ഓടിയോടിയലഞ്ഞു പലനാളില്‍ പൊന്തയും
കാടും കളങ്ങളും താണ്ടി പലവുരു
സ്വാര്‍ത്ഥ മന്ത്രങ്ങള്‍ ഉരുവിട്ടുനിന്നു
പല പാദങ്ങള്‍ പതിഞ്ഞു പദം-
വന്ന കുളത്തിന്‍ പടവില്‍ ഒരുപാട്
മോഹങ്ങള്‍ ചിറകറ്റുവീണ് പിറന്നൊരു
പാറകള്‍ കൊത്തി മിനുക്കി പണിത
പടവുകള്‍ പഴകിയ ഓര്‍മകള്‍
കുളിയും ജപവുമായി ഉള്ളൊരാത്മ ബന്ധം
ഉറപ്പിച്ച നാളതിന്‍ മുന്നേ ആരോ അറിയാതെ
പണിതൊരു പടവുകളില്‍
ഓളങ്ങളും ചുഴികളും കൈചൂണ്ടി
കാട്ടിയ മരതക കോട്ടയും കൊട്ടരക്കെട്ടും
വടവൃക്ഷങ്ങളും വള്ളിപടര്‍പ്പും ഇമ -
ചിമ്മാതെ നോക്കി നിന്നുപോയി ഒരുനിമിഷം
ഓരിയിട്ടു കുറുനരി ഇടവിടാതെന്‍ ബോധ-
മണ്ഡലം തിരികെ വരും വരെ
പല നിറങ്ങളില്‍ പതഞ്ഞു പൊങ്ങിയ
വെള്ളത്തില്‍ ഒരുനാളും പഴമതന്‍
മുദ്രകള്‍ പതിയാതെ കാത്ത കാലത്തെ
സ്മരിച്ചു നിന്നൂ ഒരു നിമിഷം
കണ്ണേറില്‍ നിന്നുമാ തെളിമയെ കാക്കുന്ന
കണ്മഷിചെപ്പേതെന്ന്‍ തേടിയാല്‍
കണ്ടെത്തും ഒരു മുത്തശ്ശന്‍ താന്നിതന്‍
സുദൃഡ ഹസ്തം വിരല്‍ചൂണ്ടി നില്‍ക്കുന്നു
തെളിമയെ പകുക്കുന്ന രേഖയായ്
ചതുരചെപ്പില്‍ ആ കണികകളെ തളച്ചു നിര്‍ത്തുന്ന
കെട്ടിലും കാണാം വൈഭവ ചിഹ്നങ്ങള്‍
മുത്തുകള്‍ കോര്‍ത്തൊരു മാലപോല്‍ തോന്നിച്ചു
ശിലാപാളികള്‍ കോണ്ടുള്ളൊരാ രചന
രചിച്ച നാളും രചയിതാവിനെയും ഓര്‍ത്തെടുക്കാന്‍
ഇന്നിന്‍റെ അറിവുകള്‍ പരിമിതമെന്നുറച്ചു
തിരികെ പടവുകള്‍ കയറുമ്പോള്‍ മനസ്സിന്‍റെ
ഉള്ളറയില്‍ ഒരുതുള്ളി നറുതേന്‍ ഉറയുന്ന
അറിവാല്‍ തിരിഞ്ഞുനിന്നൊന്ന്‍ നമസ്കരിച്ചു
No comments:
Post a Comment