Monday, 17 December 2012

മൂന്ന് അവസ്ഥകള്‍

                     ഒന്ന് 

ഒരു തുള്ളി വെള്ളത്തിലുള്ള ലോകം
ചുറ്റിവരുവാനൊരു റെയില്‍ വണ്ടി
അതിലൊരു സീറ്റിലിരുന്നു ഞാന്‍
ഒരു കവിത കുറിച്ചു 
  
                     രണ്ട് 

വിദൂരതയുടെ അകത്തളങ്ങള്‍
മനസ്സിന്‍റെ  വിളനിലങ്ങള്‍
നിമിഷങ്ങള്‍ ഉഴവുചാല്‍
സമൂഹം കതിരുകള്‍
ഞാനൊരു ചുമടുതാങ്ങി

                      മൂന്ന് 


ഒരു ഘടികാര സൂചിമേല്‍ തൂങ്ങി
മര്‍ത്യന്‍ പരിവാരമേതുമില്ലാതെ  നിത്യം
മരണച്ചുഴിയുടെ ചുറ്റും വലംവെച്ചു
ഓരോ നിമിഷവും പങ്കിട്ടുനല്‍കി
സ്വാര്‍ത്ഥതകള്‍ എന്നും അന്യര്‍ക്കായി

Monday, 3 December 2012

പ്രകാശം എന്‍റെ വിരുന്നുകാരി


മലര്‍വാടിയിലൊരു  കാലം നിശയുടെ ഗാനം
കരളലിയും  കാതുകളിലവയുടെ നാദം
ഒഴുകിവരും പുഴപോലൊരു തരളിത ഗന്ധം
അവ നല്‍കും ഗാനമതിലൊരോമന രൂപം
തിരിതെളിയും നിശയതില്‍ ചെറിയൊരു പൊട്ടായി
അതുപകരും മനതാരില്‍ ഒരു മധുമാരി 
അതുവളര്‍ന്നു പന്തലിച്ചു മനമതു നിറയെ 
കിളിപാടും പാട്ടുകളത് പിന്നണിയായി 
മാനപേടകള്‍ നൃത്തമാടി കുറുനിരതന്നില്‍ 
ആ പൊന്‍ തിരിനാളമതു  മാത്രമെന്‍ 
പാതയതില്‍ പുഷ്പവിരികള്‍ പാകിമറഞ്ഞു 
ശബ്ദ ഗന്ധ നിറ സമ്മേളിത ദീപം 
മഴവില്ലിന്‍ ഉടയാടയിലസൂയ നിറയ്ക്കും 
ശോഭയെഴും വര്‍ണമുള്ള ദിവ്യ പ്രകാശം 
വരിവരിയായി നൃത്തമാടി നീങ്ങി മറഞ്ഞു 
കാലങ്ങള്‍ തോല്‍ക്കുന്ന ഭാവചിത്രമായി 
അവളെന്നും എനിക്കൊരു അതിഥി മാത്രമോ!
ഇന്നലെയും ഇന്നും അങ്ങനെ തന്നെ 
നാളെയൊരു ഭദ്രദീപ പ്രതിഷ്ടയാകണം....

Thursday, 20 September 2012

നിനക്കായ്‌

ശലഭങ്ങള്‍ വിണ്ണില്‍ വരഞ്ഞൊരു ചിത്രം 
നിന്‍ മിഴികള്‍ മഷിയിട്ടെഴുതിയ പോല്‍ 
മൃദു നിശ്വാസങ്ങള്‍ കുളിര്‍ കാറ്റില്‍ 
ചിരിതൂകി കളിയാടിയ പുലരികളില്‍ 
മൃദു മന്ത്രണത്തിനായി കാതുകള്‍ പരതവേ 
ഒരു ചെറു ചിരിയില്‍ ഒതുങ്ങി നിന്നു നീ 
പുഞ്ചിരിതൂകും പനിനീര്‍ മുകുളമായി നിന്നൂ 
ചെറു തോടുകള്‍ ചില ഏടുകള്‍ താളത്തില്‍ മൂളവേ 
വയല്‍ വരമ്പിലെ കാറ്റുപോലെ നീ തഴുകി 
അകലവേ കാക്കപൂവുകള്‍ കാര്‍മുകിലിനെ പുല്‍കിയ 
സന്ധ്യയില്‍ നിന്നെ തേടി ഞാന്‍ അലഞ്ഞൂ സഖീ 
പറയാതെ പറയും കഥകളില്‍ പലനാളും അലയുക 
പതിവാക്കി നേരം മറന്നും കാലം മറന്നും ഒരു 
മൃദു മന്ത്രണം തേടി അലയവേ 
ഒരുനാളും അകലാതെ അരികത്തായി ചിരിതൂകി 
നില്‍ക്കണം നീ എന്‍ മനസ്സിന് കരുത്തായി 
മറവിക്ക് മരുന്നായി ഇരുളിന് വെളിച്ചമായി 
വിശ്വാസത്തിന്‍റെ  തണലായി അരികത്തണയൂ സഖീ 

