Thursday, 13 July 2017

വിദ്വേഷം ഗുരുവിനോടും

സർവ്വകലാശാലാ വായനശാലയിലെ അലക്ഷ്യമായ വായനക്കിടെ ഒരു ചായ കുടിക്കാനായി അടുത്തുള്ള ടീഷോപ്പിൽ പോയപ്പോഴാണ് രണ്ടുപേർ വളരെ ഗൗരവമായി എന്തോ ചർച്ചചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു ചർച്ചയെങ്കിലും വിഷയം ശ്രീനാരായണ ഗുരുവാണെന്ന് മനസ്സിലായപ്പോൾ ഒരു ആകാംഷ തോന്നി. അതിനാൽ കൂടുതൽ വ്യക്തമായി കേൾക്കാൻ കഴിയുംവിധം നിന്നു. നൂറ്റാണ്ടുകളായി നമ്മുടെ സാമൂഹിക ഇടങ്ങളിൽ പലപ്പോഴും ചർച്ചചെയ്തു തഴമ്പിച്ച ജാതിവ്യവസ്ഥ തന്നെയായിരുന്നു പ്രമേയമെങ്കിലും നാരായണഗുരുസ്വാമികളെ നിശിതമായി വിമർശിക്കുന്ന ചർച്ചയിലാണ് അവർ ഏർപ്പെട്ടിരിക്കുന്നത് എന്നതിനാൽ ഒരു കൗതുകം തോന്നി.

അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഗുരു പന്തിയിൽ പക്ഷാഭേദം കാണിച്ചുവെന്നതാണ് അവരുടെ ചർച്ചയെ നയിക്കുന്ന കേന്ദ്രബിന്ദു. വിശാലമായ ചിന്താഗതികൾ പ്രത്യക്ഷത്തിൽ അവതരിപ്പിച്ചെങ്കിലും കർമ്മപഥത്തിൽ ഈഴവ കേന്ദ്രീകൃതമായ പ്രവർത്തനത്തിൽ ഒതുങ്ങിക്കൂടിയ വ്യക്തിയാണ് ഗുരുവെന്ന് ഒരാൾ പറഞ്ഞു. കേട്ടിരുന്നയാൾ നിസംശയം അത് അംഗീകരിക്കുകയും ചെയ്തു. കൂടാതെ സാമൂഹികമായി ഈഴവർ വളരെ മുന്നേറിയപ്പോൾ ഇതര ദുർബല വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മുഖ്യധാരയെ നയിച്ചിരുന്ന മുന്നാക്ക  വിഭാഗങ്ങളോട് ആശയപരമായി സമരസപ്പെടുകയും ചെയ്തു എന്നും പറഞ്ഞുവെച്ചു. ചുരുക്കത്തിൽ അധഃസ്ഥിത മുന്നേറ്റത്തിൽ കൂടെയുള്ളവരെ പരിഗണിക്കാതെ പുരോഗതി നേടിയെന്നുമാത്രമല്ല സവർണ്ണചേരിയിൽ ചേർന്ന് ദളിത് മുന്നേറ്റത്തിന് തുരങ്കം വെയ്ക്കുകയും  ചെയ്തുവത്രേ.

ഏതോ ദളിത് പ്രസ്ഥാനത്തിലെ സജീവപ്രവർത്തകരാണ് മേൽപ്പറഞ്ഞ യുവാക്കൾ എന്നത്  അവരുടെ സംഭാഷണത്തിൽ നിന്നും വ്യക്തമായിരുന്നു. പലപ്പോഴും കേൾക്കാറുള്ള ഒരു ആരോപണമാണിത്. ഗുരുവിനെ ഇത്രമാത്രം സങ്കുചിതമായി അവതരിപ്പിക്കാൻ ശ്രമിച്ചത് തീർത്തും നിരാശാജനകമാണ്. സത്യത്തിൽ ഈഴവ നവോത്ഥാനത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ഗുരു മുൻകൈയ്യെടുത്തല്ല സമുദായ പരിഷ്കരണം നടത്തിയത്. അദ്വൈതിയും സന്യാസിയുമായ ഗുരുവിന് ജാതിപരിഷ്കരണം ഒരു ലക്ഷ്യമേ ആവാൻ തരമില്ല. എന്നാൽ ഒരു സമുദായം സ്വയം പരിഷ്കരിക്കപ്പെടാനും അടിച്ചമർത്തലുകളെ പ്രതിരോധിക്കാനും ആത്മവിശ്വാസവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാനും ശ്രമിക്കുന്ന വേളയിൽ സഹായഹസ്തം ഗുരുവിൽനിന്നും ആവശ്യപ്പെടുകയായിരുന്നുവന്നു വേണം കരുതാൻ. ഡോ. പൽപ്പുവും വിവേകാനന്ദസ്വാമികളും തമ്മിൽ നടന്ന സംവാദവും ഇവിടെ പ്രസക്തമാണ്. ആത്മീയമായ നേതൃത്വത്തിന്റെ മൂല്യാധിഷ്ടിതമായ മാർഗ്ഗത്തിലൂടെ സമുദായം പ്രതിസന്ധികൾ തരണം ചെയ്യേണ്ടതിന്റെ അനിവാര്യതയും ആ സംവാദത്തിന്റെ ഉൽപ്പന്നമായിരുന്നു. 

