ്പില്‍ പുതിയോരാള്‍ക്ക് ഭൂമി പതിച്ചു നല്‍കപ്പെട്ടപ്പോള്‍ പാവം പേരക്ക് അംഗഭംഗങ്ങള്‍ സംഭവിച്ചു. തന്നെക്കാള്‍ കേമനാണ് പുതിയ അയല്‍വാസി എന്നാണ് വീട്ടുകാരുടെ പക്ഷം, പേര് രംബൂട്ടാന്‍. പേരില്‍ തന്നെ ഒരു രാജകീയ പ്രൌഡി ഉണ്ടത്രേ. എന്തായാലും നമ്മുടെ പേരയുടെ കഷ്ടകാലം എന്നല്ലതെന്താ പറയുക. അവന്റെ മൂന്നു കരങ്ങള്‍ നിഷ്കരുണം മുറിക്കപ്പെട്ടു. പ്രപഞ്ച ധാതാവായ സൂര്യന്‍റെ രശ്മികള്‍ തടുത്തു നിര്‍ത്തി എന്ന കുറ്റത്തിന് ഹമ്മുരാബി നിയമപ്രകാരം വിധിക്കപ്പെട്ട ശിക്ഷ. തണലുനഷ്ടപ്പെട്ടപ്പോള്‍ വികൃതികള്‍ തിരിഞ്ഞുനോക്കാതായി. പുതിയ അയല്‍വാസിയുടെ വളര്‍ച്ചക്കനുസരിച്ച് വീണ്ടും വീണ്ടും അവന്‍റെ കമ്പുകള്‍ മുറിക്കപ്പെട്ടു.

എന്തായാലും അവനു പുതിയ ചങ്ങാതിമാരെ ലഭിച്ചു,മൈന ദമ്പതിമാര്‍. രാവിലെ തന്നെ അവര്‍ എത്തിച്ചേരും.അവരുടെ കളിയും ചിരിയും കണ്ടു രസിക്കുകയാണ് മൂപ്പരുടെ പ്രധാന വിനോദം.

എന്നാല്‍ സന്തോഷം അധികം നീണ്ടുനിന്നില്ല. ഒരു സുപ്രഭാതത്തില്‍ പുതിയൊരു അംഗം കൂടി വീട്ടില്‍ താമസത്തിനെത്തി. ഒരു ബെന്‍സ് കാര്‍. തിടമ്പേറ്റിയ ഗജകേസരിയുടെ ഗാംഭീര്യവുമായി. അവനെ തളക്കാന്‍ ഒരു ഇടം വേണം. പുതിയ കാര്‍ഷെഡ്‌ പണിയുവാനുള്ള സ്ഥലം എടുപ്പിനായി ഭവന അധികൃതര്‍ പുരക്കു ചുറ്റും വലം വച്ചു. മാവിന്‍റെയും പ്ലാവിന്‍റെയും തെങ്ങിന്‍റെയും എല്ലാം ദയാഹര്‍ജികള്‍ പരിഗണിക്കപ്പെട്ടു. പാവം പേരയുടെ മേല്‍ സര്‍വ്വകുറ്റവും ചുമത്തി വധശിക്ഷക്ക് വിധി എഴുതി.

ആരാച്ചാര്‍ വന്നു, അര്‍ദ്ധച്ചന്ദ്രന്‍റെ പ്രകാശവുമായി മഴുവിന്‍റെ ആദ്യ കൊള്ളിയാന്‍ ദേഹത്ത് വീണതെ അവന് ഓര്‍മ്മയുള്ളൂ. പിന്നെ ഏറ്റെടുക്കാന്‍ ആരുമില്ലാതെ നിര്‍ദോഷിയുടെ മൃതദേഹം കയ്യാലവക്കില്‍ വലിച്ചെറിയപ്പെട്ടു ......

4 comments:

  1. വളരെ നല്ല ചിന്ത ശരത്... ഇനിയുമൊരുപാടെഴുതുക..

    തന്നെക്കാള്‍ കേമനാണ് പുതിയ അയല്‍വാസി എന്നാണ് വീട്ടുകാരുടെ പക്ഷം, പേര് രംബൂട്ടാന്‍. പേരില്‍ തന്നെ ഒരു രാജകീയ പ്രൌഡി ഉണ്ടത്രേ. എന്തായാലും നമ്മുടെ പേരയുടെ കഷ്ടകാലം എന്നല്ലതെന്താ പറയുക. അവിടം ശരിക്ക് മനസ്സിലാവില്ല...

    സുഹ്യത്തുക്കളോടു പറയാം

    ReplyDelete
  2. പിന്നെ ഏറ്റെടുക്കാന്‍ ആരുമില്ലാതെ ആ നിര്‍ദോഷിയുടെ മൃതദേഹം കയ്യാലവക്കില്‍ വലിച്ചെറിയപ്പെട്ടു ......
    നന്നായ് എഴുതി

    ReplyDelete
  3. പേരമരത്തെച്ചൊല്ലി വിലപിക്കയോ...?റംബുട്ടാനും ബെന്‍സും വരട്ടെ. ആര്‍ക്കുവേണമീ പേര.!!! ഒരു ഫാഷനുമില്ലാത്ത സാധനം.

    ReplyDelete
  4. ആശയം നന്നായിരുന്നു. പക്ഷെ കുറച്ചു കൂടി വികസിപ്പിച്ചു എഴുതാമായിരുന്നില്ലേ ...ഓരോ വരികളും വളരെ നീളം കുറവുള്ളതായി തോന്നി.ബാക്കി കാര്യങ്ങള്‍ എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍..ഇനിയും എഴുതുക.

    ഇതിനു സമാനമായ മറ്റൊരു പോസ്റ്റ്‌ ഈ ലിങ്കില്‍ പോയാല്‍ കാണാം..
    http://praveen-sekhar.blogspot.com/2012/03/blog-post_27.html

    ReplyDelete