Thursday, 30 August 2012

ഓര്‍മയുടെ പടവുകള്‍


ഓടിയോടിയലഞ്ഞു  പലനാളില്‍  പൊന്തയും
കാടും കളങ്ങളും താണ്ടി പലവുരു 
സ്വാര്‍ത്ഥ മന്ത്രങ്ങള്‍ ഉരുവിട്ടുനിന്നു 
പല പാദങ്ങള്‍ പതിഞ്ഞു പദം-
വന്ന കുളത്തിന്‍ പടവില്‍ ഒരുപാട് 
മോഹങ്ങള്‍ ചിറകറ്റുവീണ് പിറന്നൊരു 
പാറകള്‍ കൊത്തി മിനുക്കി പണിത 
പടവുകള്‍ പഴകിയ ഓര്‍മകള്‍ 
കുളിയും ജപവുമായി  ഉള്ളൊരാത്മ ബന്ധം 
ഉറപ്പിച്ച നാളതിന്‍ മുന്നേ ആരോ അറിയാതെ 
പണിതൊരു പടവുകളില്‍ 
ഓളങ്ങളും ചുഴികളും കൈചൂണ്ടി 
കാട്ടിയ മരതക കോട്ടയും കൊട്ടരക്കെട്ടും 
വടവൃക്ഷങ്ങളും വള്ളിപടര്‍പ്പും  ഇമ -
ചിമ്മാതെ നോക്കി നിന്നുപോയി ഒരുനിമിഷം 
ഓരിയിട്ടു  കുറുനരി ഇടവിടാതെന്‍ ബോധ-
മണ്ഡലം തിരികെ വരും വരെ 
പല നിറങ്ങളില്‍ പതഞ്ഞു പൊങ്ങിയ 
വെള്ളത്തില്‍ ഒരുനാളും പഴമതന്‍ 
മുദ്രകള്‍ പതിയാതെ കാത്ത കാലത്തെ 
സ്മരിച്ചു നിന്നൂ ഒരു നിമിഷം 
കണ്ണേറില്‍ നിന്നുമാ തെളിമയെ കാക്കുന്ന 
കണ്മഷിചെപ്പേതെന്ന്‍ തേടിയാല്‍ 
കണ്ടെത്തും ഒരു മുത്തശ്ശന്‍ താന്നിതന്‍ 
സുദൃഡ ഹസ്തം വിരല്‍ചൂണ്ടി നില്‍ക്കുന്നു 
തെളിമയെ പകുക്കുന്ന രേഖയായ് 
ചതുരചെപ്പില്‍ ആ കണികകളെ തളച്ചു നിര്‍ത്തുന്ന 
കെട്ടിലും കാണാം വൈഭവ ചിഹ്നങ്ങള്‍ 
മുത്തുകള്‍ കോര്‍ത്തൊരു മാലപോല്‍ തോന്നിച്ചു 
ശിലാപാളികള്‍ കോണ്ടുള്ളൊരാ   രചന 
രചിച്ച നാളും രചയിതാവിനെയും ഓര്‍ത്തെടുക്കാന്‍ 
ഇന്നിന്‍റെ അറിവുകള്‍ പരിമിതമെന്നുറച്ചു 
തിരികെ പടവുകള്‍ കയറുമ്പോള്‍ മനസ്സിന്‍റെ 
ഉള്ളറയില്‍ ഒരുതുള്ളി നറുതേന്‍ ഉറയുന്ന 
അറിവാല്‍ തിരിഞ്ഞുനിന്നൊന്ന്‍ നമസ്കരിച്ചു 



Friday, 24 August 2012

ജ്വാലകീല

വടക്കിനി ജാലകത്തിലൂടെ
ഞാനാ മലങ്കാവിലേക്ക് നോക്കി .
തിരി കെടാതൊരു വിളക്കിപ്പഴും
കത്തുന്നു നേരം മറന്നും.