അങ്ങനെയൊരു സാഹചര്യത്തിൽ ശ്രീനാരായണ ഗുരുദേവനിൽ സർവ്വവും സമർപ്പിച്ച് മാർഗ്ഗദർശനം ആരായുമ്പോൾ കർമ്മയോഗിയായ  ഗുരുദേവന് അത് നിരസിക്കാൻ സാധിക്കില്ല. ഭാരതത്തിൽ പരക്കെ നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും ഗുരുവിന്റെ ആശയം വ്യത്യസ്തമായിരുന്നു. വിദ്വേഷം പുരോഗതിക്ക് വിഘ്നം സൃഷ്ടിക്കുമെന്ന് അദ്ദേഹം അനുയായികളെ ബോധ്യപ്പെടുത്തി. ജാതി ബ്രാഹ്മണനെ എതിർക്കുന്ന നിലപാടാണെങ്കിലും ബ്രാഹ്മണ്യം എന്ന ഉന്നതാവസ്ഥയെ അംഗീകരിച്ചു മാത്രമല്ല ഏതു കുലത്തിൽ പിറന്നവർക്കും ആ അവസ്ഥ കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. വൈദികവിധിയിലുള്ള ആചാരസമ്പ്രദയങ്ങളെ കാലാനുസൃതമായി പുനർനിർവചിച്ച് പ്രചരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആ ഒരു വിപ്ലവത്തിന്റെ ലക്ഷ്യപ്രാപ്തിയായിരുന്നു പറവൂർ ശ്രീധരൻ തന്ത്രിയും സൂര്യകാലടി ഭട്ടതിരിയും ഒന്നിച്ചിരുന്ന് വൈദികകർമ്മം ചെയ്യുന്നത്തിലൂടെ നാം കണ്ടത്.

ഒരു വിഭാഗം ജനത്തെ അടിച്ചമർത്താൻ മറ്റൊരു വിഭാഗത്തെ പ്രാപ്തരാക്കിയ ഘടകം തിരിച്ചറിയാൻ ഗുരുവിനുകഴിഞ്ഞു. അടിച്ചമർത്തുന്നവരുടെ അടിച്ചമർത്തലിനെയാണ് ഗുരു എതിർത്തത് മറിച്ച് ആ മനുഷ്യസമൂഹത്തെയല്ല. ബ്രാഹ്മണനെ ശക്തനാക്കിയ ഘടകങ്ങൾ അദ്ദേഹം ഉൾക്കൊണ്ടു എന്നാൽ ആ ശക്തിയെ ദുരുപയോഗം ചെയ്ത ജാതിബ്രഹ്മണ്യത്തെ ശക്തമായി എതിർത്തു. ഋഷിയുടെ വിപ്ലവം അങ്ങനെയാണ് അത് ആപേക്ഷികമല്ല സനാതനമാണ്. ഈഴവ സമൂഹം ഇന്ന് മാന്യമായ സാമൂഹിക സാഹചര്യങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അത് വെറുപ്പും വിദ്വേഷവും കലരാത്ത ഗുരു ദർശനത്തെ പിൻപറ്റിയതുകൊണ്ടാണ്. അതുപോലെതന്നെ ഗുരുദത്തമായ പുരോഗതി ചൂഷകവൃന്ദത്തിൽ ഇടം നേടാനുള്ള ഉപാധിയാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് ആത്മനാശത്തിലേക്കേ നയിക്കുകയുമുള്ളൂ.

തുടക്കത്തിൽ സൂചിപ്പിക്കപ്പെട്ട സുഹൃത്തുക്കൾ വിദ്വേഷത്തെ മൂലധനമാക്കി പുരോഗതി നേടാം എന്ന് അവകാശപ്പെടുന്ന ഏതോ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണ്. കൂടാതെ കഴിഞ്ഞ കാലങ്ങളിൽ ഈഴവരിൽ കൈവന്ന പുരോഗതിയിൽ അസ്വസ്ഥരുമാണ്. നാരായണഗുരുസ്വാമികളെ ഉൾകൊള്ളാൻ കഴിയാത്ത തരത്തിൽ അന്ധകാരം അവരുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്നു. ഹിന്ദു, വേദങ്ങൾ, ബ്രാഹ്മണൻ, ആർഷം മുതലായ സംജ്ഞകളോട് പുലർത്തി വന്നിരുന്ന വിദ്വേഷത്തോടൊപ്പം ശ്രീനാരായണഗുരു  എന്നൊന്നുകൂടി കൂടി ചേർത്ത് വിപുലീകരിച്ചിരിക്കുന്നു. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെക്കുന്നവർ വെറുപ്പിനെ മൂലധനമാക്കാൻ ശ്രമിക്കാതിരിക്കുക. അത്തരത്തിൽ ആശയപ്രചരണം നടത്തി യുവാക്കളെ ആകർഷിച്ചവർ കഷ്ടപ്പെടുന്നവന് കൂടുതൽ കണ്ണുനീർ കൊടുത്ത ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്.