അഹിംസയാണ് പരമമായ ധർമ്മം എന്ന ആർഷബോധത്തോട് ബഹുമാനമുള്ളതുകൊണ്ട് അതിനെപ്പറ്റി ചിലത് പറയാൻ ആഗ്രഹിക്കുന്നു. ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഭാരതത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടാറുള്ളത് അശോക ചക്രവർത്തിയെയാണ്. എന്തെന്നാൽ കലിംഗ യുദ്ധാനന്തരം രക്തരൂക്ഷിതമായ യുദ്ധത്തിൻറെ മൃഗീയത കണ്ടു പശ്ചാത്താപവിവശനായി അദ്ദേഹം ശിഷ്ട ജീവിതം ബൌദ്ധ ധർമ്മമനുസ്സരിച്ച് ജീവിച്ചു. ജീവിതത്തിലുടനീളം അഹിംസയെ ഉയർത്തിക്കാട്ടി. അങ്ങേയറ്റം ചെന്ന് കുടിവെള്ളം പോലും അരിച്ച്കുടിക്കുന്ന ഒരവസ്ഥയായി എന്നതെല്ലാം അശോകനെ കുറിച്ച് നാം സ്ഥിരം കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്.ഇവയെല്ലാം അദ്ദേഹത്തിൻറെ മഹത്വമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മിൽ ചില സംശയങ്ങൾ ഉയരും. ഒരു സന്യാസിയാണ് അശോകൻ എങ്കിൽ അദ്ദേഹത്തിൻറെ ജീവിതം മഹത്തരമായി കണക്കാക്കാം. പക്ഷെ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വധർമ്മത്തിൽ വീഴച്ചവരുത്തുകയാണ് ചെയ്തതെന്നു പറയേണ്ടി വരും
ദണ്ഡനാധികാരം പ്രയോഗിക്കേണ്ട ഭരണാധികാരി ഒരു സന്യാസിയായി ജീവിയ്ക്കുന്നത് പാപമായി വേണം കരുതാൻ. രാജാവിന് തൻറെ പ്രജകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. രാജഭരണത്തിൽ എന്നല്ല ആധുനികമായ അധികാര വികേന്ദ്രീകൃത സർക്കാരുകളിലായാലും ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ ഇതും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ പലപ്പോഴും വധശിക്ഷ ഉൾപ്പെടയുള്ള ശിക്ഷകൾ വിധിക്കേണ്ടതായും വരും. രാജ്യത്തിൻറെ പൊതുവായ നന്മയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം ഹിംസകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായാണ് ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടയുള്ള ഭാരതീയ ഋഷിപരമ്പരയുടെ പക്ഷം. ബുദ്ധൻറെ സിദ്ധാന്തങ്ങളുടെ ഒരു ദോഷമായി കരുതേണ്ടത് ഈ അഭിപ്രായത്തോടുള്ള വിയോജിപ്പാണ്. ബൗദ്ധ ദർശനങ്ങൾ വിപ്ലവാത്മകമെന്നു തോന്നാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുവെങ്കിലും അവ ഭാരതീയ ശിഥിലീകരനത്തിനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അശോകനുൾപ്പെടെയുള്ള ഭരണാധികാരികൾ ഈ പ്രമാണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ശാക്തികമായും സൈനികമായും ഭാരതീയ രാഷ്ട്രങ്ങൾ( വിവിധങ്ങളായ എന്നാലും ഒരേ മൂല്യങ്ങൾ പിന്തുടർന്നിരുന്ന ) ദുർബ്ബലമായി. ഈ ദൗർബല്യമാണ് ശ്രേഷ്ടമായ ഒരു പാരമ്പര്യത്തിൽ നിന്നും ഭാരതത്തെ വൈദേശിക ആധിപത്യത്തിൻറെ തുടർക്കഥകളിലേക്ക് തള്ളിവിട്ടത്.
അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ? ഈ അവസ്ഥയിൽ കൈകെട്ടിയിരിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ അതിലും വലിയ പാപമുണ്ടെന്ന് കരുതാൻ കഴിയില്ല. രാജ്യം കുരുതിക്കളമായി മാറും എന്ന് തീർച്ച.അദ്ദേഹത്തിൻറെ പൂർവ്വികരുടെ മഹത്വംകൊണ്ടോ ദൈവാധീനം കൊണ്ടോ അങ്ങനെയൊരു അക്രമി വന്നില്ല.
മഹാഭാരത യുദ്ധത്തിന് ചൂട്ടുപിടിച്ചുവെന്നാണല്ലോ ശ്രീകൃഷ്ണനെതിരെയുള്ള ആക്ഷേപം. എന്നാൽ ഏറ്റവും പ്രായോഗികമതിയായ അഹിംസകാരൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് ബുദ്ധിയുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകും. അധർമ്മ പക്ഷത്തായിരുന്ന കൗരവരോട് ഫലമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ പാണ്ഡവർക്കുവേണ്ടി അദ്ദേഹം കഴിയുന്നത്ര യാജിച്ചു. അവർക്കർഹമായ രാജ്യത്തിൻറെ പകുതിയെന്നു തുടങ്ങി അഞ്ചു ഗ്രാമങ്ങൾ , അഞ്ചു ഭവനങ്ങൾ, അഞ്ചുപേർക്കുമായി ഒരു വീട് എന്ന നിലയിൽ ആവശ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്തു. ഇവയൊന്നിനും വഴങ്ങാത്ത ദുര്യോദനൻ പാണ്ഡവർക്ക് സൂചികുത്താൻ ഇടം നൽകില്ല എന്ന ഏറ്റവും അധാർമ്മികമായ നിലപാട് സ്വീകരിച്ചപ്പോഴാണ് കാര്യങ്ങൾ രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങിയത്. കൃഷ്ണൻ യുദ്ധം ഒഴിവാക്കാൻ എത്രമാത്രം ശ്രമിച്ചുവെന്നത് ഇവിടെ വ്യക്തം. ഇത്തരം സാഹചര്യങ്ങളിൽ അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുന്നതാണ് ശ്രേഷ്ഠം.
അശോകന് ലൗകിക സുഖങ്ങളോടു വിരക്തി തോന്നിയെങ്കിൽ സ്ഥാനത്യാഗം ചെയ്ത് സന്യാസിയ്ക്കാമായിരുന്നു. അല്ലാതെ ഭരണാധികാരി സന്യാസിതുല്യനായി മാറുന്നത് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അഹിംസയാണ് പരമമായ ധർമ്മം. അതോടൊപ്പം അനിവാര്യമായ ഹിംസ ചെയ്യാതിരിയ്ക്കുന്നത് തെറ്റാണ്. അശോകൻ എന്ന ഭരണാധികാരി യാതൊരു ബഹുമാനത്തിനും അർഹനല്ല ..
(ചിത്രം ഗൂഗിളില്‍ നിന്ന്)