അതിരുമാന്തി എത്തിയ
കാവിന്‍റെ അയല്‍ക്കാര്‍
വെരുകിനെപ്പോല്‍
അക്ഷമരായി പായുന്നു.
റബ്ബറിന്‍ കരിയില കൂമ്പാര-
ത്തിനു നടുവില്‍ കെട്ടിയ
കൂടാരത്തില്‍ ഭയമൊഴിഞ്ഞൊരു നേരമില്ല

കാവില്‍ തിരിവെക്കാനെത്തുന്ന
മാനവ ഭീതിയെ ഭയക്കുന്ന ഭീരുക്കള്‍.

അഗ്നി ദേവനാകുന്നു ചിലര്‍ക്ക്
അസ്ത്രമാക്കുന്നു മറ്റു ചിലര്‍.
ഭയമുതിരുന്ന സ്വപ്നമായി മാറുന്നു,
അധര്‍മ്മ ചുഴിയില്‍ അകപ്പെട്ട കൂട്ടര്‍ക്ക്.

ഇതെല്ലം കാണുന്ന കേവലം
നിരീക്ഷകന്‍ ഞാന്‍
പതിവിലും വേഗത്തില്‍
കൊട്ടിയടക്കുന്നു ജനാലകള്‍.


Thursday, 23 August 2012

പുകമറ

മനമുരുകും സന്ധ്യയില്‍ ദീര്‍ഘ-
നിശ്വാസത്തിനു കാതോര്‍ക്കുമ്പോള്‍
നിഘണ്ടുവില്‍ കരുണ തേടി
അലഞ്ഞവനാണ് ഞാന്‍.
പൂക്കള്‍ മാത്രം കണ്ടു.
കരയുന്ന പൂക്കളും ചിരിക്കുന്ന
പൂക്കളും എന്നെ തിരിച്ചറിഞ്ഞില്ല .
എന്നാല്‍ ചിരിച്ചുകൊണ്ട് കരയുന്ന
പൂക്കള്‍ ഒരുനിമിഷം തലകുനിച്ചു.
മൂടല്‍ മഞ്ഞിന്‍റെ വികൃതികള്‍
മാത്രമെന്ന് ഞാന്‍ വിധിയെഴുതി.
പഴി ചാരി പടികള്‍ ഓരോന്നായി
കടന്നു നിര്‍വൃതി തേടി.
നിരാലംബതയെ ചൊടിപ്പിക്കുകയും
ചിരിമയം കലര്‍ത്തുകയും ചെയ്തു .
കടമ്പിന്‍ കൊമ്പില്‍ ചാടിക്കയറിയ
കുരുന്നുപോല്‍ അശ്രദ്ധനായി
അലയാഴിയില്‍ തുഴയുകയായിരുന്നു,
കരതേടി അലയുകയായിരുന്നു.
പങ്കായം വലിച്ചെറിഞ്ഞ് ഞാന്‍
നടുക്കടലില്‍ പകച്ചു നിന്നു.
പിന്നെ എല്ലാം പുകമറയായി
രംഗം അവസാനിച്ചു.





Tuesday, 14 August 2012

ദിനചര്യ


കാലചക്രം ഉരുളുന്നു
കിനാവുകള്‍ പായകള്‍ നെയ്യുന്നു
കുന്നുകള്‍ തോറും പറവകള്‍
കതിരുകള്‍ കൊത്തി പറന്നു
ചേക്കേറും യാമങ്ങള്‍ അരികത്തണഞ്ഞു
ചുണ്ടുകള്‍ വിറച്ചു കതിരുകള്‍ ഊര്‍ന്നു .
 പ്രഭാതം മഷിക്കുപ്പി തുറന്നു
പേനയില്‍ മഷി നിറച്ചു
കൈകള്‍ യന്ത്രങ്ങളായി
നിമിഷങ്ങള്‍ ശരങ്ങളായി
താളുകള്‍ പൂര്‍ത്തിയായി
മഷിക്കുപ്പി മറിഞ്ഞു
താളുകള്‍ വികൃതമായി.തീവണ്ടി ചൂളം വിളിച്ചു
പതിയെ നീങ്ങി തുടങ്ങി
അജ്ഞാതന്‍ അതിവേഗം
ഓടിക്കയറി ചിന്തകള്‍ ഉരച്ചു
തീപ്പൊരി ചിതറി കത്തിയമര്‍ന്നു.